തിരുവനന്തപുരം: ”എല്ലാവര്‍ക്കും വേണ്ടത് പണം, ഇവിടെ സ്‌നേഹത്തിന് യാതൊരുവിലയുമില്ല’, ജീവനൊടുക്കിയ യുവ ഡോക്ടര്‍ ഷഹനയുടെ നൊമ്പരപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പിലെ വരികളാണിത്. സ്ത്രീധനത്തിന്റെ പേരില്‍ ഇഷ്ടവിവാഹത്തില്‍നിന്ന് സുഹൃത്തായ ഡോ. ഇ.എ. റുവൈസ് പിന്മാറിയപ്പോള്‍ ഷഹന ഒ.പി. ടിക്കറ്റില്‍ കുറിച്ചത്. യുവഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഏറെ നിര്‍ണായകമായ തെളിവും ഈ ആത്മഹത്യാക്കുറിപ്പാണ്.
ആശുപത്രിയിലെ ഒ.പി. ടിക്കറ്റിലാണ് ഷഹന തന്റെ അവസാനവാക്കുകള്‍ കുറിച്ചിട്ടിരുന്നതെന്നാണ് പോലീസ് കേന്ദ്രങ്ങളില്‍നിന്നുള്ളവിവരം. എല്ലാവര്‍ക്കും വേണ്ടത് പണമാണ്, അവര്‍ക്ക് എന്തിനാണ് ഇത്രയും സ്വത്ത്? പുതിയ ജനറേഷനും ഇങ്ങനെയായിപ്പോയല്ലോ, ഇവിടെ സ്‌നേഹത്തിന് യാതൊരുവിലയുമില്ല’ തുടങ്ങിയ വരികളാണ് കുറിപ്പിലുണ്ടായിരുന്നതെന്നും പോലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രിയാണ് ഷഹനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്‌ളാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്ളാറ്റില്‍ ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
രാത്രി സര്‍ജറി ഐ.സി.യു.വില്‍ ഡ്യൂട്ടിക്ക് വരേണ്ട ഷഹന എത്താത്തതിനാല്‍ സഹപാഠികള്‍ അന്വേഷിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിളിച്ച് മുറിതുറന്നതോടെയാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചാണ് ഡോക്ടര്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ഷഹനയെ വിവാഹം കഴിക്കാനായി റുവൈസാണ് സമ്മര്‍ദം ചെലുത്തിയതെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിസംഘടന പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ സജീവമായ റുവൈസിനെക്കുറിച്ച് ഷഹനയ്ക്ക് നല്ല മതിപ്പായിരുന്നുവെന്നും സഹോദരന്‍ പ്രതികരിച്ചിരുന്നു.
എന്നാല്‍, വിവാഹം ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോള്‍ ഉയര്‍ന്ന സ്ത്രീധനമാണ് റുവൈസും കുടുംബവും ആവശ്യപ്പെട്ടതെന്നും 150 പവനും 15 ഏക്കറും ബി.എം.ഡബ്യൂ. കാറുമാണ് ഇവര്‍ ചോദിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്ന് ഡോ. റുവൈസിനെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റുവൈസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘തന്റെ ഭാഗത്തുനിന്ന് ആരെങ്കിലും എപ്പോഴെങ്കിലും എല്ലാവിശേഷങ്ങളും കേള്‍ക്കും’ എന്നായിരുന്നു ഇയാളുടെ വാക്കുകള്‍. ഷഹനയുടെ മരണത്തിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളും കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളും പ്രതിയെ ഏറെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ടെന്നും ഇയാളുടെ പ്രതികരണത്തില്‍നിന്ന് വ്യക്തമായിരുന്നു.