KeralaNews

ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?; കോവിഡ് വന്ന് പോയവരെ ബാധിയ്ക്കുമോ? ബൂസ്റ്റര്‍ ഡോസ് എടുക്കണോ? സമഗ്ര വിവരങ്ങൾ ഇങ്ങനെ

കൊച്ചി:കൊറോണവൈറസ് ലോകത്തെ മുൾമുനയിൽ നിർത്തിയിട്ട് രണ്ട് വർഷമാകുന്നു .വൈറസിന്റെ നിരവധി വകഭേദങ്ങൾ, കോവിഡ് പ്രതിരോധത്തിനുള്ള നിരവധി വാക്സിനുകൾ എന്നിവ രംഗത്തെത്തിയ ഒരു വർഷമായിരുന്നു 2021.വാക്സിനേഷനെത്തുടർന്ന് കോവിഡ് കണക്കുകളിൽ കുറവ് വന്നുതുടങ്ങുകയും ചെയ്തു. അതിനാൽ തന്നെ കോവിഡ് ഭീതി കുറഞ്ഞുവെന്ന് കരുതി ലോകം പഴയ അവസ്ഥയിലേക്ക് തിരികെയെത്താനുള്ള ഓട്ടത്തിലായിരുന്നു.

ഇത്തരത്തിൽ, കോവിഡ് ഭീതി ഒഴിയുന്നു എന്ന് കരുതിയ സമയത്താണ് കൊറോണ വൈറസിന്റെ പുതിയൊരു വകഭേദത്തെ തിരിച്ചറിഞ്ഞത്. ഇപ്പോൾ ഇന്ത്യയിലും ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു. കർണാടകയിൽ രണ്ടുപേരിലാണ് ഒമിക്രോൺ തിരിച്ചറിഞ്ഞിരിക്കുന്നത്.

ഒമിക്രോൺ വകഭേദം

കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോൺ വകഭേദം. ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം. ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം തിരിച്ചറിഞ്ഞത്. പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞതോടെ ഗ്രീക്ക് അക്ഷരമാലയിലെ 15 ാമത്തെ ഒമിക്രോൺ എന്ന വാക്ക് പുതിയ വകഭേദത്തിന് നൽകുകയായിരുന്നു. 12 വകഭേദങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഗ്രീക്ക് അക്ഷരമാലയിലെ 13,14 വാക്കുകൾ ചൈനയിലെ വ്യക്തികൾക്ക് നൽകുന്ന പേരുകളെ സൂചിപ്പിക്കുന്നതായതിനാൽ ആ രണ്ട് വാക്കുകൾ ഒഴിവാക്കി അതിനുശേഷമുള്ള ഒമിക്രോൺ എന്ന വാക്ക് ഏറ്റവും പുതിയ കൊറോണ വൈറസ് വകഭേദത്തിന് നൽകുകയായിരുന്നു.

നിലവിലെ കൊറോണ വൈറസ് വകഭേദങ്ങളെക്കാൾ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോൺ എന്നാണ് കരുതപ്പെടുന്നത്. നിലവിലെ കോവിഡ് വാക്സിനുകളെ ഇവ മറികടന്നേക്കുമെന്നും ശാസ്ത്രലോകം ഭയപ്പെടുന്നു.

ലോകാരോഗ്യ സംഘടനയുടെ നിഗമനം അനുസരിച്ച് ആശങ്കപ്പെടേണ്ട വകഭേദങ്ങൾ(Variants of concern) എന്ന വിഭാഗത്തിലാണ് ഒമിക്രോൺ വകഭേദത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡെൽറ്റ വകഭേദത്തെയും ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഡെൽറ്റ വകഭേദവും വാക്സിനെടുത്തവരിലും രോഗമുണ്ടാക്കിയിരുന്നു. ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ എന്നാണിത് അറിയപ്പെടുന്നത്. ഇതേ സാധ്യതകൾ ഒമിക്രോണിനുമുണ്ട്. ഡെൽറ്റ വാക്സിനെടുത്തവരിൽ ഗുരുതരാവസ്ഥയുണ്ടാക്കിയില്ല. അതിനാൽ തന്നെ ഒമിക്രോണിനെ ശാസ്ത്രലോകം സൂഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഒമിക്രോൺ വകഭേദത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ബൂസ്റ്റർ ഡോസ് ആവശ്യമാണോ?-ഡോ. അനീഷ് ടി.എസ്. സംസാരിക്കുന്നു

കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തെക്കുറിച്ച് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. അനീഷ് ടി.എസ്. പറയുന്നത് ഇങ്ങനെ:

”ഒമിക്രോണിനെക്കുറിച്ച് നമുക്ക് ഇപ്പോൾ ലഭ്യമായ ഡാറ്റ പ്രകാരം അറിയാൻ കഴിഞ്ഞിരിക്കുന്നത് അതിന്റെ വേഗത്തിലുള്ള പകർച്ചയാണ്. ഒരുമിച്ച് ഒരുപാട് ആളുകളെ രോഗികളാക്കി മാറ്റാനുള്ള കഴിവ് ഒമിക്രോണിനുണ്ട്. സാങ്കേതികമായി പറഞ്ഞാൽ ഒമിക്രോണിന്റെ ആർ ഫാക്ടർ എന്ന് പറയുന്നത് ഡെൽറ്റയുടെ ആർ ഫാക്ടറിന്റെ നാലോ അഞ്ചോ ഇരട്ടി ഉണ്ടാകുമെന്നാണ് കരുതുന്നത്.

വളരെ വേഗത്തിൽ പടരുന്നു അതായത് ഒരാളിൽ നിന്ന് വളരെ കൂടുതൽ ആളുകൾക്ക് രോഗം പകരുമെന്നാണ് അതിന്റെ അർഥം. ഒമിക്രോൺ ബാധിച്ച ഒരാളിൽ നിന്ന് ശരാശരി 20-30 പേർക്ക് രോഗം വ്യാപിച്ചേക്കാമെന്നാണ് ഇപ്പോൾ ഉള്ള ഒരു കണക്ക്. ഇത്തരത്തിൽ ഇത്രയും പേരിലേക്ക് രോഗം വ്യാപിക്കണമെങ്കിൽ അത് വായുവിലൂടെ തന്നെ പകരണം. വായുവിലൂടെ വ്യാപിക്കാനുള്ള കഴിവ് ഈ വൈറസ് വിഭാഗത്തിന് കൂടുന്നു എന്നതാണ് ഇതിൽ പ്രധാനം.

അതിനാൽ തന്നെ ഒമിക്രോൺ വന്നുകഴിഞ്ഞാൽ അത് വായുവിലൂടെ തന്നെ പകരുന്ന ഒരു രോഗമായിരിക്കും. അതിനാൽ വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

ഡബിൾ മാസ്കും എൻ95 മാസ്കും

വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗുണനിലവാരമുള്ള ഒരു മാസ്ക് ഉപയോഗിക്കുകയാണ്. എൻ 95 മാസ്ക് ആണ് ഏറ്റവും നല്ലത്. മറ്റ് മാസ്ക്കുകൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഡബിൾ മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്. അതായത് മൂക്കിനോട് ചേരുന്ന ഭാഗത്ത് ഒരു സർജിക്കൽ മാസ്കും അതിന് മുകളിൽ പുറംഭാഗത്തായി തുണിമാസ്കും ചേർത്ത് ഉപയോഗിക്കുകയാണ് നല്ലത്. തുറസ്സായ സ്ഥലങ്ങൾക്കും പ്രാധാന്യമുണ്ട്. വായുസഞ്ചാരം ഉറപ്പാക്കുക, മുറിക്കുള്ളിലാണെങ്കിൽ ജനലും വാതിലും തുറന്നിടുക, ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അടഞ്ഞ ഇടങ്ങളിൽ അല്ല എന്ന് ഉറപ്പുവരുത്തുക.

ബൂസ്റ്റർ ഡോസ് വേണോ?

വാക്സിനുകൾ വികസിപ്പിച്ച കാലത്തേക്കാൾ കൂടുതൽ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന് സംഭവിച്ച സാഹചര്യമാണ് നിലവിലുള്ളത്. ഇതിൽ ഒമിക്രോൺ വകഭേദത്തിനാണ് നിലവിൽ ഏറ്റവും കൂടുതൽ ജനിതക വ്യതിയാനം സംഭവിച്ചിരിക്കുന്നത്. വാക്സിൻ എടുത്തവരെക്കൂടി രോഗികളാക്കി മാറ്റാൻ ഒമിക്രോണിന് കഴിയാനാണ് സാധ്യത.

നിലവിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും വാക്സിൻ എടുത്തവരാണ്. അതിനാൽ നിലവിലുള്ള വാക്സിൻ എടുത്തു എന്നതിനാൽ ഒമിക്രോൺ ബാധിക്കില്ലെന്ന് കരുതാനാവില്ല. അതേസമയം തന്നെ കൊറോണ വൈറസിനെതിരെ കോവിഡ് വാക്സിനുകൾ നൽകുന്ന ഭാഗികമായ ഒരു രോഗപ്രതിരോധ ശേഷി മരണങ്ങളിൽ നിന്നും രോഗം ഗുരുതരമാവാതിരിക്കാനും നമ്മെ സഹായിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ വാക്സിനെടുത്തവരിൽ രോഗാണുവിന്റെ വീര്യം കുറയാൻ സഹായിക്കും. അതുകൊണ്ട് വാക്സിനേഷൻ രണ്ട് ഡോസും നിർബന്ധമായും എടുക്കണം.

നാം വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ആരോഗ്യപ്രവർത്തകർ, മുൻനിരപ്രവർത്തകർ തുടങ്ങിയവരാണ് രോഗം ബാധിക്കാൻ ഏറെ സാധ്യതയുള്ളവർ. അതിനാൽ അത്തരത്തിലുള്ളവർക്ക് മൂന്നാമതൊരു ഡോസ് വാക്സിൻ അഥവ ബൂസ്റ്റർ ഡോസ് നൽകുന്നത് നന്നായിരിക്കും. അതുവഴി രോഗം കടന്നുവരുന്നത് വൈകിച്ചേക്കാം. ആരോഗ്യപ്രവർത്തകർ രോഗബാധിതരാവുന്നത് ആരോഗ്യസംവിധാനത്തെയാകെ തകിടം മറിച്ചേക്കാം.

ആരോഗ്യപ്രവർത്തകർ വാക്സിനേഷൻ പൂർത്തിയാക്കി ആറുമാസം പിന്നിട്ടിരിക്കുകയാണ്. അതിനാൽ അവർക്ക് ഒരു ബൂസ്റ്റർ ഡോസ് പരിഗണിക്കാവുന്നതാണ്. രണ്ട് ഡോസ് വാക്സിനെടുത്താലും രോഗം വന്നാൽ അപകടം സംഭവിക്കാൻ സാധ്യതയുള്ള ആളുകളുണ്ട്. മറ്റ് ഗുരുതര രോഗങ്ങൾ ബാധിച്ചവരാണ് ഇവർ. ഇവരെയും ബൂസ്റ്റർ ഡോസിന് പരിഗണിക്കാവുന്നതാണ്.

കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം

കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ മാസ്ക് ധരിക്കുന്നതിന് പ്രാധാന്യം കൊടുക്കണം. കൈകൾ സാനിറ്റൈസ് ചെയ്യണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. തുറസ്സായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. അന്താരാഷ്ട്ര യാത്രക്കാരെ കൃത്യമായി പരിശോധിച്ച് ജനിതകശ്രേണി നിർണയിക്കണം. അന്താരാഷ്ട്ര യാത്രാ നിയന്ത്രണം ഫലപ്രദമായേക്കാം. വ്യാപകമായ യാത്രാനിരോധനം നടപ്പാക്കണം എന്ന് പറയാനാകില്ല. കാരണം അതുമൂലമുണ്ടാകുന്ന മറ്റ് നഷ്ടങ്ങൾ വളരെയധികമായിരിക്കും.

ഒരിക്കൽ കോവിഡ് വന്നുപോയവർ ഒമിക്രോണിനെ ഭയക്കണോ?

ഒമിക്രോൺ വന്നവരിൽ നിലവിൽ ഭീകരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല. പക്ഷേ, പേടിക്കേണ്ടത് ഒരു വലിയ സമൂഹത്തെ അല്ലെങ്കിൽ നിരവധി ആളുകളെ ഒമിക്രോൺ ഒന്നിച്ച് ബാധിക്കുന്നു എന്നതിനെയാണ്. അത്തരത്തിൽ ഒരുപാട് ആളുകളെ ഒന്നിച്ച് രോഗം ബാധിക്കുന്നു എന്നതിനാൽ ആശുപത്രികൾ പെട്ടെന്ന് നിറയാനും വേണ്ടത്ര ചികിത്സ ലഭിക്കാനും സാധിക്കാത്ത അവസ്ഥയുണ്ടാകാൻ ഇടയുണ്ട്. ഒരു സാമൂഹിക പ്രശ്നമാണ് ഇത്തരത്തിൽ ഒമിക്രോൺ ഉണ്ടാക്കുന്നത്.”- ഡോ. അനീഷ് വ്യക്തമാക്കുന്നു.

പുതിയ വാക്സിൻ വികസിപ്പിക്കാമെന്ന് വാക്സിൻ കമ്പനികൾ

നിലവിലുള്ള വാക്സിനുകൾ ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളെ പ്രതിരോധിച്ച് ഗുരുതരാവസ്ഥയും മരണവും കുറയ്ക്കുമെന്നാണ് തെളിഞ്ഞിട്ടുള്ളത്. എന്നാൽ, ഈ വാക്സിനുകളെ ഒമിക്രോൺ മറികടന്നാൽ നൂറുദിവസത്തിനകം പുതിയ വാക്സിൻ തയ്യാറാക്കാനാവും എന്നാണ് ചില വാക്സിൻ നിർമ്മാണക്കമ്പനികൾ പറയുന്നത്. നിലവിൽ കോവിഡ് വാക്സിൻ നിർമ്മാണത്തിന്റെ ഒരു ബെയ്സ് ഉള്ളതിനാലും, ആദ്യമായി വാക്സിൻ തയ്യാറാക്കുമ്പോൾ ഉണ്ടാകുന്ന അത്രയും സാങ്കേതിക സങ്കീർണതകൾ ഇപ്പോൾ ഉണ്ടാവില്ല എന്നതിനാലും പുതിയ വാക്സിൻ തയ്യാറാക്കൽ വാക്സിൻ നിർമ്മാണ കമ്പനികൾക്ക് കുറച്ചുകൂടി എളുപ്പമായിരിക്കും എന്നാണ് കരുതുന്നത്.

ഒമിക്രോണിന്റെ ജനിതകവ്യതിയാനങ്ങൾ

അമ്പത് ജനിതകവ്യതിയാനങ്ങൾ സംഭവിച്ചുകഴിഞ്ഞതാണ് ഒമിക്രോൺ വകഭേദം. ഇതിൽ 32 എണ്ണം വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ് സംഭവിച്ചിരിക്കുന്നത്. നിലവിലെ കോവിഡ് വാക്സിനുകളുടെയെല്ലാം ടാർഗറ്റ് എന്ന് പറയുന്നതു തന്നെ സ്പൈക്ക് പ്രോട്ടീനുകളാണ്. മനുഷ്യ ശരീരത്തിലേക്ക് തുളച്ചുകയറാൻ വൈറസിനെ സഹായിക്കുന്ന ഭാഗമാണ് സ്പൈക്ക് പ്രോട്ടീനുകൾ. അതിനാൽ തന്നെ സ്പൈക്ക് പ്രോട്ടീനിൽ വരുന്ന ഈ മാറ്റങ്ങൾ ഈ പുതിയ വകഭേദത്തിന് നേരത്തെയുള്ള വകഭേദങ്ങളേക്കാൾ വ്യാപനശേഷിയുള്ളതാക്കാൻ ഇടയാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഗവേഷകർ.

മുൻപുള്ള ഡെൽറ്റ വകഭേദവുമായി താരമ്യം ചെയ്യുമ്പോൾ പുതിയ വകഭേദത്തിന്റെ റിസപ്റ്റൽ ബൈൻഡിങ് ഡൊമെയ്നിൽ പത്ത് ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്. ഡെൽറ്റ വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ച ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകത അതിന്റെ സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ച കെ. 417.എൻ എന്ന ജനിതകവ്യതിയാനമാണ്. ഇമ്മ്യൂൺ റെസ്പോൺസുമായി ബന്ധപ്പെട്ടതാണിത്. ഇപ്പോൾ ഏറ്റവും പുതുതായി രൂപപ്പെട്ട ബി. 1.1.529 എന്ന ഒമിക്രോൺ വകഭേദം അക്കൂട്ടത്തിൽപ്പെട്ടതാണോയെന്ന് വ്യക്തമല്ല.

ഈ പുതിയ വകഭേദം എച്ച്.ഐ.വി. എയ്ഡ്സ് പോലെ പ്രതിരോധ ശേഷിയിൽ കുറവുള്ള ഒരു രോഗിയിൽ ഉണ്ടായ കടുത്ത അണുബാധയിൽ നിന്നായിരിക്കാം രൂപപ്പെട്ടതെന്ന് ലണ്ടനിലെ യു.സി.എൽ. ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫ്രാങ്കോയിസ് ബലോക്സ് അഭിപ്രായപ്പെട്ടിരുന്നു.

വ്യാപനം തുടങ്ങിയത് ദക്ഷിണാഫ്രിക്കയിൽ നിന്ന്

ഒമിക്രോൺ ആദ്യം തിരിച്ചറിഞ്ഞത് ദക്ഷിണാഫ്രിക്കയിലാണ്. മൂന്നുപേരിൽ തിരിച്ചറിഞ്ഞ ഈ വകഭേദം നാലാഴ്ചയിൽ താഴെ സമയത്തിനുള്ളിലാണ് ദക്ഷിണാഫ്രിക്കയിൽ വ്യാപിച്ചത്. തുടർന്ന് ബോട്സ്വാന ഉൾപ്പടെയുള്ള സമീപരാജ്യങ്ങളിലേക്കും പടരുകയായിരുന്നു. വാക്സിൻ ഡോസുകൾ പൂർണമായും സ്വീകരിച്ചവരും രോഗബാധിതരാണ്.

നിലവിൽ 26 രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയെന്നാണ് ലോകാരോഗ്യ സംഘഘടന വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്കെത്തിയവരിൽ നിന്നാണ് ഈ രാജ്യങ്ങളിലേക്കും രോഗാണുക്കളെത്തിയത്.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ഒമിക്രോൺ മറികടക്കാൻ ഇടയുണ്ടെന്നും എങ്കിലും നിലവിലെ വാക്സിനുകൾ രോഗം തീവ്രമാകാതെയിരിക്കാനും മരണം ഒഴിവാക്കാനും സഹായിക്കുമെന്നും ദക്ഷിണാഫ്രിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസസ് അഭിപ്രായപ്പെടുന്നു.

ദക്ഷിണാഫ്രിക്കയിൽ നിന്ന് കഴിഞ്ഞ മാസം എടുത്ത സാംപിളുകളിൽ 74 ശതമാനവും പുതിയ വകഭേദമാണ്. കഴിഞ്ഞയാഴ്ചയാണ് പുതിയ വകഭേദത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടതെങ്കിലും നവംബർ എട്ടിന് പരിശോധിച്ച ആദ്യത്തെ സാംപിളിൽ നിന്നും പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

ഒമിക്രോൺ ഏത് രീതിയിൽ, എത്ര തീവ്രതയോടെ,എങ്ങനെ വ്യാപിക്കുമെന്നതിന്റെ വിശദാംശങ്ങൾ ദിവസങ്ങൾക്കുള്ളിൽ ലഭ്യമാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാൻ കെർക്കോവ് പറഞ്ഞു.

പുതിയ വകഭേദം വന്ന സാഹചര്യത്തിൽ യു.എസും ബ്രിട്ടനും ബൂസ്റ്റർ ഡോസുകൾ നൽകുന്ന പദ്ധതി വ്യാപകമാക്കിക്കൊണ്ടിരിക്കുകയാണ്. ബ്രിട്ടനിൽ ഒമിക്രോൺ കേസുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. പുതിയ വകഭേദം ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ ഒറ്റ ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.

പുതിയ ഒമിക്രോൺ വകഭേദം ചെറുപ്പക്കാരെയാണ് ബാധിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ വകഭേദത്തിന്റെ യഥാർഥ തീവ്രത കൃത്യമായി അറിയാനായിട്ടില്ല. കാരണം, ഇത് ചെറുപ്പക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്. ഇവർക്ക് രോഗാണുവുമായി പോരാടാനുള്ള കഴിവുണ്ടായിരിക്കും. അതിനാൽ രോഗം ബാധിക്കുന്നവർ പിന്നീട് കുറച്ചുനാളത്തേക്ക് രോഗവാഹകരാകാനും സാധ്യതയുണ്ട്. എങ്കിലും പ്രായമാവുന്നവരെയാണ് കൂടുതൽ നിരീക്ഷിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസസിലെ പൊതുജനാരോഗ്യ വിഭാഗം തലവനൻ മിഷല്ലെ ഗ്രൂമെ പറഞ്ഞു. വാക്സിനെടുക്കാത്തവരിലും ഗുരുതര രോഗങ്ങളുള്ളവരിലുമായിരിക്കും പുതിയ വകഭേദം പിടിമുറുക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിൽ 26 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നൈജീരിയ, യു.കെ. ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബ്രസീൽ, ചെക്ക് റിപ്പബ്ലിക്ക്, ഫ്രാൻസ്, ജർമ്മനി, ഹോങ്കോങ്, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ, നെതർലാൻഡ്സ്, നോർവേ, സ്പെയിൻ, പോർച്ചുഗൽ, സ്വീഡൻ, കാനഡ, ഡെൻമാർക്ക്, സൗദി അറേബ്യ, യു.എ.ഇ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും പുതിയതായി ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസിന്റെ വകഭേദങ്ങൾ പലതരം

കൊറോണ വൈറസിന്റെ വകഭേദങ്ങളെയെല്ലാം ശാസ്ത്രജ്ഞർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിരീക്ഷിക്കേണ്ട വകഭേദങ്ങൾ(Variants Being Monitored), ആശങ്കപ്പെടേണ്ട വകഭേദങ്ങൾ(Variants of concern), വലിയ പ്രാധാന്യമുള്ള വകഭേദങ്ങൾ(Variants of High Consequence) എന്നിങ്ങനെ ശാസ്ത്രജ്ഞർ അവയെ തരംതിരിച്ചിട്ടുണ്ട്. ചില വകഭേദങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ എളുപ്പത്തിലും പെട്ടെന്നും വ്യാപിക്കാൻ സാധ്യതയുള്ളതാണ്. ഇത് കോവിഡ് കേസുകൾ പെട്ടെന്ന് വർധിക്കാൻ കാരണമാകും.

എന്തുകൊണ്ട് വകഭേദങ്ങൾ ഉണ്ടാകുന്നു?

വൈറസ് വ്യാപനം കൂടുന്നതിന് അനുസരിച്ച് വൈറസിന് ജനിതകവ്യതിയാനം വരാനുള്ള സാധ്യത കൂടുതലാണ്. ആയിരക്കണക്കിന് ചെറിയ മാറ്റങ്ങൾ കൊറോണ വൈറസിൽ ഉണ്ടാകാറുണ്ട്. ചില മാറ്റങ്ങൾ ചെറിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ചിലപ്പോൾ അത് കൂടുതലായിരിക്കും. എന്നാൽ ചില ജനിതകവ്യതിയാനങ്ങൾ പുതിയ വകഭേദത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കുന്നു. മനുഷ്യ ശരീരത്തിൽ വൈറസ് തുളച്ചുകയറുന്ന സ്പൈക്ക് പ്രോട്ടീനിലാണ് ഈ മാറ്റങ്ങൾ ഉണ്ടാവുക.

നിലവിലുള്ള കൊറോണ വൈറസ് വകഭേദങ്ങൾ ഇവയാണ്

ആൽഫ
ബി.1.1.7 എന്നാണ് ശാസ്ത്രീയ നാമം. ആദ്യമായി കണ്ടെത്തിയത് 2020 സെപ്റ്റംബറിൽ യു.കെയിലാണ്.

ബീറ്റ

ബി.1.351 എന്നാണ് ശാസ്ത്രീയ നാമം. 2020 മേയിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്.

ഗാമ

പി.1 എന്നാണ് ശാസ്ത്രീയ നാമം. 2020 നവംബറിൽ ബ്രസീലിലാണ് ആദ്യമായി തിരിച്ചറിഞ്ഞത്.

ഡെൽറ്റ

ബി.1.617.2 എന്നാണ് ശാസ്ത്രീയ നാമം. 2020 ഒക്ടോബറിലിൽ ഇന്ത്യയിലാണ് ആദ്യമായി തിരിച്ചറിഞ്ഞത്.

എപിസിലോൺ

ബി.1.427/ ബി.1.429 എന്നാണ് ശാസ്ത്രീയ നാമം. 2020 മാർച്ചിൽ യു.എസ്.എയിലാണ് കണ്ടെത്തിയത്.

സീറ്റ

പി.2 എന്നാണ് ശാസ്ത്രീയ നാമം. 2020 ഏപ്രിലിൽ ബ്രസീലിലാണ് തിരിച്ചറിഞ്ഞത്.

കാപ്പ

ബി.1.617.1 എന്നതാണ് ശാസ്ത്രീയ നാമം. 2020 ഒക്ടോബറിൽ ഇന്ത്യയിലാണ് ഇത് സ്ഥിരീകരിച്ചത്.

ഇയോറ്റ

ബി.1.526 എന്നാണ് ശാസ്ത്രീയ നാമം.2020 നവംബറിൽ യു.എസ്.എയിലാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്.

ഈറ്റ

ബി.1.525 എന്നാണ് ശാസ്ത്രീയ നാമം. 2020 ഡിസംബറിൽ നിരവധി രാജ്യങ്ങളിൽ തിരിച്ചറിഞ്ഞു.

തീറ്റ

പി.3 എന്നാണ് ശാസ്ത്രീയ നാമം. 2021 ജനുവരിയിൽ ഫിലിപ്പിൻസിലാണ് ആദ്യമായി കണ്ടെത്തിയത്.

ഡെൽറ്റ പ്ലസ്

എ.വൈ.1 എന്നാണ് ശാസ്ത്രീയ നാമം. 2021 ജൂണിൽ ഇന്ത്യയിലാണ് ഇത് തിരിച്ചറിഞ്ഞത്.

ഒമിക്രോൺ

ബി.1.1.529 എന്നാണ് ശാസ്ത്രീയ നാമം. 2021 നവംബറിൽ ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്.

ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിനുകൾ

ഫൈസർ-ബയോൺടെക് വാക്സിൻ

ഫൈസറും ബയോൺടെക് കമ്പനിയും ചേർന്ന് പുറത്തിറക്കിയ വാക്സിനാണിത്. 2020 ഡിസംബർ 31 ന് ലോകാരോഗ്യസംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകി.

ആസ്ട്രസെനക-ഓക്സ്ഫഡ് വാക്സീനുകൾ

ആസ്ട്രസെനകയും ഓക്സ്ഫഡും ചേർന്ന് നിർമ്മിച്ചത് രണ്ട് വാക്സിനുകളാണ്. കൊറിയയിലെ എസ്.കെ. ബയോയും ആസ്ട്രസെനകയും ചേർന്ന് പുറത്തിറക്കിയ വാക്സിനാണ് ഒന്ന്. ആസ്ട്രസെനക ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് പുറത്തിറക്കിയ വാക്സിനാണ് കോവിഷീൽഡ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്സിനാണ് കോവിഷീൽഡ്. ഇവയ്ക്ക് രണ്ടിനും 2021 ഫെബ്രുവരി 15 ന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നൽകി.

ജോൺസൺ ആൻഡ് ജോൺസൺ

Ad26.COV2.S എന്ന വാക്സിനാണ് ജോൺസൺ ആൻഡ് ജോൺസൺ പുറത്തിറക്കിയത്. 2021 മാർച്ച് 12 ന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു.

മോഡേണ വാക്സിൻ

മോഡേണയുടെ എം.ആർ.എൻ.എ. സാങ്കേതിക വിദ്യയിൽ നിർമ്മിച്ച വാക്സിനാണിത്. 2021 ഏപ്രിൽ 30 ന് ആണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത്.

സിനോഫാം വാക്സിൻ

ചൈനയിലെ ബീജിങ് ബയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രോഡക്ട്സ് ആണ് സിനോഫാം വാക്സിൻ പുറത്തിറക്കിയത്. 2021 മേയ് ഏഴിനാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്.

സിനോവാക് കൊറോണവാക്

ചൈനയിൽ നിന്നുള്ള സിനോവാക് ആണ് സിനോവാക് കൊറോണവാക് വാക്സിൻ നിർമ്മിച്ചത്. 2021 ജൂൺ ഒന്നിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചു.

കൊവാക്സിൻ

ഇന്ത്യയിലെ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു. 2021 നവംബർ മൂന്നിനാണ് അനുമതി ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button