ദുൽഖറിനും പ്രണവിനും ലഭിക്കുന്ന വലിയ ഓപ്പണിംഗ് എന്തുകൊണ്ടില്ല? ഗോകുൽ സുരേഷിന്റെ മറുപടി
കൊച്ചി:മലയാളത്തിന്റെ താര രാജാക്കന്മാരായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മക്കൾ മലയാള സിനിമയിൽ തങ്ങളുടേതായ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. പ്രണവ് മോഹൻലാലിനും ദുൽഖർ സൽമാനും സിനിമയിൽ സജീവമായി തുടങ്ങിയ സമയത്ത് തന്നെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. അതേ സമയം സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷിന് പ്രണവിനും ദുൽഖറിനും ലഭിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല.
ഇപ്പോൾ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ഗോകുൽ. ഗോകുൽ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ഗഗനചാരിയുടെ തമിഴ്നാട്ടിലെ പ്രൊമോഷന് വേണ്ടി എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് ഗോകുൽ ഇക്കാര്യം പറയുന്നത്. മലയാളത്തിന്റെ ഏറ്റവും വലിയ മൂന്ന് താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും.
സൂപ്പർ താരങ്ങളുടെ മക്കൾ സിനിമയിൽ വരുമ്പോൾ അവരുടെ ചിത്രങ്ങൾക്ക് ലഭിക്കുന്ന ഒരു വലിയ ഓപ്പണിംഗ് ഉണ്ട്. ദുൽഖറിനും പ്രണവിനും അത് ലഭിക്കുന്നുണ്ട്. ഗോകുൽ സുരേഷിന് നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല, എന്തുകൊണ്ട് എന്നായിരുന്നു ചോദ്യം. ഗോകുൽ ഈ ചോദ്യത്തിന് മറുപടി പറയുന്നുണ്ട്.
അത് സംസാരിക്കണമെങ്കിൽ അതിൽ രാഷ്ട്രീയമടക്കമുള്ള പല കാര്യങ്ങളും കടന്നുവരും. അവർ ( ദുൽഖറും പ്രണവും) അത് എളുപ്പം സാധിച്ചെടുത്തത് എന്ന് എനിക്ക് പറയാൻ പറ്റില്ല. അവരുടെ കഥ എനിക്കറിയില്ല. ഡി ക്യു ഇക്കയെ സംബന്ധിച്ച് നന്നേ ചെറുപ്പത്തിൽ തന്നെ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നിരിക്കാം.
പക്ഷേ അത് സാധിക്കാൻ അദ്ദേഹത്തിന് എത്രത്തോളം പരിശ്രമിക്കേണ്ടി വന്നെന്ന് നമുക്ക് അറിയില്ല. ഇപ്പോൾ അദ്ദേഹം എത്തിനിൽക്കുന്ന താരമൂല്യത്തെ നമുക്ക് ജഡ്ജ് ചെയ്യാൻ കഴിയില്ല. കാരണം അദ്ദേഹം നടത്തിയ യാത്ര നമുക്കറിയില്ല, ഗോകുൽ പറയുന്നു. അദ്ദേഹം വ്യക്തിപരമായി ചിലതൊക്കെ പറഞ്ഞിട്ടുള്ളത് എനിക്ക് അറിയാം. അതിൽ ചില കഷ്ടപ്പാടുകളുടെ ഒക്കെ കഥയുണ്ട്. പ്രിവിലേജ് ഉള്ള ഒരാൾ ആയത് കാെണ്ട് മാത്രം സിനിമ അയാൾക്ക് എളുപ്പമാകുന്നതല്ല എന്നും ഗോകുൽ പറഞ്ഞു.
പ്രണവ് മോഹൻലാലിനെക്കുറിച്ച് ഗോകുൽ പറയുന്നത് ഇങ്ങനെയാണ്. ” അപ്പുച്ചേട്ടനെക്കുറിച്ച് നമ്മൾ കേട്ടിരിക്കുന്നത് അദ്ദേഹത്തിന് സിനിമയിൽ നിൽക്കാൻ വലിയ താല്പര്യം ഇല്ലാത്ത ആളാണെന്നാണ്. പക്ഷേ അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കുന്നു. അവസരം ലഭിക്കാത്തവർ അദ്ദേഹത്തെ ഭാഗ്യവാൻ എന്നായിരിക്കാം കരുതുക. പക്ഷേ സ്വയം വെളിപ്പെടുത്താൻ താല്പര്യം ഇല്ലാത്ത ഒരാൾക്ക് സിനിമയിൽ അവസരം ലഭിക്കുമ്പോൾ അത് ഭാഗ്യമായി അയാൾ കരുതില്ല, ഗോകുൽ പറഞ്ഞു.
നിങ്ങൾക്ക് എന്താണോ ഉള്ളത് അതിൽ തൃപ്തിപ്പെടുകയും കൂടുതൽ നേടാനാവുമെന്ന് എപ്പോഴും വിശ്വസിക്കുകയുമാണ് വേണ്ടത്. സൃഷിക്കുന്ന കണ്ടന്റിനോട് നിങ്ങൾക്ക് സത്യസന്ധത ഉണ്ടെങ്കിൽ അത് നിങ്ങളെ പലിടങ്ങളിലും എത്തിക്കും, അത് ചിലപ്പോൾ പതുക്കെയാവും സംഭവിക്കുക. സ്ലോ ആയി പോകുന്നത് പ്രശ്നമല്ലാത്ത ആളാണ് ഞാൻ. ഞാൻ എത്തണമെന്ന് മറ്റുള്ളവർ പ്രതീക്ഷിക്കുന്ന ഉയരത്തിലേക്ക് എത്താനായില്ലെങ്കിൽ എനിക്ക് പ്രശ്നമൊന്നുമല്ല, ഗോകുൽ പറയുന്നു.