തൃശ്ശൂര്‍: പാലപ്പിള്ളിയില്‍ മാലിന്യകുഴിയില്‍ വീണ കാട്ടാന ചരിഞ്ഞു. തിരികെ കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ആന ചരിഞ്ഞത്. തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍നിന്ന് ഡോക്ടര്‍മാരടങ്ങുന്ന സംഘം എത്തിയാണ് കാട്ടാന ചരിഞ്ഞതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
എലിക്കോട് റാഫി എന്നയാളുടെ കക്കൂസ് കുഴിയിലാണ് കാട്ടാന വീണത്. രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത് കണ്ടത്. ആനയുടെ പിന്‍കാലുകള്‍ പൂര്‍ണമായും മണ്ണിന് അടിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. രാവിലെ കുഴിയില്‍ വീണുകിടക്കുന്ന കാട്ടാനയ്ക്ക് സമീപം കാട്ടാനക്കൂട്ടവുമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാനക്കൂട്ടത്തെ തുരത്തിയതിന് ശേഷമാണ് കാട്ടാനയെ തിരികെ കയറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.
വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ജെ.സി.ബി എത്തിച്ച് കുഴി വലുതാക്കിയ ശേഷം ആനയ്ക്ക് കയറി പോകാനുളള വഴിയൊരുക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. എന്നാല്‍, ഇത് ഫലം കാണുന്നതിന് മുന്‍പ് കാട്ടാന ചരിയുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വനമേഖലയില്‍ ആനയുടെ ജഡം സംസ്‌കരിക്കും.