കാട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരി മരിച്ചു; ഒരാൾക്ക് പരിക്ക്
കൊച്ചി: കോതമംഗലം കാട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരി മരിച്ചു. കോതമംഗലം നീണ്ടപ്പാറയിലാണ് സംഭവം. കോതമംഗലത്തെ എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥിനി ആന്മേരി(21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അല്‍ത്താഫിന് പരിക്കേറ്റു.
നീണ്ടപ്പാറ ചെമ്പന്‍കുഴിയില്‍ വച്ചായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന കുത്തിമറിച്ചിട്ട പന വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് ആന്മേരി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം മാറ്റും. പരിക്കേറ്റ യുവാവ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇടുക്കി റോഡിൽ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനു സമീപം വൈകിട്ട് ആറോടെയാണ് അപകടം. ഇടുക്കി ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്കു വരുകയായിരുന്ന ബൈക്കിനു മുകളിലേക്ക് ആന പിഴുതെറിഞ്ഞ പന വീഴുകയായിരുന്നു.
അൽത്താഫ് നിലവിളിച്ചു ബഹളം വച്ചതോടെ സമീപത്തെ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരെത്തി ജീപ്പിൽ ഇരുവരെയും നേര്യമംഗലത്തെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻമേരിയെ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.