EntertainmentNews

‘എമ്പുരാന്‍’ സിനിമ ഇറങ്ങിയ ശേഷം ചര്‍ച്ച ചെയ്യപ്പെട്ടത് സിനിമയല്ല; ഗുജറാത്ത് കലാപവും ഹിന്ദുത്വ ഭീകരവാദികളുടെ നെറികേടുമാണ്; മുരളി ഗോപിയുടെ നിശബ്ദത ഒരു നിലപാട് അല്ല: അഖില്‍ മാരാര്‍

കൊച്ചി:’എമ്പുരാന്‍’ സിനിമ ഇറങ്ങിയ ശേഷം ചര്‍ച്ച ചെയ്യപ്പെട്ടത് സിനിമയല്ല, ഗുജറാത്ത് കലാപവും ഹിന്ദുത്വ ഭീകരവാദികളുടെ നെറികേടുമാണെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. ഇതുപോലൊരു പ്രശ്നം കേരളത്തില്‍ ആളി കത്തുമെന്ന് ചൂണ്ടിക്കാട്ടി മോഹന്‍ലാലിന് താന്‍ മെസേജ് അയച്ചിരുന്നു, അദ്ദേഹം അതിന് മറുപടിയും തന്നു. മുരളി ഗോപിയുടെ നിശബ്ദത ഒരു നിലപാട് അല്ല. മാപ്പ് പറഞ്ഞാല്‍ ഒരുപാട് പ്രശ്നങ്ങള്‍ കെട്ടടുങ്ങുമെങ്കില്‍ മാപ്പ് ഏറ്റവും മൂല്യമുള്ള ഒന്നാണ് എന്നാണ് അഖില്‍ മാരാര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സിനിമ ഇറങ്ങിയത് മുതല്‍ മതപരമായ അങ്ങോട്ടുമിങ്ങോട്ടുമുള്ള അടിയാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടത്. സിനിമയെ കുറിച്ചുള്ള അഭിപ്രായമല്ല പലരും പോസ്റ്റ് ചെയ്യുന്നത്. ഗുജറാത്ത് കലാപവും ഹിന്ദുത്വ ഭീകരവാദികളുടെ നെറികേടുമാണ് പോസ്റ്റുകളില്‍ പ്രതിഫലിച്ചത്. ഗുജറാത്ത് കലാപം കഴിഞ്ഞ് 23 വര്‍ഷമായി. നരേന്ദ്രമോദി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയായി. അവര്‍ അതിന്റെ നേട്ടങ്ങളൊക്കെ നേടുകയും ചെയ്തു. ഇനിയും ഈ കലാപത്തിന്റെ പേര് പറഞ്ഞ് ബിജെപിക്ക് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കി കൊടുക്കാനാണെങ്കില്‍ ഇനിയും ഈ വിഷയം ചര്‍ച്ച ചെയ്യാം. എതിരാളി എങ്ങനെയാണ് ജയിക്കുന്നതെന്ന് തിരിച്ചറിയാതെ ഈ വിഷയം വീണ്ടും ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ മനുഷ്യന്‍ വീണ്ടും മതപരമായി തമ്മിലടിക്കുകയാണ് ചെയ്യുന്നത്.

ഏത് രീതിയിലും സമൂഹത്തിലൊരു കുത്തിതിരിപ്പുണ്ടാക്കണമെന്ന് ഈ സിനിമയില്‍ തന്നെ ഒരു കഥാപാത്രം കാണിച്ചു തരുന്നുണ്ട്. ജനത്തെ എങ്ങനെ ഒരു വിഡ്ഡിയാക്കി ഒരു നേതാവായി മാറാം എന്നത് ഈ സിനിമയിലൂടെ തന്നെ കാണിക്കുന്നു. സിനിമയില്‍ പറഞ്ഞ ഇതേ കാര്യമാണ് ഇവര്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു വശത്ത് ഗുജറാത്ത് കലാപവും ബിജെപിയും ആണെങ്കില്‍ മറുഭാഗത്ത് ഐയുഎഫ് എന്ന് പറയുന്നത് യുഡിഎഫോ അല്ലെങ്കില്‍ യുപിഎയോ ആയിരിക്കും. അങ്ങനെയാണെങ്കില്‍ രാഹുല്‍ ഗാന്ധി അധികാരസ്ഥാനത്ത് ഒരു മോശപ്പെട്ടവനാണെന്നും അധികാരത്തിന് വേണ്ടി ഹിന്ദുത്വവാദികളോട് കൈകോര്‍ക്കുന്നവനാണെന്നും കോണ്‍ഗ്രസില്‍ മതേതരമൂല്യം കാത്തുസൂക്ഷിക്കുന്ന ആരുമില്ല എന്നുമാണ് ഈ സിനിമ കാണിക്കുന്നത്.

ലാലേട്ടന് മെസേജ് അയച്ചിരുന്നു. പണ്ട് മമ്മൂട്ടി മോഹന്‍ലാല്‍ എന്ന് പറഞ്ഞാണ് ക്യാമ്പസുകളില്‍ അടി നടന്നുക്കൊണ്ടിരുന്നത്. ഇത് മാറി മുസ്ലീം ഹിന്ദു എന്നു പറഞ്ഞ് അടിയുണ്ടാകുകയും ഇത് പുറത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അത് ഏറ്റെടുക്കാന്‍ ഇരു വിഭാഗത്തിലെ മത തീവ്രവാദികളും ഇവിടെയുണ്ട്. മനുഷ്യനിലുള്ള സ്വഭാവ ഗുണങ്ങളില്‍ ഓരോരുത്തരും വ്യത്യസ്തരായിരിക്കും. ഇതുപോലൊരു പ്രശ്നം കേരളത്തില്‍ ആളി കത്തും. അത് ചൂണ്ടികാട്ടിയാണ് ലാലേട്ടന് മെസേജ് അയച്ചത്. അദ്ദേഹം അത് മനസിലാക്കുകയും തിരിച്ച് മറുപടി നല്‍കുകയും ചെയ്തു.

‘മോഹന്‍ലാല്‍ ഇടപ്പെട്ടു, മുരളി ഗോപി ഒരക്ഷരം പോലും മിണ്ടിയില്ല. ഇതെല്ലാം കണ്ടു സന്തോഷിക്കുന്ന സൈക്കോയാണോ മുരളി ഗോപി. ഇതാണോ നിലപാട്. നാട് മുഴുവനും കലാപം നടക്കുന്നു. മനുഷ്യന്‍ തമ്മിലടിക്കുന്നു. നിശബ്ദത ഒരാളുടെ നിലപാടാണോ’ തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാപ്പ് പറഞ്ഞാല്‍ ഒരുപാട് പ്രശ്നങ്ങള്‍ കെട്ടടുങ്ങുമെങ്കില്‍ മാപ്പ് ഏറ്റവും മൂല്യമുള്ള ഒന്നാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker