‘മുംബൈയിലേക്ക് പറിച്ച് നട്ടപ്പോള്‍ ഒറ്റപ്പെടലുണ്ടായി, മനസ് മരവിച്ച് പോകുമെന്ന് മനസിലായി’ നവ്യ നായർ
കൊച്ചി:എത്ര ഹിറ്റ് സിനിമകൾ ചെയ്താലും അന്നും ഇന്നും നടി നവ്യാ നായർ മലയാളികൾക്ക് ബാലാമണിയാണ്. ഇഷ്ടം സിനിമയിലൂടെ സിനിമാ കരിയർ ആരംഭിച്ച നവ്യ നായർ അവസരങ്ങളുടെ പീക്കിൽ നിൽക്കുമ്പോഴാണ് വിവാഹിതയായത്. നവ്യ നായർ ഇത്രയും വേഗം വിവാഹിതയാകുമെന്ന് ആരും ചിന്തിച്ചിരുന്നില്ല.
കലോത്സവ വേദികളിൽ നിന്നാണ് നവ്യ നായർ സിനിമയിലേക്ക് എത്തിയത്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ നേടിയ താരം ഇപ്പോൾ സോഷ്യൽമീഡിയയിലും സജീവമാണ്.
വിവാഹ ശേഷം കുറച്ച് വർഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ഒരുത്തീയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ നവ്യ നായർ സിനിമ. കൂടാതെ നിരവധി ടെലിവിഷൻ ഷോകളുടേയും ഭാഗമാണ് നവ്യ നായർ.
ഇപ്പോഴിത നടിയായി തിളങ്ങി നിൽക്കുമ്പോൾ വിവാഹിതയായതിനാൽ കുടുബ ജീവിതത്തിലേക്ക് കടന്നപ്പോൾ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം ഇപ്പോൾ.
നവ്യയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം…. ‘സിനിമാതിരക്കുകളില്‍ നിന്നും മാറി കുടുംബിനിയാവുമ്പോള്‍ ആ മാറ്റം പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നു. സിനിമാ സെറ്റില്‍ നായികയ്ക്ക് കിട്ടുന്ന പരിഗണന മറ്റൊരിടത്തും ലഭിക്കില്ലെന്ന് മനസിലാക്കിയിരുന്നു.’
‘വിവാഹശേഷമുള്ള മാറ്റങ്ങളെ പോസിറ്റീവായി തന്നെയാണ് കണ്ടത്. പെട്ടെന്ന് മുംബൈയിലേക്ക് പറിച്ച് നട്ടപ്പോള്‍ ഒരു ഒറ്റപ്പെടലുണ്ടായിരുന്നു. ആദ്യം അതൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നു. പിന്നെ മകന്റെ വരവൊക്കെയായി തിരക്കിലായിരുന്നു.’
‘അഭിനയത്തില്‍ നിന്നും മാറി നിന്ന സമയത്താണ് എന്‍ഗേജ്ഡായി നിന്നില്ലെങ്കില്‍ മനസ് മരവിച്ച് പോകുമെന്ന് മനസിലാക്കിയത്. അപ്പോഴാണ് ഡാന്‍സിലേക്ക് വീണ്ടും തിരിഞ്ഞത്. പ്രസവ ശേഷം മാനസികമായും ശാരീരികമായുമൊക്കെ ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നു.’
‘ആത്മവിശ്വാസം പോലും കുറവായിരുന്നു. ആ അവസ്ഥയില്‍ നിന്നും മാറിയത് നൃത്തത്തില്‍ സജീവമായതോടെയാണ്. നൃത്ത വിദ്യാലയം എന്നതിലുപരി കലകളുടെ സമന്വയമായി മാതംഗി മാറണമെന്നാണ് ആഗ്രഹിക്കുന്നത്.’
‘അഭിനയവും ഡാന്‍സ് സ്‌കൂളുമൊക്കെയായി തിരക്കുകളുണ്ട്. അതേ സമയം തന്നെ കുടുംബത്തിലെ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. മോന്റെ കാര്യവും സന്തോഷേട്ടന്റെ കാര്യങ്ങളുമെല്ലാം നോക്കുന്നുണ്ട്.’
‘ഏറ്റവും പ്രിയപ്പെട്ട കാര്യം ചെയ്യുന്നതിനാല്‍ തിരക്കുകളൊന്നും പ്രശ്‌നമേയല്ല. സംവിധാനത്തെക്കുറിച്ചൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല. സിനിമയില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. റിയലിസ്റ്റിക് സിനിമകളുടെ കൂടി കാലമാണ് ഇപ്പോള്‍. തികച്ചും നാച്ചുറലായി ചെയ്തുവെന്നായിരുന്നു ഒരുത്തിയെക്കുറിച്ച് എല്ലാവരും പറഞ്ഞത്.’
‘അതൊക്കെ കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. മികച്ച കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. നായകന്‍ പുതുമുഖമാണെന്നതൊന്നും ഞാനൊരു വിഷമായി കാണുന്നില്ലെന്നും’ നവ്യ നായർ പറഞ്ഞു. നവ്യാ നായരുടെ മടങ്ങിവരവായിരുന്നു ഒരുത്തീ ചിത്രം പ്രഖ്യാപിക്കപ്പെട്ടപ്പോഴത്തെ പ്രധാന ആകര്‍ഷണം.
ഇരുത്തംവന്ന പ്രകടനമാണ് ചിത്രത്തില്‍ നവ്യാ നായരുടേത്. കൊച്ചിക്കാരിയായ കഥാപാത്രമായുള്ള വേറിട്ട പ്രകടനത്താല്‍ നവ്യാ നായര്‍ തന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയിരിക്കുന്നു. കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാൻസ്‍പോര്‍ട്ടിന്റെ ബോട്ടില്‍ ടിക്കറ്റ് കളക്ടറായി ജോലി നോക്കുന്ന രാധാമണിയാണ് നവ്യാ നായരുടെ കഥാപാത്രം.
നവ്യ നായര്‍-സൈജു കുറുപ്പ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി ജാനേ… എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്, എസ് ക്യൂബ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്നത്. ഷറഫുദ്ദീന്‍, ജോണി ആന്റണി എന്നിവരാണ് മറ്റുതാരങ്ങള്‍.