കാട്ടുപന്നിയുടെ ആക്രമണം, കണ്ണൂരിൽ കർഷകന് ദാരുണാന്ത്യം

തലശ്ശേരി: കണ്ണൂര്‍ പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ടു. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ഇന്ധിരഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂര്‍. വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോള്‍ വന്യജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.
2025-ല്‍ ഇതുവരെ വന്യജീവി ആക്രമണത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായാതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടായുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ആറളം മേഖലയിലാണ് ഏറ്റവും ഒടുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്.