‘മറ്റ് പല നടിമാരും ഇതുതന്നെ ചെയ്യുമ്പോൾ എന്നെ മാത്രം എന്തിന് ലക്ഷ്യമിടുന്നു?’ ആരാധ്യ ദേവി

കൊച്ചി: സാരിയിലുള്ള ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ മോഡലാണ് ശ്രീലക്ഷ്മി സതീഷ്. ബോളിവുഡ് താരം രാംഗോപാല്‍ വര്‍മയുടെ ‘സാരി’ എന്ന പേരിലുള്ള ചിത്രത്തിലേക്ക് നായികയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രീലക്ഷ്മി ശ്രദ്ധിക്കപ്പെട്ടു. ശ്രീലക്ഷ്മിക്ക് ആരാധ്യ ദേവി എന്ന പുതിയ പേരും രാംഗോപാല്‍ വര്‍മ നല്‍കി. റിലീസിനൊരുങ്ങുന്ന സാരിയുടെ പ്രൊമോഷനായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആരാധ്യ കേരളത്തിലെത്തിയിരുന്നു.
അന്ന് സാരി ഗ്ലാമറസായി ധരിച്ചാണ് ആരാധ്യ പ്രൊമോഷനെത്തിയത്. ഇതിന് പിന്നാലെ നടിക്കെതിരെ നിരവധി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പൊതുവേദിയില്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്ന രീതിയില്‍ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതിനെല്ലാം മറുപടി നല്‍കുകയാണ് ആരാധ്യ.
ഇത് തന്റെ ജീവിതമാണെന്നും തന്റെ ബോധ്യങ്ങളേയും ശരികളേയുമാണ് താന്‍ പിന്തുടരുകയെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അവര്‍ പറയുന്നു. മറ്റ് പല നടിമാരും ഇതു തന്നെ ചെയ്യുമ്പോള്‍ തന്നെ മാത്രം ലക്ഷ്യം വെയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അവര്‍ കുറിച്ചു. നെഗറ്റീവ് കമന്റുകള്‍ കാരണം തന്റെ ബോധ്യങ്ങള്‍ മാറില്ലെന്നും ആരാധ്യ വ്യക്തമാക്കുന്നു.
‘സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതിനും അഭിമുഖങ്ങളില്‍ ഞാന്‍ ധരിക്കുന്ന വേഷത്തിന്റെ പേരിലും എന്നെ നെഗറ്റീവ് കമന്റുകളിലൂടെ ട്രോളുകയാണ്. മറ്റ് പല നടിമാരും ഇതു തന്നെ ചെയ്യുമ്പോള്‍ എന്നെ ലക്ഷ്യംവെയ്ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇത്തരം വേഷങ്ങള്‍ ധരിക്കില്ലെന്ന് ഞാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു എന്നത് സത്യം തന്നെയാണ്. പക്ഷേ അത് ഞാന്‍ സിനിമാ ക്യാമറയെ ഫോക്കസ് ചെയ്യുന്നതിനും സിനിമ എന്താണെന്ന് മനസിലാക്കുന്നതിനും മുമ്പായിരുന്നു.
ഏതൊരു മനുഷ്യനേയുംപോലെ പുതിയ വീക്ഷണ കോണുകളിലൂടെയും എന്റെ കരിയറിന്റെ ആവശ്യകത കാരണവും എന്റെ കാഴ്ച്ചപ്പാടുകള്‍ മാറും. അത് ഇരട്ടത്താപ്പല്ല. മറിച്ച് പരിവര്‍ത്തനം സംഭവിക്കുന്നതാണ്. സാരി സിനിമ വന്നപ്പോള്‍ എന്നെ ആകര്‍ഷിച്ചത് കഥയും കഥാപാത്രവുമാണ്. തിരക്കഥ വായിച്ചപ്പോള്‍ ഈ കഥയില്‍ ഗ്ലാമര്‍ പ്രധാനപ്പെട്ടതാണെന്ന് എനിക്ക് മനസിലായി. നടിയാകാന്‍ തീരുമാനിച്ചാല്‍ എനിക്ക് വ്യത്യസ്തമായ സാഹചര്യങ്ങളിലും പരിപാടികളിലും അതിന് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടി വരും. എല്ലാ നടിമാരും അതുതന്നെയാണ് ചെയ്യുന്നത്.
എന്നെ ട്രോളുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. പക്ഷേ സ്വന്തമായൊരു തിരിച്ചറിവുണ്ടായി എന്നതിന്റെ പേരില്‍ എനിക്കെതിരെ നെഗറ്റീവ് കമന്റിടാമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ തീരുമാനത്തിന് വിടുന്നു. അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളോട് എനിക്ക് നീതി പുലര്‍ത്തണം. എന്റെ തിരഞ്ഞെടുപ്പുകള്‍ എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മറ്റുള്ളവരുടെ നെഗറ്റിവിറ്റിയെ അടിസ്ഥാനമാക്കിയല്ല.
എനിക്ക് ഇഷ്ടം തോന്നുന്ന ഏതൊരു കഥാപാത്രവും ഞാന്‍ ചെയ്യും. ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ സിനിമ ആവശ്യപ്പെടുന്നത് ചെയ്യും. എന്റെ കാഴ്ച്ചപ്പാടിനെ പിന്തുണയ്ക്കുന്നവരോട് നന്ദി പറയുന്നു. അല്ലാത്തവരോട് എന്റെ യാത്ര എന്റേത് മാത്രമാണെന്ന് നിങ്ങള്‍ മനസിലാക്കുമെന്ന് കരുതുന്നു. എന്നെ ക്യാമറയുടെ മുന്നിലെത്തിച്ച അതേ ആത്മവിശ്വാസത്തോടേയും പാഷനോടേയും തന്നെ എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാന്‍ ചെയ്യും. ഇത് എന്റെ ജീവിതമാണ്. എന്റെ തിരഞ്ഞെടുപ്പാണ്. നന്ദി.’-ആരാധ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നീണ്ട കുറിപ്പില്‍ പറയുന്നു.