അറബിക്കടലിൽ വീണ്ടും ന്യൂനമർദമുണ്ടാകാൻ സാധ്യത, കേരള തീരത്തും ജാഗ്രത
തിരുവനന്തപുരം:തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് പ്രദേശത്തായി 2019 ഒക്ടോബർ 30 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതൊറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി സ്ഥിതിഗതികൾ വീക്ഷിച്ചു വരികയാണ്. കൃത്യമായ വിവരങ്ങൾ സമയ ബന്ധിതമായി അപ്‌ഡേറ്റ് ചെയ്യുന്നതാണ്. മുന്നറിയിപ്പുകൾ വളരെ ഗൗരവത്തോടെ സമീപിക്കേണ്ടതാണ്.
2019 ഒക്ടോബർ 26, 27 തീയതികളിൽ ലക്ഷദ്വീപ്, മാലിദ്വീപ് മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 വരെ വേഗതയോടെയുള്ള കാറ്റും ശക്തമായ ഇടിമിന്നലോടും കൂടിയ കാലാവസ്ഥയായിരിക്കും .
2019 ഒക്ടോബർ 28 മുതൽ ഒക്ടോബർ 30 വരെ കേരള തീരം, തെക്ക് കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, മാലിദ്വീപ് എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 50 മുതൽ 60 വരെ വേഗതയോടെയുള്ള കാറ്റും ശക്തമായ ഇടിമിന്നലോടും കൂടിയ കാലാവസ്ഥയായിരിക്കും.
ആയതിനാൽ മൽസ്യത്തൊഴിലാളികൾ മേൽസൂചിപ്പിച്ച കടൽ മേഖലകളിൽ ഈ കാലയളവിൽ മൽസ്യബന്ധനത്തിനായി പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.