NationalNews

ട്രംപിന്‍റെ 'കൈവിലങ്ങി'ൽ മോദിയെ പരിഹസിച്ച കാർട്ടൂൺ, വികടനെ വിലക്കിയതിൽ വ്യാപക പ്രതിഷേധം; ഫാസിസമെന്ന് സ്റ്റാലിൻ

ചെന്നൈ: പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കാർട്ടൂണിന്‍റെ പേരിൽ തമിഴ് വാരിക വികടനെ വിലക്കിയ നടപടിയിൽ വ്യാപക പ്രതിഷേധം. ബി ജെ പിയുടെ ഫാസിസത്തിന്‍റെ ഉദാഹരണമാണ് സംഭവമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്ര നടപടിയെ വിശേഷിപ്പിച്ചത്. അഭിപ്രായസ്വാതന്ത്യം വിലക്കുന്നത് ഭരണഘടനാ ലംഘനം ആണെന്ന് ടി വി കെ അധ്യക്ഷൻ വിജയ് പറഞ്ഞു.

അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ കൈവിലങ്ങിട്ട് നാടുകടത്തിയ സംഭവം യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ‘കൈവിലങ്ങ്’ പരിഹസിച്ചുള്ള കാർട്ടൂൺ വികടൻ വാരിക പ്രസിദ്ധീകരിച്ചത്.

ട്രംപിന്‍റെ അടുത്ത് കൈവിലങ്ങുകൾ ധരിച്ച് മോദി മിണ്ടാതെ ഇരിക്കുന്ന കാർട്ടൂൺ വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. ഇത് എക്സിൽ പങ്കുവച്ച ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ വാരികയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ വികടന്‍റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടെങ്കിലും എന്ത് കൊണ്ട് നടപടിയെന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

അഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ മാധ്യമങ്ങളെ വിലക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്രസർക്കാരിനെ വിമർശിച്ചു. മാധ്യമങ്ങിലെ ഉള്ളടക്കം തെറ്റെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ഏത് സർക്കാരിന്‍റെയും ഫാസിസ്റ്റ് സമീപനത്തെ എതിർക്കുമെന്നും ടി വി കെ പ്രസിഡന്‍റ് വിജയ് അഭിപ്രായപ്പെട്ടു.

വിവാദ കാർട്ടൂൺ സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ച് ചെന്നൈ പ്രസ് ക്ലബ് വികടന് പിന്തുണ അറിയിച്ചപ്പോൾ, കോയമ്പത്തൂർ പ്രസ് ക്ലബ്ബും കേരള കാർട്ടൂൺ അക്കാഡമിയും വാരികയ്ക്കെതിരായ നടപടിയെ അപലപിച്ചു. മോദിയെ പരിഹസിക്കുന്നത് രാജ്യത്തെ കളിയാക്കുന്നതിന് തുല്യമാണെന്ന് തമിഴ്നാട്ടിലെ വിവിധ ബി ജെ പി നേതാക്കളുടെ പ്രതികരണം. മിക്ക ബ്രൗസറുകളിലും ഫോണിലും വികടൻ വെബ്സൈറ്റ് ഇപ്പോൾ ലഭ്യമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുള്ള മുഖചിത്രം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രമുഖ തമിഴ് വാരിക വികടന്റെ വെബ് സൈറ്റ് ബ്ലോക്ക് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ കേരള കാർട്ടൂൺ അക്കാദമി ശക്തമായി അപലപിക്കുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് അപവാദമാണ് കേന്ദ്രസർക്കാരിന്റെ നടപടിയെന്ന് കേരള കാർട്ടൂൺ അക്കാദമി വിലയിരുത്തുന്നു. വിമർശന കലയായ കാർട്ടൂണിനെ ഒടുവിൽ നടന്ന ഡൽഹി തിരഞ്ഞെടുപ്പിൽ പോലും ശക്തമായ രീതിയിൽ ഉപയോഗിച്ച പാർട്ടിയാണ് ബിജെപി.

അതേ പാർട്ടി ഭരിക്കുന്ന കേന്ദ്രസർക്കാർ വിമർശന കലയായ കാർട്ടൂണിന് വിലക്ക് ഏർപ്പെടുത്തുന്ന നടപടി ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കുന്നതല്ല. കാര്‍ട്ടൂണ്‍ മുഖചിത്രമായി പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ ബിജെപി തമിഴ്‌നാട് ഘടകം കേന്ദ്രമന്ത്രി എല്‍ മുരുഗന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വെബ് സൈറ്റ് കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. കേന്ദ്രസർക്കാരിന്റെ അപക്വമായ നിലപാടിനെ കേരള കാർട്ടൂൺ അക്കാദമി ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker