KeralaNews

സംസ്ഥാനത്ത് അടിയ്ക്കടി വാഹനങ്ങള്‍ തീപിടിയ്ക്കുന്നത് എന്തുകൊണ്ട്‌?കാരണങ്ങള്‍ കണ്ടുപിടിച്ച് സാങ്കേതിക സമിതി

തിരുവനന്തപുരം:വാഹനങ്ങള്‍ തീപിടിക്കുന്നതിനു മൂന്നു കാരണങ്ങളുണ്ടെന്ന് ഇതേക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതികസമിതിയുടെ പ്രാഥമിക കണ്ടെത്തല്‍. വാഹനങ്ങളില്‍ രൂപമാറ്റംവരുത്തല്‍, ഇന്ധനം ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകല്‍, പ്രാണികളുടെ ഇന്ധനക്കുഴല്‍ തുരക്കല്‍ എന്നിവയാണവ.

ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താനായി അപകടം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ 26, 27, 28 തീയതികളിലാണ് പരിശോധന. റോഡുസുരക്ഷാ കമ്മിഷണറും സമിതിയുടെ അധ്യക്ഷനുമായ എസ്. ശ്രീജിത്തിന്റെ സാന്നിധ്യത്തില്‍ ആലപ്പുഴയില്‍ ചേര്‍ന്ന ആദ്യ യോഗത്തിലാണു തീരുമാനം.

കുറഞ്ഞവിലയുള്ള വാഹനങ്ങളില്‍ കൂടുതല്‍ വിലയുള്ള വാഹനങ്ങളുടെ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് തീപ്പിടിത്തത്തിനു കാരണമാണ്. ഇതേക്കുറിച്ച് എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസറെ നിയമിച്ചു ബോധവത്കരണം നടത്തും. വിലകുറച്ച് ഇന്ധനം കിട്ടുന്ന സ്ഥലങ്ങളില്‍നിന്ന് അവ കൂടുതല്‍ ശേഖരിച്ച് വാഹനങ്ങളില്‍ കൊണ്ടുപോകുന്നതു നിര്‍ത്തണം. രൂപമാറ്റം നടത്തുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ അനുകൂലമായ കോടതിവിധി നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും സമിതി വ്യക്തമാക്കി.

പെട്രോളിലെ എഥനോളിനെ ആകര്‍ഷിക്കുന്ന ഒരുതരം ചെറുപ്രാണിയാണ് തീപ്പിടിത്തത്തിനു മറ്റൊരു കാരണമായി പറയുന്നത്. ഇന്ധനംകുടിക്കുന്നതിനായി ഇവ കുഴല്‍ തുരക്കുന്നുവെന്നാണു നിഗമനം. ഇതേക്കുറിച്ച് ശാസ്ത്രീയപഠനം നടത്തും. അതിനുശേഷമാകും റിപ്പോര്‍ട്ട് നല്‍കുക. രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഫൊറന്‍സിക് വിഭാഗത്തിലെ ഡോ. എസ്.പി. സുനില്‍, സാങ്കേതിക വിദഗ്ധന്‍ ഡോ. കെ.ജെ. രമേശ്, ഡോ. മനോജ്കുമാര്‍, ഡോ. കമല്‍ കൃഷ്ണന്‍, ട്രാഫിക് ഐ.ജി., അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്നിവരുമടങ്ങിയതാണ് സമിതി.

സംസ്ഥാനത്ത് മൂന്നുവര്‍ഷത്തിനിടെ 207 വാഹനങ്ങള്‍ക്കു തീപിടിച്ചതായാണ് സമിതിയുടെ ഏകദേശകണക്ക്. അതില്‍ ആറുപേര്‍ മരിച്ചു. നാലുപേര്‍ക്കു പരിക്കേറ്റു. പെട്രോള്‍ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടവയിലധികവും. വൈദ്യുത വാഹനങ്ങളുടെ തീപ്പിടിത്തവും സമിതി പഠിക്കും.

നിയമലംഘനങ്ങള്‍ തുടര്‍ച്ചയായി നടത്തുന്ന വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്താനും നിയമം പാലിക്കുന്നവരുടെ പ്രീമിയം കുറയ്ക്കാനും കമ്പനികളോട് ആവശ്യപ്പെടുമെന്ന് റോഡുസുരക്ഷാ കമ്മീഷണര്‍ എസ്. ശ്രീജിത്ത് പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാന്‍ കമ്പനികള്‍ കയ്യാറാകരുത്. അത്തരം കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും നടപടിയെടുക്കും- അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker