KeralaNews

എന്താണ് അയ്യപ്പ തിന്തക തോം? എന്താണ് അലിഫ് ലാം മീം?; മോന്‍സന്‍ മാവുങ്കലിന്റെ മതേതര തള്ളുകള്‍

ഇടുക്കി: പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് തുടങ്ങിയത് ഇടുക്കിയിലെ രാജകുമാരിയിലായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളും കാറും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പു തുടങ്ങിയത്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, മുംബൈയില്‍ ഒരാളെ കൊലപ്പെടുത്തി, ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ട്, തുടങ്ങിഅനേകം തള്ള് കഥകള്‍ മോന്‍സന്‍ താനുമായി അടുപ്പമുള്ളവരോട് പങ്കുവെച്ചിരുന്നു.

മോന്‍സന്റെ കൈവശമുള്ള ‘പുരാവസ്തുക്കളില്‍’ എല്ലാം ഉള്‍പ്പെടും. തികഞ്ഞ മതേതരവാദിയായിരുന്നു മോന്‍സനെന്ന് വ്യക്തം. ‘പണ്ഡിതനായ മോന്‍സന്റെ’ മതേതര ബഡായികള്‍ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘ആര്‍ക്കും ഒന്നും അറിയില്ല, എല്ലാവരും തള്ളാണ് ! എന്താണ് അലിഫ് ലാം മീം? എന്താണ് വചനം മാംസം ധരിച്ചതിന്റെ പൊരുള്‍ ? എന്താണ് അയ്യപ്പ തിന്തക തോം?’ എന്ന് മോന്‍സന്‍ ചോദിക്കുന്നതിന്റെയും ഇതിനു മറുപടി നല്‍കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഏത് പേരിട്ട് വിളിച്ചാലും, അല്ലാഹു എന്ന് പറഞ്ഞാലും ദൈവമെന്ന് പറഞ്ഞാലും ഈശ്വരനെന്ന് പറഞ്ഞാലും ഇതെല്ലാം ഒന്നാണെന്ന് മോന്‍സന്‍ വൈറല്‍ വീഡിയോയില്‍ പറയുന്നു.

‘എന്താണ് അയ്യപ്പ തിന്തക തോം? ഇപ്പോഴത്തെ പിള്ളേരൊക്കെ തിന്തക തോം തിന്തക തോം എന്നൊക്കെ പാടുന്നുണ്ട്. അവര്‍ക്ക് ഇതിന്റെ അര്‍ഥം പോലും അറിയില്ല. അത് ശരിക്കും ‘സ്വാമി നിന്റെ അകത്താ, അയ്യപ്പന്‍ നിന്റെ അകത്താ’ എന്നായിരുന്നു പാടിക്കൊണ്ടിരുന്നത്. കല്ലും മുള്ളും ഒക്കെ ചവുട്ടി മുകളില്‍ ചെല്ലുമ്പോള്‍ അവിടെ എന്താണ് എഴുതി വെച്ചിരിക്കുന്നത്? ‘തത്വമസി’. എന്താണത്? ‘ഞാനാകുന്നു നീ, നീയാകുന്നു ഞാന്‍’.

ഇതാണ് എല്ലാ മതങ്ങളിലും പഠിപ്പിക്കുന്നത്. നമ്മളിലാണ് ദൈവമിരിക്കുന്നത്. നമ്മളിലിരിക്കുന്ന ആ ദൈവത്തെ കാണാതെ മരിക്കുന്നവര്‍ വിഡ്ഢിയാണ്. എല്ലാം ഒന്നാണ്. ഏത് പേരിട്ട് വിളിച്ചാലും, അല്ലാഹു എന്ന് പറഞ്ഞാലും ദൈവമെന്ന് പറഞ്ഞാലും ഈശ്വരനെന്ന് പറഞ്ഞാലും ഇതെല്ലാം ഒന്നാണ്. എന്റെ അപകട കാലത്ത് ഒരു നന്മയായിട്ട് എനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നവന്‍ ആരോ അവനും എനിക്ക് ദൈവമാണ്. ഓരോ കാലഘട്ടത്തിലും അവരുടെ അവസ്ഥയില്‍ നിന്നും രക്ഷിക്കാന്‍ ഓരോ അവതാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ അവതാരങ്ങളൊന്നും ദൈവമല്ല. ദൈവത്തിന്റെ അംശമാണ്’, മോന്‍സന്‍ പറയുന്നു.

അതേസമയം മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍നിന്ന് ശില്‍പങ്ങള്‍ പിടിച്ചെടുത്തു. ശില്‍പി സുരേഷിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റാണ് രാത്രി റെയ്ഡ് നടത്തിയത്. സുരേഷ് നിര്‍മിച്ചു നല്‍കിയ ‘വിശ്വരൂപം’ ശില്‍പം ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തു. ഇത് തൊണ്ടിമുതലായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. അതില്‍ കൃഷ്‌ന്റെയും ശിവന്റെയും വിഗ്രഹങ്ങളും ചില ശില്‍പങ്ങളും അടങ്ങിയിട്ടുണ്ട്.

ഇവയെല്ലാം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ‘വിശ്വരൂപം’ ശില്‍പം നിര്‍മിച്ചു നല്‍കിയ തന്നെ കബളിപ്പിച്ചുവെന്ന തിരുവനന്തപുരം മുട്ടത്തറ സ്വദേശി സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മോന്‍സനെ ചോദ്യം ചെയ്യാന്‍ തിരുവനന്തപുരത്തു നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം രാത്രി കൊച്ചിയിലെത്തിയിരുന്നു.

മോന്‍സനെ വിശദമായ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നാണു സൂചന. മോന്‍സനെതിരെ 4 കേസുകളാണ് നിലവിലുള്ളത്. ഇതില്‍ കൂടുതല്‍ തെളിവ് ലഭ്യമാക്കാന്‍ ഇനിയും കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button