മുംബൈ:ഓരോ വ്യക്തിയ്ക്കും അവരുടെ പങ്കാളിയെ സംബന്ധിച്ച് ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ടാകുന്നത് സ്വാഭാവികം. റിലേഷന്‍ഷിപ് കോച്ചെന്ന് പരിചയപ്പെടുത്തുന്ന ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവിന്റെ അഭിപ്രായപ്രകടമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ലോകത്ത് ശ്രദ്ധയാകുന്നത്. ഇന്ത്യക്കാരായ പുരുഷന്‍മാരുമായുള്ള ഡേറ്റില്‍ തനിക്ക് തനിക്ക് താത്പര്യമില്ലെന്നാണ് ചേതന ചക്രവര്‍ത്തി എന്ന ഈ യുവതി പറയുന്നത്. അതിനുള്ള കാരണങ്ങളും ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ അവര്‍ വ്യക്തമാക്കുന്നുണ്ട്. പലതരത്തിലുള്ള പ്രതികരണങ്ങള്‍ക്കാണ് വീഡിയോ വഴിയൊരുക്കിയിരിക്കുന്നത്. യുവതിയുടെ അഭിപ്രായത്തെ അംഗീകരിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.
ചേതന ചക്രവര്‍ത്തിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ ബയോയില്‍ റിലേഷന്‍ഷിപ് ആന്‍ഡ് ലൈഫ് കോച്ച് എന്നാണ് ചേര്‍ത്തിരിക്കുന്നത്. “കുമ്പസാരത്തിനുള്ള സമയം, ഏകാകികളായ എന്റെ കക്ഷികള്‍ പ്രണയം കണ്ടെത്തുകയും ഡേറ്റിങ്ങിന്റെ ഉന്മത്തമായ ലോകത്ത് സഞ്ചരിക്കുകയും ചെയ്യുന്നതിനുകാരണം ഞാനാണ്, എന്റെ കരുനീക്കങ്ങളാണ്”, ചേതന കുറിച്ചിരിക്കുന്നു. തന്റെ അക്കൗണ്ടിലൂടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും തന്റെ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ കക്ഷികള്‍ക്കോ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുകയില്ലെന്നും അവര്‍ പറയുന്നു.
ഇന്ത്യക്കാരായ പുരുഷന്‍മാരെ ഡേറ്റ് ചെയ്യാന്‍ താനൊരുതരത്തിലും ഉദ്ദേശിക്കുന്നില്ലെന്നും അതിനുള്ള മൂന്ന് കാരണങ്ങളും ചേതന വിശദീകരിക്കുന്നു. ഒന്നാമത്തെ കാരണമിതാണ്. ദുര്‍ഘടമായ സംവാദങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ പഠിച്ചിട്ടില്ല. ഒരു പോയന്റ് വാദിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അവര്‍ നിശബ്ദരാകും, തുടര്‍ന്ന സ്ത്രീകളെ തലക്കനമുള്ളവരെന്നും വഴക്കാളികളെന്നും മുദ്ര കുത്തും. അവര്‍ ഈഗോയിസ്റ്റിക്കാവും.
രണ്ടാമത്തെ കാരണം, റൊമാന്‍സ് എന്താണെന്ന് അവര്‍ക്കറിയില്ല. മാസത്തിലൊരുതവണ പങ്കാളിയെ പുറത്തുകൂട്ടിപ്പോയി ഡിന്നര്‍ കഴിക്കുന്നതാണ് റൊമാന്‍സ് എന്നാണ് അവരുടെ ധാരണ. ഓരോ ദിവസവും സ്‌നേഹവും പരിഗണനയും പ്രകടമാക്കുന്ന ചെറിയചെറിയ സംഗതികളാണ് സ്ത്രീകള്‍ക്കാവശ്യമെന്ന് അവര്‍ മനസ്സിലാക്കുകയേയില്ല. വലിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്നതിലല്ല കാര്യം.
മൂന്നാമത്തേത്, അവര്‍ക്ക് വീടിനെ എത്തരത്തിലാണ് പരിപാലിക്കേണ്ടതെന്നറിയില്ല. വീട്ടിലെ കാര്യങ്ങള്‍ തുല്യമായി പങ്കുവെക്കുക എന്നതല്ല കാര്യം. മറിച്ച് പങ്കാളിയോട് അനുകമ്പ തോന്നി ചെയ്യേണ്ടതല്ല ഇതൊന്നും. സ്വന്തം വീടാണ് അപ്പോള്‍ ആ വീട്ടിലെ കാര്യങ്ങള്‍ താന്‍ ചെയ്യേണ്ടതാണ് എന്ന ബോധമുണ്ടാകുകയാണ് വേണ്ടത്, ചേതന പറയുന്നു.