ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളില്‍ വ്യാഴാഴ്ച തുടങ്ങുന്ന ഹിയറിങ്ങില്‍ ഫോട്ടോയുമായി എത്തിയില്ലെങ്കില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാതെ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ ഇടം ലഭിക്കില്ല. അപ്‌ലോഡ് ചെയ്യാത്തവരുടെ ഫോട്ടോ, ഹിയറിങ് സമയത്ത് സ്‌കാന്‍ ചെയ്തു നല്‍കണമെന്നാണ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് ഹിയറിങ് വൈകിപ്പിക്കുമെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ വാദം.
സാമൂഹിക അകലം പാലിക്കാനുമാവില്ല. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കും ഫോട്ടോയുമായി എത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഫോട്ടോ അപ്‌ലോഡ് ചെയ്യാത്തവരെ തത്കാലം മാറ്റിനിര്‍ത്താനാണ് ചില തദ്ദേശ സ്ഥാപനങ്ങളുടെ നീക്കം. അങ്ങനെയെങ്കില്‍ ആദ്യം അപേക്ഷിച്ചവര്‍ വീണ്ടും ഓണ്‍ലൈനായി ഫോട്ടോ സഹിതം അപേക്ഷിക്കേണ്ടിവരും.
ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്ലോഡ് ചെയ്യണമെന്ന് കമ്മീഷന്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. ഓപ്പണ്‍ പോര്‍ട്ടല്‍ വഴിയായിരുന്നു അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നത്.