KeralaNews

വിവാഹ ആൽബവും വീഡിയോയും 6 വര്‍ഷം കഴിഞ്ഞിട്ടും കൊടുത്തില്ല; ദമ്പതികൾക്ക് 1,18,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: വിവാഹച്ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും നൽകാതെ ദമ്പതികളെ കബളിപ്പിച്ച ഫോട്ടോഗ്രാഫി കമ്പനിയോട് 1,18,500രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം ആലങ്കോട് സ്വദേശികളായ അരുൺ ജി നായർ, ഭാര്യ ശ്രുതി സതീഷ് എന്നിവർ നൽകിയ പരാതിയിലാണ് ഉത്തരവ്.

2017 ഏപ്രിൽ 16നായിരുന്നു ഇവരുടെ വിവാഹം. തലേദിവസവും വിവാഹ ദിവസവും അന്നത്തെ സൽക്കാരത്തിന്റെയും ചിത്രങ്ങളും വീഡിയോയും എടുക്കുന്നതിനായി എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തെയാണ് ഏൽപ്പിച്ചത്. 58,500രൂപ അഡ്വാൻസ് നൽകുകയും ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ആൽബവും വീഡിയോയും നൽകിയില്ല. ഈ സാഹചര്യത്തിലാണ് ദമ്പതികൾ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.

ജീവിതത്തിലെ ഏറ്റവും പവിത്രവും പ്രാധാന്യമുള്ളതുമായ വിവാഹച്ചടങ്ങ് പകർത്തുന്നതിന് വേണ്ടിയാണ് ഫോട്ടോഗ്രാഫി കമ്പനിയെ പരാതിക്കാർ സമീപിച്ചത്. എന്നാൽ വാഗ്ദാനം ലംഘിച്ചതോടെ ഇവർക്ക് കടുത്ത മാനസിക വിഷമം ഉണ്ടായി, പരാതിക്കാർ അനുഭവിച്ച മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകാൻ വീഴ്ച വരുത്തിയവർക്ക് ബാദ്ധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

പ്രസിഡന്റ് ഡിബി ബിനു, മെമ്പർമാരായ വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായുള്ള കമ്മീഷനാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഫോട്ടോഗ്രാഫി സേവനങ്ങൾക്കായി പരാതിക്കാരൻ നൽകിയ 58,500 രൂപയും നഷ്ടപരിഹാരമായി 60,000 രൂപയും 30 ദിവസത്തിനകം എതിർകക്ഷി പരാതിക്കാരന് നൽകണമെന്നാണ് ഉത്തരവ്. പരാതിക്കാർക്ക് വേണ്ടി അഡ്വ. അശ്വതി ചന്ദ്രൻ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker