ചെന്നൈ:വെല്ലൂര്‍ സ്വദേശികളായ വിഗ്നേഷും വിനി ഷൈലയും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനമായി കരുതിയത് തങ്ങള്‍ ഒത്തു ചേര്‍ന്ന ദിനമായിരുന്നു.വിവാഹ വാര്‍ഷികം അവിസ്മരണീയമാക്കുന്നതിനായി പല വഴികളും ആലോചിച്ചു.എക്കാലവും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാവണം താലികെട്ടിന്റെ ദിനം.
ഇതുവരെ ആരും ആഘോഷിച്ചിട്ടില്ലാത്ത രീതിയില്‍ വിവാഹവാര്‍ഷികം ആഘോഷിയ്ക്കാനായി അവര്‍ ഒരു വഴിയും തെരഞ്ഞെടുത്തു.അര്‍ദ്ധരാത്രി കടലില്‍ ആഘോഷം നടത്തുക.പ്രിയപ്പെട്ടവരെ സാക്ഷിയാക്കി കടലില്‍ ഇറങ്ങി പരസ്പരം മോതിരം അണിയുക. ഇരുവരുടെയും ആഗ്രഹം പൂവണിയുകയും ചെയ്തു. എന്നാല്‍ പിന്നീട് അക്ഷരാര്‍ത്ഥത്തില്‍ കുടുംബം ഒരിക്കലും മറക്കാത്ത സംഭവങ്ങളാണ് നടന്നത്.
വിനി വിഗ്നേഷിന്റെ വിരലില്‍ മോതിരം അണിയിച്ചു. എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ ആഘോഷം കെട്ടടങ്ങും മുമ്പെ വിനിയെ തേടി മരണമെത്തി . വിഗ്നേഷ് വിനിയെ മോതിരമണിയിക്കും മുമ്പ് കൂറ്റന്‍ തിരമാല വിനിയെയും വലിച്ചുകൊണ്ടുപോയി. തലനാരിഴയ്ക്കായിരുന്നു യുവാവ് രക്ഷപ്പെട്ടത്.
വിഗ്നേഷും വിനിയും വിവാഹ വാര്‍ഷികാഘോഷം ചെന്നൈയില്‍ പാലവാക്കം കടല്‍ക്കരയിലായിരുന്നു തീരുമാനിച്ചത്. വ്യാഴാഴ്ച രാത്രി 11.30ഓടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം മുപ്പതോളം പേര്‍ അഞ്ച് കാറുകളില്‍ കടല്‍ക്കരയിലെത്തി.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ അസമയത്തെ ആഘോഷം തടയാന്‍ ശ്രമിച്ചു. എന്നാല്‍, കേക്ക് മുറിച്ചശേഷം ഉടന്‍ തിരിച്ചുപോകുമെന്ന് അറിയിച്ചതിനാല്‍ പൊലീസ് പിന്‍വാങ്ങി. 12ന് വിഗ്നേഷും വിനിയും കടലിലിറങ്ങി. വിഗ്നേഷിന്റെ വിരലില്‍ മോതിരമണിയിച്ചയുടന്‍ വിനി തിരമാലകളില്‍പെട്ട് ആഴങ്ങളിലേക്ക് താഴ്ന്നുപോയി.
വിഗ്നേഷ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വിനിയുടെ മൃതദേഹം കൊട്ടിവാക്കം കടലോരത്ത് കണ്ടെത്തുകയായിരുന്നു. ഇവര്‍ക്ക് ഒരു വയസ്സായ മകനുണ്ട്. 27കാരിയായ വിനി ഷൈല വെല്ലൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ നഴ്സായിരുന്നു. വിഗ്നേഷ് ടെക്സ്റ്റൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.