NewsNews

വയനാട് ഉരുൾ പൊട്ടൽ: മരണം 75 ആയി; സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം

കല്‍പ്പറ്റ: വയനാട്ടില്‍ കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ട് ഉരുള്‍പൊട്ടലുകളില്‍ മരണസംഖ്യ 75 ആയി. മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്. നിരവധിപേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

പരിക്കേറ്റ നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവിടെനിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകര്‍ന്നതിനാല്‍ മണിക്കൂറുകൾ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താൻ സാധിച്ചത്. അവിടെയുണ്ടായ നാശനഷ്ടങ്ങളുടെ യഥാര്‍ഥചിത്രം ഇനിയും പുറംലോകത്ത് എത്തിയിട്ടില്ല.

ഉരുള്‍പൊട്ടലില്‍പ്പെട്ട നിരവധിപേരുടെ മൃതദേഹങ്ങള്‍കിലോമീറ്ററുകള്‍ക്കപ്പുറം മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ ഒഴുകിയെത്തിയത് ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി. അം​ഗഭം​ഗം വന്ന നിലയിലായിരുന്നു പല മൃതദേഹങ്ങളും. ചാലിയാർ പുഴയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നും കണ്ടെത്തിയത് വയനാട്ടിൽ നിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങളാണെന്നാണ് സൂചന.

വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്‌പെഷ്യൽ ഓഫിസറായി നിയമിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടർക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനുമായാണു സ്‌പെഷ്യൽ ഓഫിസറെ നിയോഗിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker