വാട്സ്ആപ്പ് ചാനൽസ് ഇന്ത്യയിലെത്തി; ചാനലിനായി സെലിബ്രിറ്റികളുടെ നീണ്ടനിര
മുംബൈ:മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് സേവനമായ വാട്സ്ആപ്പ് ഇന്ത്യയിൽ ഉൾപ്പെടെ 150ൽ അധികം രാജ്യങ്ങളിൽ വാട്സ്ആപ്പ് ചാനൽസ് (WhatsApp Channels) എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഈ ചാനലുകൾ ഇൻസ്റ്റഗ്രാം പേജ് പോലെ പ്രവർത്തിക്കുന്ന ഒന്നാണ്. സെലിബ്രറ്റികളെ ഫോളോ ചെയ്യാനും അവരുടെ അപ്ഡേറ്റുകൾ അറിയാനും ഇതിലൂടെ സാധിക്കുന്നു. ഇതിനകം തന്നെ ഇന്ത്യയിലെ നിരവധി സെലിബ്രറ്റികൾ വാട്സ്ആപ്പ് ചാനൽസ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.
വാട്സ്ആപ്പ് ചാനൽസ് എന്നത് ആപ്പിനുള്ളിൽ തന്നെയുള്ള വൺ-വേ ബ്രോഡ്കാസ്റ്റ് ടൂളാണെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. നിങ്ങൾ ഫോളോ ചെയ്യുന്ന ആളുകളിൽ നിന്നും ഓർഗനൈസേഷനുകളിൽ നിന്നുമുള്ള അപ്‌ഡേറ്റുകൾ ലഭ്യമാക്കുന്ന ഒരു പുതിയ പ്രൈവറ്റ് മാർഗമായിട്ടാണ് വാട്സ്ആപ്പ് ചാനൽസ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വാട്സ്ആപ്പ് ചാനൽസിൽ മെറ്റയുടെ വാർത്തകളും അപ്‌ഡേറ്റുകളും പങ്കിടാനാണ് തന്റെ ചാനൽ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാനൽസിലൂടെ ലഭ്യമായതിൽ വച്ച് ഏറ്റവും സ്വകാര്യതയുള്ള ബ്രോഡ്കാസ്റ്റ് സേവനം നിർമ്മിക്കുക എന്നതാണ് വാട്സ്ആപ്പ് ലക്ഷ്യമിട്ടതെന്ന് കമ്പനി അറിയിച്ചു. ചാനൽസ് ചാറ്റുകളിൽ നിന്ന് വ്യത്യസ്‌തമാണ്. നിങ്ങൾ ആരെയാണ് ഫോളെ ചെയ്യുന്നത് എന്ന കാര്യം അയാളെ ഫോളോ ചെയ്യുന്ന മറ്റ് ആളുകൾക്ക് കാണാനാകില്ല. അഡ്മിൻമാരുടെയും ഫോളോവേഴ്‌സിന്റെയും പേഴ്സണൽ വിവരങ്ങളും വാട്സ്ആപ്പ് ചാനൽസിൽ സുരക്ഷിതമായിരിക്കുമെന്ന് വാട്സ്ആപ്പ് പുറത്ത് വിട്ട പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
വാട്സ്ആപ്പ് ചാനൽസ് ആഗോളതലത്തിൽ എല്ലായിടത്തും ലഭ്യമാകുന്നതോടെ ഉപയോക്താക്കൾക്ക് അവരുടെ രാജ്യത്തെ അടിസ്ഥാനമാക്കി ഓട്ടോമാറ്റിക്കായി ഫിൽട്ടർ ചെയ്യാവുന്ന ചാനലുകൾ ഫോളോ ചെയ്യാൻ മെച്ചപ്പെടുത്തിയ ഡയറക്‌ടറി പ്ലാറ്റ്‌ഫോം കമ്പനി പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഫോളോ ചെയ്യുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് പുതിയതും ആക്ടീവും ജനപ്രിയവുമായ ചാനലുകൾ ഫോളോ ചെയ്യാൻ തിരഞ്ഞെടുക്കുന്നതിനായി കാണിക്കും. നിലവിൽ ഇൻസ്റ്റഗ്രാമിൽ സജഷൻ കാണിക്കുന്നത് പോലെ തന്നെയാണ് വാട്സ്ആപ്പിലും സജഷൻസ് കാണിക്കുക.
ഉപയോക്താക്കൾക്ക് ഇമോജികൾ ഉപയോഗിച്ച് ചാനലുകളിൽ റിയാക്ഷൻ നൽകാനും മൊത്തം റിയാക്ഷനുകളുടെ എണ്ണം കാണാനും കഴിയും. എങ്കിലും ആരൊക്കെയാണ് റിയാക്ഷൻ ഇട്ടിരിക്കുന്നത് എന്നോ ആ ചാനൽ ആരൊക്കെ ഫോളോ ചെയ്യുന്നുണ്ടെന്നോ കാണിക്കുകയില്ല. അഡ്മിൻമാർക്ക് അവരുടെ അപ്‌ഡേറ്റുകൾ 30 ദിവസം വരെ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ഈ 30 ദിവസം കഴിഞ്ഞാൽ അപ്ഡേറ്റ് സെർവറുകളിൽ നിന്ന് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകും. ചാറ്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ അപ്‌ഡേറ്റ് ഷെയർ ചെയ്യാനും ചാനലിലേക്കുള്ള ലിങ്ക് ഷെയർ ചെയ്യാനും സാധിക്കും.
വാട്സ്ആപ്പ് ചാനൽസ് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ആഗോളതലത്തിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്ക് അറിഞ്ഞ് കൂടുതൽ ഫീച്ചറുകൾ ചേർക്കാനും വാട്സ്ആപ്പിന് പദ്ധതിയുണ്ട്. വരും മാസങ്ങളിൽ ആർക്ക് വേണമെങ്കിലും ചാനൽ ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്ന രീതിയിലേക്ക് വാട്സ്ആപ്പ് ചാനൽസ് ലഭ്യമാകും. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ,മമ്മൂട്ടി,മോഹന്‍ലാല്‍ കത്രീന കൈഫ്, ദിൽജിത് ദോസഞ്ച്, അക്ഷയ് കുമാർ, വിജയ് ദേവരകൊണ്ട, നേഹ കക്കർ തുടങ്ങിയ സെലിബ്രിറ്റികൾ ഇതിനകം തന്നെ തങ്ങളുടെ വാട്സ്ആപ്പ് ചാനലുകൾ ആരംഭിച്ചിട്ടുണ്ട്.