തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യകരട് പട്ടികയില്‍ 338 കുടുംബങ്ങള്‍. ആദ്യഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങള്‍ ഉള്ളവര്‍ക്ക് പതിനഞ്ച് ദിവസത്തിനകം പരാതി നല്‍കാം. 30 ദിവസത്തിനകം അന്തിമ കരട് പട്ടിക പ്രസിദ്ധികരിക്കും.
മുണ്ടക്കൈയില്‍ 201, ചൂരല്‍മലയില്‍ 121, അട്ടമലയില്‍ 66 കുടുംബങ്ങളാണ് ആദ്യകരട് പട്ടികയില്‍ ഉള്‍പ്പെട്ടത്. പട്ടികയില്‍പ്പെട്ട 17 കുടുംബങ്ങളില്‍ ആരും ജീവിച്ചിരിപ്പില്ല. വീട് ഒലിച്ചുപോയവര്‍, വീട് പൂര്‍ണമായും തകര്‍ന്നവര്‍, ഭാഗികമായി വീട് തകര്‍ന്നവര്‍, മറ്റ് എവിടെയും വിട് ഇല്ലാത്തവരെയുമാണ് ഒന്നാം ഘട്ടത്തില്‍ പുനരധിവസിപ്പിക്കുക. പട്ടിക സംബന്ധിച്ച ചര്‍ച്ച നാളെ വയനാട് കലക്ടറേറ്റില്‍ നടക്കും
ടൗണ്‍ഷിപ്പിനായി രണ്ട് എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കകം തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം നല്‍കാന്‍ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളില്‍ സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങള്‍ നടത്തിയിരുന്നു.
സുരക്ഷാ അനുകൂല റിപ്പോര്‍ട്ട് ലഭിച്ച ഒന്‍പത് പ്ലാന്റേഷനുകളില്‍ നിന്നും നെടുമ്പാല, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകളില്‍ ടൗണ്‍ഷിപ്പുക്കള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍. ടൗണ്‍ഷിപ്പ് ആശയത്തിന് സര്‍വകക്ഷി യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.
ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാനാണ് ധാരണ. ഭൂമി വില സംബന്ധിച്ച് ആശങ്കയുള്ളതിനാലാവാം എസ്റ്റേറ്റ് ഉടമകള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതില്‍ കാലതാമസമില്ലാതെ അനുകൂല വിധി കോടതിയില്‍ നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂമിയ്ക്ക് നഷ്ട പരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
കോടതി അനുമതി ലഭിച്ചാല്‍ ഉടന്‍ ഭൂമി വാങ്ങാനുള്ള നടപടി സ്വീകരിക്കും. പുനരധിവാസ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുപ്പത്തിയെട്ട് ഏജന്‍സികള്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സ്പോണ്‍സര്‍ഷിപ്പിന് സന്നദ്ധത അറിയിച്ച സംസ്ഥാനങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.