കൊച്ചി:ഇന്റർനെറ്റ് ബാങ്കിംഗ് ജനകീയമായതോടെ ഫണ്ട് ട്രാൻസഫറിംഗ് ഉൾപ്പടെ നിമിഷ നേരത്തിലാണ് ഉപഭോക്താക്കൾ നടത്തുന്നത്. എന്നാൽ ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണിത്. കാരണം, ചെറിയൊരു അശ്രദ്ധപോലും ഈ ഡിജിറ്റൽ യുഗത്തിൽ അമളി വിളിച്ചുവരുത്തിയേക്കാം. അക്കൗണ്ട് നമ്പർ മാറി തുക അയക്കപ്പെട്ട സംഭവം നമ്മളിൽ ചിലർക്കെങ്കിലും സംഭവിച്ചിട്ടുണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ ഏറ്റവും ആദ്യം ചെയ്യേണ്ട ചില നടപടി ക്രമങ്ങളുണ്ട്. അതെന്താണെന്ന് അറിയാം.
1. നമുക്ക് പറ്റിയ അബദ്ധം ബാങ്കിനെ അറിയിക്കുകയാണ് ആദ്യം വേണ്ടത്. ഇതിന് വേണ്ടി ബാങ്കിൽ നേരിട്ട് ചെന്ന് സമയം കളയണമെന്നില്ല. ബാങ്കിന്റെ കസ്‌റ്റമർ കെയർ നമ്പരിലേക്ക് വിളിച്ച് അറിയിച്ചാൽ മതിയാകും.
2. തുടർന്ന് ബാങ്കിൽ നേരിട്ട് ചെല്ലാം. തെറ്റായ ട്രാൻസ്‌ഫർ സംബന്ധിച്ച് മാനേജർക്ക് അപേക്ഷ എഴുതി നൽകുക. ആവശ്യമെങ്കിൽ ട്രാൻസാക്ഷൻ നടന്നതിന്റെ സ്ക്രീൻ ഷോട്ടും അപേക്ഷയ‌്ക്കൊപ്പം നൽകാം.
3. നിങ്ങളുടെ ബാങ്കിലെ തന്നെ മറ്റൊരു അക്കൗണ്ടിലേക്കാണ് ട്രാൻസാക്ഷൻ നടന്നിട്ടുള്ളതെങ്കിൽ പ്രസ്തുത കസ്‌റ്റമറുമായി നേരിട്ട് ബന്ധപ്പെട്ട് പണം തിരികെ ലഭിക്കാനുള്ള സൗകര്യം ബാങ്ക് ഒരുക്കിത്തരും.
4. മറ്റൊരു ബാങ്കിലേക്കാണ് ട്രാൻസാക്ഷൻ നടന്നതെങ്കിൽ, നിങ്ങൾ ആ ബാങ്ക് സന്ദർശിക്കേണ്ടതായിട്ടുണ്ട്. തുടർന്ന് അവരാണ് നടപടി സ്വീകരിക്കേണ്ടത്.