EntertainmentNews

ഞെട്ടാൻ എന്താണുള്ളത്, ഞങ്ങൾക്ക് അറിവുള്ളത് മാത്രമേ ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പുറത്തുവിട്ടിട്ടുള്ളൂ”

കൊച്ചി: ഹേമ കമ്മിഷൻ റിപ്പോർട്ടിലൂടെ പുറത്തുവന്ന കാര്യങ്ങളിൽ ഞെട്ടാൻ എന്താണുള്ളതെന്ന് നടിയും ഡബ്ള്യുസിസി അംഗവുമായ രേവതി. തങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടാൻ ഒന്നുമില്ല. കാരണം എല്ലാം ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളാണെന്ന് രേവതി പ്രതികരിച്ചു. റിപ്പോർട്ട് പുറത്തുവന്നാലെ ചില കാര്യങ്ങളൊക്കെ ചെയ്യാൻ കഴിയൂ എന്ന് ഡബ്ള്യുസിസി പറഞ്ഞത് ഇത്രയും ഗൗരവമേറിയ സാഹചര്യം നിലനിൽക്കുന്നതുകൊണ്ടാണെന്നും രേവതി പറഞ്ഞു.

മലയാളസിനിമയെ ഒരു സുരക്ഷിത മേഖലയാക്കാനാണ് ഡബ്ള്യുസിസി ഇത്രയധികം കഷ്‌ടപ്പെട്ടത്. നീതി താമസിച്ചുവെങ്കിലും ഇപ്പോഴെങ്കിലും ലഭിച്ചതിൽ കേരളസർക്കാരിനോട് നന്ദിയുണ്ട്. റിപ്പോർട്ട് ഇതുവരെ വായിച്ചിട്ടില്ല. അതുകഴിഞ്ഞ് ഡബ്ള്യുസിസി ഒരുമിച്ച് തീരുമാനമെടുക്കും. അംഗങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും, എല്ലാവർക്കും റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും രേവതി വ്യക്തമാക്കി.

സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഉച്ചയോടെയാണ് സർക്കാർ പുറത്തുവിട്ടത്. വ‍ർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തുവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റാത്ത അവസ്ഥ നിലനിൽക്കുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. സ്ത്രീയുടെ ശരീരത്തെ പോലും മോശമായ രീതിയിൽ വർണിക്കുന്നു. പരാതിയുമായി പോകുന്ന സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണം നടക്കുന്നു. ഡബ്ല്യു.സി.സിയിൽ അംഗത്വം എടുത്തത് കൊണ്ട് മാത്രം സിനിമയിൽ നിന്നും പുറത്താകാൻ ശ്രമം നടക്കുന്നു.

സിനിമാ മേഖലയിൽ ഒരു പവർ ​ഗ്രൂപ്പ് നിലനിൽക്കുണ്ട്. ഇതിൽ സംവിധായകരും നടന്മാരും നിർമാതാക്കളും ഉൾപ്പെടെ 15 പുരുഷന്മാരാണുള്ളത്. ഇവർ സിനിമയെ നിയന്ത്രിക്കുന്നു. ഈ ​ഗ്രൂപ്പ് പലരേയും വിലക്കിയതായും റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിലെ ഒരു നടൻ ഈ പവർ ​ഗ്രൂപ്പിനെ മാഫിയ സം​ഘം എന്ന് വിശേഷിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അപ്രഖ്യാപിത വിലക്കുമൂലം ഈ നടന് സീരിയലിലേക്ക് പോകേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker