InternationalNews

വെൽക്കം ബഡ്ഡി ! വിക്രം ലാന്ററിൽ ആ സന്ദേശമെത്തി;സന്തോഷ വാർത്ത പുറത്തുവിട്ട് ഐഎസ്ആർഒ

ചന്ദ്രനിലിറങ്ങാന്‍ ഒരുങ്ങുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു. 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും പ്രദാന്‍ എന്ന് പേരിട്ട ഓര്‍ബിറ്റര്‍ വിജയകരമായി ചന്ദ്രോപരിതലത്തിന് ചുറ്റും 100 കിമീ x 100 കിമീ ഭ്രമണ പഥത്തില്‍ സ്ഥാപിച്ചിരുന്നു.

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് ചന്ദ്രയാന്‍ 3 ഒരുക്കിയത്. ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഇപ്പോഴും സജീവമായി ചന്ദ്രന്റെ ചുറ്റുന്നതിനാല്‍ ചന്ദ്രയാന്‍ 3 യില്‍ പ്രത്യേകം ഓര്‍ബിറ്റര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിക്രം ലാന്ററുമായുള്ള ഐഎസ്ആര്‍ഒയുടെ മിഷന്‍ ഓപ്പറേറ്റര്‍ കോംപ്ലക്‌സിന്റെ ആശയവനിമിയങ്ങള്‍ ഈ ഓര്‍ബിറ്റര്‍ വഴിയായിരിക്കും.

ആശയവിനിമയ ബന്ധം സ്ഥാപിച്ച വിക്രം ലാന്ററിന് ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ സ്വാഗത സന്ദേശം അയച്ചതായി ഐഎസ്ആര്‍ഒ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിങ് ഓഗസ്റ്റ് 23 ബുധനാഴ്ച 5.20 ന് ആരംഭിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ലാന്റിങിന് മുമ്പ് വിക്രം ലാന്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ ഇന്ന് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച പകര്‍ത്തിയ ചിത്രങ്ങളാണിവ. ദക്ഷിണ ധ്രുവത്തിലെ വിവിധ ഗര്‍ത്തങ്ങള്‍ ഇതില്‍ കാണാം.

ചന്ദ്രയാന്‍ 3 നെ വെല്ലുവിളിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി വിക്ഷേപിച്ച റഷ്യയുടെ ലൂണ-25 പേടകം ലാന്റിങിന് തയ്യാറെടുക്കവെ നിയന്ത്രണം വിട്ട് ചന്ദ്രനില്‍ പതിച്ചിരുന്നു. ഈ ദൗത്യം പരാജയപ്പെട്ടതോടെ എല്ലാ കണ്ണുകളും ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. ചന്ദ്രയാന്‍ 3 വിജയകരമാവുമെന്ന് ഉറപ്പുപറയുകയാണ് ചന്ദ്രയാന്‍ അധികൃതര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button