കൊല്ലം: ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ തുരങ്കത്തില്‍ കാട്ടാന കയറിയത് പരിഭ്രാന്തി പരത്തി. ഒടുവില്‍ സമീപവാസികള്‍ ബഹളം വച്ച് വിരട്ടിയതോടെ ട്രെയിന്‍ തുരങ്കത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പ് കാട്ടാന പുറത്തു കടന്നു. കൊല്ലം – ചെങ്കോട്ട റെയില്‍വേ പാതയില്‍ ഉറുകുന്ന് ആനപ്പെട്ടകൊങ്കല്‍ ഒന്നാം തുരപ്പില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് സംഭവം.
പാലക്കാട് നിന്നു തിരുനെല്‍വേലിക്കു പോയ പാലരുവി എക്‌സ്പ്രസ് തുരങ്കത്തിന് അര കിലോമീറ്റര്‍ അകലെയെത്തിയപ്പോഴും കാട്ടാന തുരങ്കത്തിനുള്ളിലായിരുന്നു. ഉറുകുന്ന് തുരപ്പിന്‍പുറം പുതുവേലില്‍ വീട്ടില്‍ സുദര്‍ശനന്റെ പുരയിടത്തിലെ വാഴകള്‍ കൂട്ടമായി പിഴുതെടുത്ത് റെയില്‍വേ ട്രാക്കില്‍ തിന്നുകൊണ്ട് നില്‍ക്കവെയാണ് ട്രെയില്‍ പാഞ്ഞടുത്തത്.
വാഴത്തോട്ടം നശിപ്പിച്ച ആനയെ ഓടിച്ചപ്പോള്‍ നേരെ പോയത് തുരങ്കത്തിലേക്കാണ്. ചൂളംവിളിയുമായി ട്രെയിന്‍ എത്തിയപ്പോള്‍ സുദര്‍ശനനും കുടുംബവും സമീപവാസികളും സമീപത്ത് ഉണ്ടായിരുന്നു. ആനപ്പെട്ടകൊങ്കല്‍ ഈസ്റ്റ് ആറുകണ്ണറ പാലത്തിനടുത്തെത്തിയ ട്രെയിന്‍ ചൂളം മുഴക്കിയതോടെ സമീപവാസികള്‍ക്ക് അപകടം മണത്തു.
ഉടന്‍ തന്നെ ആനയെ തുരങ്കത്തില്‍ നിന്നു പുറത്തുകടത്തുന്നതിനായി കൂട്ടത്തോടെ ബഹളം വച്ചു. ട്രെയിന്‍ എത്തുന്നതിനു മിനിറ്റുകള്‍ക്ക് മുന്‍പ് 145 മീറ്റര്‍ ദൂരമുള്ള തുരങ്കത്തിലൂടെ ആന ഓടി മറുവശത്ത് എത്തുകയായിരുന്നു. ഇതോടെ വന്‍ ദുരന്തമാണ് ഒഴിവായത്.
പശ്ചിമഘട്ടം ആയതിനാല്‍ ഇവിടെ 40 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ ഓടിയിരുന്നത്. ഇടമണ്‍ മുതല്‍ തമിഴ്‌നാട് അതിര്‍ത്തിയായ കോട്ടവാസല്‍ വരെ കാട്ടാനക്കൂട്ടവും മറ്റു കാട്ടുമൃഗങ്ങളും റെയില്‍വേ ട്രാക്ക് വഴി കടന്നു പോകുന്ന പതിവുണ്ട്. എന്നാല്‍ ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുന്‍പ് കാട്ടാന തുരങ്കത്തിനു ഉള്ളില്‍പ്പെട്ടുപോയ സംഭവം ഇത് ആദ്യമായാണ്.