
തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ലയങ്ങള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം. പുനരധിവാസത്തിന് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഒഴിയണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ക്ക് മാനേജ്മെന്റ് നോട്ടീസ് നല്‍കി. 70 കുടുംബങ്ങളില്‍ 15 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയതെന്നാണ് മാനേജ്മെന്റ് വിശദീകരണം. അനുവദിച്ച മുറികള്‍ രണ്ട് ദിവസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഇവര്‍ വീടുകള്‍ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് കൊടുത്തതിനാലാണ് നോട്ടീസ് നല്‍കിയത്. കൂടാതെ കമ്പനിയില്‍ നിന്ന് വിരമിച്ചവരാണെന്നും മാനേജ്മെന്റ് അറിയിച്ചു.
എസ്റ്റേറ്റിന്റെ സ്ഥലം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ പുനരധിവാസത്തിന്റെ ഭാഗമായി ഭൂമി എറ്റെടുക്കാന്‍ ഉള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗാമായാണ് നടപടി. സംസ്ഥാന ദുരതിശ്വാസ നിയമം 2005 പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോള്‍ കോടതി വിധി പ്രകാരം നഷ്ടപരിഹാര തുക കണക്കാക്കിയാണ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്് ഫെബ്രുവരി 28നകം ഭൂമി ഏറ്റെടുക്കുന്നതിന്റെ നടപടി ക്രമം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
നഷ്ടപരിഹാര തുക ലഭിക്കുന്ന മുറയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ തന്ന് തീര്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അറിയിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് അനുവദിച്ച് തന്നിരിക്കുന്ന ഈ ലയം ഒഴിയണമെന്ന് എസ്റ്റേറ്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിനുവേണ്ടി ഒരു എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യഘട്ടത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമായിരിക്കും ഏറ്റെടുക്കുക. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കി പുനരധിവാസം വേഗത്തിലാക്കാനുള്ള സൗകര്യം കണക്കിലെടുത്താണു തീരുമാനം. എത്രയും പെട്ടെന്നു ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കി ഈ മാസം തന്നെ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. ആദ്യ ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ ചടങ്ങ് മാര്‍ച്ചില്‍ നടത്താന്‍ സര്‍ക്കാര്‍തലത്തില്‍ ധാരണയായിട്ടുണ്ട്.
അതേസമയം ടൗണ്‍ഷിപ്പ് ഏറ്റെടുക്കുന്നതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു. ടൗണ്‍ഷിപ്പിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. തുടര്‍ന്ന് ടൗണ്‍ഷിപ്പ് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കോടതി അനുവാദം നല്‍കുകയും എന്നാല്‍ ഉടമകള്‍ക്ക് ദുരന്ത നിവാരണ നിയമപ്രകാരം അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.