വയനാട്: മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകനെ കൊലപ്പെടുത്തിയ ബേലൂർ മഖ്നെയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം മൂന്നാം ദിനവും വിജയം കണ്ടില്ല. ദൗത്യസംഘം അടുത്ത് എത്തുമ്പോഴേക്കും ആന ഉൾക്കാട്ടിലേക്ക് നീങ്ങുന്നതാണ് വെല്ലുവിളി.
മോഴയുടെ കലിയും പ്രതിസന്ധിയാണ്. ദൗത്യം നാളെയും തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു.ഇന്നു രാവിലെ 6 മണിക്ക് ട്രാക്കിങ് ടീം കയറിയെന്നും അതിനുപിന്നാലെ രാവിലെ ഏഴു മണിക്ക് ഡാര്‍ട്ടിങ് ടീമും കയറിയെന്നും സിസിഎഫ് കെഎസ് ദീപ പറഞ്ഞു. ഒരു തവണ ആനയെ നേരിട്ട് കിട്ടിയെങ്കിലും മയക്കുവെടിക്കാനായില്ല.
നാളെ അതിരാവിലെ തന്നെ ടീം ഇറങ്ങും. ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയാണ്. ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ പ്രധാനപ്പെട്ടതാണ്. ഇന്ന് രാത്രിയും ആനയെ നിരീക്ഷിക്കും. അടിക്കാടുകള്‍ വലിയ വെല്ലുവിളിയാണെന്നും ഇരുട്ട് വീണാല്‍ ദൗത്യം ദുഷ്കരമാകുമെന്നും കെഎസ് ദീപ പറഞ്ഞു. അതിനിടെ, അജീഷിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് വന്യമൃഗശല്യം പരിഹരിക്കുന്നതിൽ അധികാരികൾ ഗുരുതര വീഴ്ചവരിച്ചതായി കുടുംബാംഗങ്ങൾ പരാതിപ്പെട്ടു.
ആന പിടുത്തത്തിൽ കേമന്മാരായ വനം വകുപ്പിന്റെ വടക്കൻ ജില്ലകളിലെ സകല വിദഗ്ധരും ഒരുമിച്ചിട്ടും മൂന്നാം ദിവസവും ദൗത്യം പരാജയം. തികഞ്ഞ ആത്മാവിശ്വാസത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായ പദ്ധതിയുമായായിരുന്നു ദൗത്യസംഘം ഇന്ന് കാട്ടിൽ കയറിയത്. 10 ടീമായി തിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം – ഒരു ഘട്ടത്തിൽ100 മീറ്റർ അടുത്തുവരെ കാട്ടാനയുടെ സാന്നിധ്യം കിട്ടുകയും ചെയ്തു. മണ്ണുണ്ടി ഭാഗത്ത് കാട്ടാനയെ മയക്കുവെടി വെക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഒരുക്കങ്ങളും തുടങ്ങി. എന്നാൽ 12:30 ഓടെ ആനയുടെ സിഗ്നൽ കിട്ടാതായി. വയനാട് വന്യജീവി സങ്കേതത്തിലെ കുറ്റിക്കാടുകളും വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും എല്ലാമാണ് ദൗത്യം ദുഷ്കരമാക്കിയതെന്ന് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്ന ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നോർത്ത് വയനാട് സൗത്ത് വയനാട് വയനാട് വന്യജീവി സങ്കേതം നിലമ്പൂർ സൗത്ത്, നോർത്ത് ആര്‍ആര്‍ടി മണ്ണാർക്കാട് ആര്‍ആര്‍ടി, കോഴിക്കോട് ആര്‍ആര്‍ടി വിഭാഗത്തിലെ 200 ഓളം ജീവനക്കാർ സംഘത്തിലുണ്ട്.
ഉച്ചതിരിഞ്ഞ് 3:15 ഓടെ അജീഷിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുന്നിലായിരുന്നു അജീഷിന്റെ മകൾ അലനയുടെ വൈകാരികമായ പ്രതികരണം. മൃഗാശല്യം പരിഹരിക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടതായി അജീഷിന്റെ ബന്ധുക്കളും ആരോപിച്ചു.
കേരളത്തിനുണ്ടായ വീഴ്ചയിൽ കർണാടകയെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും വനംവകുപ്പ് ഇക്കാര്യത്തിൽ സമ്പൂർണ്ണ പരാജയം എന്നും സതീശൻ ആരോപിച്ചു. താമരശ്ശേരി ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിലും അജീഷിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനായി എത്തിയിരുന്നു.