കൊച്ചി:മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് പൂർണിമ ഇന്ദ്രജിത്. താരപത്നി എന്നതിന് പുറമെ മികച്ച ഒരു നടിയും അവതാരകയും സംരഭകയും ഒക്കെയാണ് താരം. ഒരുകാലത്ത് ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും എല്ലാം തിളങ്ങി നിന്നിരുന്ന പൂർണിമ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം ഇടവേള എടുക്കുകയായിരുന്നു.
പിന്നീട് മിനിസ്ക്രീൻ പരിപാടികളിൽ അവതാരകയായി തിരിച്ചെത്തിയ താരം ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ പൂർണിമയുടെ രണ്ടാമത്തെ ചിത്രം തുറമുഖം ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ഒരുപാട് കാത്തിരുന്ന ശേഷമാണു ചിത്രം റിലീസിനെത്തിയത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അഭിമുഖങ്ങൾ നൽകുന്ന തിരക്കിലാണ് പൂർണിമ ഇപ്പോൾ. അതിനിടെ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പൂർണിമ തന്റെ അമ്മായിയമ്മ മല്ലിക സുകുമാരനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നെടുകയാണ്.
മല്ലിക സുകുമാരന് ഇപ്പോൾ 68 വയസായെന്നും എങ്കിലും ഇന്നത്തെ ജനറേഷന്റെ ചിന്തകൾക്കൊപ്പം സഞ്ചരിക്കാൻ അവർക്ക് കഴിയുന്നുണ്ടെന്നുമാണ് പൂർണിമ പറയുന്നത്. അമ്മായിയമ്മ – മരുമകൾ ബന്ധത്തിന് പുറമെ അടുത്ത സുഹൃത്തുക്കളാണ് പൂർണിമയുടെ മല്ലികയും.
മലയാളത്തിലെ രണ്ടു വലിയ താരങ്ങളുടെ അമ്മ ആയിട്ടും ഇന്നും സ്വന്തം ഐഡന്റിയിൽ ആണ് ആ അമ്മ അറിയുന്നതെന്നും പൂർണിമ പറഞ്ഞു. തന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് പൂർണിമ ഇക്കാര്യങ്ങൾ പറഞ്ഞത്. വിശദമായി വായിക്കാം.
നിങ്ങളുടെ സമയം അവസാനിച്ചുവെന്ന് ലോകത്ത് ആർക്കും പറയാൻ സാധിക്കില്ലെന്ന് പൂർണിമ പറയുന്നു. ‘എന്റെ ജീവിതത്തിൽ വന്നുപോയ മനുഷ്യരിൽ നിന്നുമാണ് ഇതൊക്കെ എനിക്ക് പഠിക്കാൻ സാധിച്ചത്. എന്റെ അമ്മായി അമ്മക്ക് 68 വയസായി. പക്ഷെ അവർക്ക് ഇന്നത്തെ ജനറേഷന്റെ ചിന്തകൾക്കൊപ്പം നിൽക്കാൻ സാധിക്കുന്നുണ്ട്. അമ്മ ഭയങ്കര അപ്ഡേറ്റഡുമാണ്,’ പൂർണിമ പറഞ്ഞു.
‘ചിലപ്പോൾ ഞങ്ങൾക്ക് തന്നെ തോന്നാറുണ്ട്, അമ്മക്ക് എങ്ങനെയാണ് ഇതൊക്കെ പറ്റുന്നതെന്ന്. അമ്മയിൽ നിന്നും പല കാര്യങ്ങളും ഇപ്പോഴും ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഈ അറുപത്തിയെട്ടാമത്തെ വയസിലും ഒറ്റക്ക് താമസിക്കുന്ന ഒരു സ്ത്രീ, എന്തൊക്കെ ജഡ്ജ്മെന്റലുകളാണ് കേൾക്കുന്നത്. കാലം മാറിയെന്ന് പറയുമെങ്കിലും ഇക്കാലത്തും ഭയങ്കര ബുദ്ധിമുട്ടുകളുണ്ട്,’
‘പക്ഷെ എന്തൊക്കെ കേട്ടാലും അതിനെയൊന്നും അമ്മ കാര്യമാക്കാറില്ല. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അത്. ഒരുപാട് വേദനകളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരും. പക്ഷെ ഒറ്റക്ക് ജീവിക്കുക തന്നെ ചെയ്യും. ഇങ്ങനെ ഒറ്റക്ക് ഫൈറ്റ് ചെയ്ത് ജീവിക്കാം എന്നത് അമ്മയുടെ തീരുമാനമായിരുന്നു. പൃഥ്വിരാജിന്റെ അമ്മ, ഇന്ദ്രജിത്തിന്റെ അമ്മ എന്ന പേരിലല്ല അവർ അറിയപ്പെടുന്നത്. സ്വന്തമായൊരു ഐഡന്റിറ്റി അമ്മക്കുണ്ട്,’ എന്നും പൂർണിമ പറഞ്ഞു.
ആ പ്രായമൊക്കെ ആകുമ്പോൾ അമ്മയെ പോലെയൊക്കെ ഇരിക്കാൻ എനിക്ക് പറ്റുമോ എന്ന് താൻ പലപ്പോഴും ചിന്തിക്കാറുണ്ടെന്നും ഷൂട്ടെല്ലാം ആയിട്ട് അമ്മയ്ക്ക് എപ്പോഴും തിരക്കാണെന്നും പൂർണിമ പറയുന്നുണ്ട്.
അതുപോലെ തുറമുഖം സിനിമ ഇറങ്ങി കഴിഞ്ഞിട്ട് പൃഥ്വിയുടെ അടുത്ത് തനിക്ക് ഇതുവരെ സംസാരിക്കാൻ പറ്റിയിട്ടില്ലെന്നും. പൃഥ്വി തന്റെ കരിയറിന്റെ ഏറ്റവും പീക്ക് സമയത്താണ് നിൽക്കുന്നതെന്നും പൂർണിമ പറഞ്ഞു. ഒരു വലിയ പ്രോജക്ടിന് പിന്നാലെയാണ് പൃഥ്വി. റേഞ്ചോ സിഗ്നലോ ഒന്നും ഇല്ലാത്തിടത്താണ് ഷൂട്ടിങ് നടക്കുന്നത് അതുകൊണ്ട് ടെക്സ്റ്റ് മെസേജിങ് മാത്രമാണ് ചെയ്യാൻ കഴിയുകയെന്നും പൂർണിമ പറയുന്നുണ്ട്.
അമ്മയും സിനിമ കണ്ടില്ലെന്ന് പൂർണിമ പറഞ്ഞു. ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായ സമയം തന്നെയാണല്ലോ മോളെ സിനിമ ഇറങ്ങിയത്, ഞാൻ എങ്ങനെ കാണും എന്നാണ് അമ്മ ചോദിച്ചത്. ആ സമയത്ത് രണ്ടു മകളും ഇവിടെ ആണല്ലോ എന്നതായിരുന്നു അമ്മയുടെ ടെൻഷനെന്നും അമ്മയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പൂർണിമ അഭിമുഖത്തിൽ പറയുന്നുണ്ട്.
അതേസമയം, നിവിൻ പോളി, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന തുറമുഖത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടുന്നത് പൂർണിമ ഇന്ദ്രജിത്. പൂർണിമയുടെ കരിയർ ബെസ്റ്റ് പ്രകടനമായിട്ടാണ് പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്.