FeaturedHome-bannerInternationalNews

ലോസ് ആഞ്ജലിസിൽ കാട്ടുതീ; രണ്ട് മരണം, മുപ്പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു, അടിയന്തരാവസ്ഥ

ലോസ് ആഞ്ജലിസ്: ഒരേസമയം ശീതക്കാറ്റിലും കാട്ടുതീയിലും വലഞ്ഞ് യു.എസ്. ലോസ് ആഞ്ജലിസിൽ ചൊവ്വാഴ്ചമുതൽ പടരുന്ന കാട്ടുതീയിൽ രണ്ടുപേർ മരിച്ചു. അഗ്നിരക്ഷാസേനാംഗങ്ങളുൾപ്പെടെ ഒട്ടേറെപ്പേർക്ക് ഗുരുതര പൊള്ളലേറ്റു. വീടുകളുൾപ്പെടെ ആയിരത്തിലേറെ കെട്ടിടങ്ങൾ കത്തിനശിച്ചു.

2.2 ലക്ഷം വീടുകളിൽ വൈദ്യുതിനിലച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മുപ്പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. ലോസ് ആഞ്ജലിസ് സ്ഥിതിചെയ്യുന്ന കാലിഫോർണിയ സംസ്ഥാനത്ത് ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഒട്ടേറെ ഹോളിവുഡ് താരങ്ങൾ പാർക്കുന്ന പസഫിക് പാലിസേഡ്സിലാണ് കാട്ടുതീ രൂക്ഷം. വീട്ടുകാരെ ഒഴിപ്പിക്കാനായെന്നും വീടു കത്തിപ്പോയിട്ടുണ്ടാകാമെന്നും ഹോളിവുഡ് നടൻ ജെയിംസ് വുഡ്സ് ‘എക്സി’ൽ കുറിച്ചു.

സാന്റാ മോനിക്ക, മലീബു പട്ടണങ്ങൾക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്സിൽ 5000 ഏക്കറിലേറെ പ്രദേശത്ത് തീപടർന്നു. പസഡേനയ്ക്ക് സമീപവും സാൻ ഫെർണാണ്ടോ വാലിയിലെ സിൽമറിലുമുൾപ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ പിടിച്ചിട്ടുണ്ട്. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീപടരാൻ കാരണം. വരണ്ടകാറ്റിന് സാധ്യതയുള്ളതിനാൽ സ്ഥിതിരൂക്ഷമാകുമെന്ന് ലോസ് ആഞ്ജലിസ് മേയർ കാരെൻ ബാസ് മുന്നറിയിപ്പുനൽകിയിരുന്നു.

അമൂല്യമായ കലാസൃഷ്ടികൾ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമായ ഗെറ്റി വില്ലയ്ക്കുസമീപം മരങ്ങൾ കത്തിവീണു. സമീപത്തെ കുറ്റിക്കാടുതെളിച്ച് തീ ഇവിടേക്കു പടരുന്നത് തടഞ്ഞെന്നും കലാസൃഷ്ടികൾ സുരക്ഷതമാണെന്നും മ്യൂസിയം അധികൃതർ പറഞ്ഞു.

അതേസമയം, ടെക്സസ്, ഒക്‌ലഹോമ, ആർക്കൻസോ എന്നീ സംസ്ഥാനങ്ങളുടെ പലഭാഗങ്ങളിലും ബുധനാഴ്ച രാത്രിമുതൽ ശീതക്കാറ്റും മഞ്ഞുവീഴ്ചയും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുനൽകി. ഉത്തരധ്രുവത്തിൽനിന്നുള്ള തണുത്തകാറ്റ് വെർജീനിയ, ഇൻഡ്യാന, കാൻസസ്, കെന്റക്കി, വാഷിങ്ടൺ തുടങ്ങിയ ഇടങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കിടയാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker