KeralaNews

ഏത് വേനലിലും വെള്ളവും തീറ്റയും ലഭിക്കും;മേദകാനത്ത് അരിക്കൊമ്പനെ കാത്തിരിക്കുന്നത് പുൽമേടുകൾ; ആന ആരോഗ്യവാൻ

ഇടുക്കി: ചിന്നക്കനാലിൽ ഭീതി പടർത്തിയിരുന്ന അരിക്കൊമ്പൻ ഇനി പെരിയാർ ടൈഗർ റിസർവിലെ പുൽമേടുകളിൽ വിഹരിക്കും. മേദകാനത്തിന് സമീപത്തെ സീനിയറോടയിലാണ് വനംവകുപ്പ് അരികൊമ്പനെ തുറന്ന് വിട്ടത്. ഏത് വേനലിലും വെള്ളവും തീറ്റയും ലഭിക്കുന്ന പ്രദേശത്താണ് ആനയെ തുറന്ന് വിട്ടത് എന്നതിനാൽ കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങില്ലെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. ആനയ്ക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പെരിയാർ കടുവാ സങ്കേതം അസിസ്റ്റന്‍റ് ഫീൽഡ് ഡയറക്ടർ ഷുഹൈബ് വ്യക്തമാക്കി.

ഇന്നലെ വൈകീട്ട് ചിന്നക്കനാലിൽ നിന്നുംകൊണ്ട് വന്ന ആനയെ പുലർച്ചെ നാലോടെയാണ് മേദകാനത്ത് തുറന്നുവിട്ടത്. ഇവിടെ നിന്നും ആന ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് കയറിപ്പോയിട്ടുണ്ട്. റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. ആന ആരോഗ്യവാനാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. മുറിവുകൾ പ്രശ്നമുള്ളതല്ലെന്നാണ് വിലയിരുത്തൽ.


മേദകാനത്ത് എത്തിച്ച ആനയെ വാഹനത്തിൽ നിന്നും തിരികെ ഇറക്കാൻ കുങ്കിയാനകൾ ഉണ്ടായിരുന്നില്ല. എന്നിട്ടും യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ല. മഴ കാരണം ഉൾവനത്തിലേക്കുള്ള റോഡ് മോശമായിരുന്നു. അതുകൊണ്ട് തന്നെ ദൗത്യത്തിന് കൂടുതൽ സമയമെടുത്തു. സ്ഥലത്ത് എത്തിയപ്പോഴേക്കും ആനയുടെ മയക്കം വിട്ട് തുടങ്ങിയിരുന്നു. കയറുകളും പുറകുഭാഗത്തെ തടികളും അഴിച്ചുമാറ്റിയശേഷം ആന്‍റി ഡോസ് കൊടുക്കുകയായിരുന്നു. അൽപ്പ സമയം കഴിഞ്ഞതോടെ ആന ലോറിയിൽ നിന്ന് തനിയെ ഇറങ്ങി. ഇതോടെ ആകാശത്തേക്ക് വെടിയുതിർത്ത് ഉൾവനത്തിലേക്ക് കയറ്റിവിടുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പെരിയാർ ടൈഗർ റിസർവിലെ 300 ഏക്കറിലധികം വരുന്ന പുൽമേട്ടിലേക്കാണ് ചിന്നകനാലിൽ നിന്ന് അരിക്കൊമ്പനെ എത്തിച്ചിരിക്കുന്നത്. വെള്ളവും തീറ്റയും എപ്പോഴും ലഭിക്കുമെന്നതാണു സീനിയറോട തിരഞ്ഞെടുക്കാൻ പ്രധാന കാരണം. കടുത്ത വേനലിൽ പോലും വെള്ളം ലഭിക്കുന്ന മേദകാനം, സീനിയറോട, മുല്ലക്കുടി, താന്നിക്കുടി ഉൾവനങ്ങളുടെ സവിശേഷത് മുളങ്കാട്, ഈറ്റക്കാനം, ഇടതൂർന്നു നിൽക്കുന്ന പച്ചപ്പുല്ല് എന്നിവയാണ്.

മിക്കപ്പോഴും ആനകളെ കൂട്ടമായി കാണുന്ന പ്രദേശം കൂടിയാണ് അരിക്കൊമ്പനെ തുറന്നുവിട്ട വനമേഖല. ഇവയുമായി അരിക്കൊമ്പൻ ചങ്ങാത്തത്തിലായാൽ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ ഇടയില്ലെന്നും വനംവകുപ്പ് കണക്കുകൂട്ടുന്നു. മുല്ലക്കുടിയിലും മേദകാനത്തും ഫോറസ്റ്റ് സ്റ്റേഷനുകൾ ഉള്ളതിനാൽ ആനയുടെ നീക്കം കൃത്യമായി നിരീക്ഷിക്കുകയും ചെയ്യാം. അരിക്കൊമ്പന്‍ സാധാരണ ജീവിതത്തിലേക്ക് എത്തുംവരെ നിരീക്ഷിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രനും പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker