വൈദ്യുതി ഉപഭോഗം റെക്കോഡില്‍,അണക്കെട്ടുകളില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നു; ഇടുക്കിയില്‍ 37 ശതമാനം മാത്രം വെള്ളം
തൊടുപുഴ: വേനല്‍മഴ കുറഞ്ഞതോടെ ജലവൈദ്യുതി പദ്ധതികളുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് ആറു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍. ഏറ്റവും വലിയ ജലവൈദ്യുത നിലയമായ ഇടുക്കിയില്‍ നിലവിൽ 37 ശതമാനം വെള്ളം മാത്രമാണുള്ളത്.
ചൂട് കൂടുന്തോറും ജലവൈദ്യുതി നിലയങ്ങളുടെ അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കജനകമാം വിധം താഴുകയാണ്. നീരൊഴുക്ക് വളരെ കുറഞ്ഞു. ബാഷ്പീകരണത്തോത് കൂടി. വേനല്‍മഴ ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27 ശതമാനം കുറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിക്ക് വെള്ളമെത്തുന്ന ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് നിലവിൽ 713.01 മീറ്ററാണ്. സംഭരണശേഷിയുടെ 37 ശതമാനം മാത്രം വെള്ളം. പമ്പയില്‍ 42 ഉം ഷോളയാറില്‍ 69 ഉം ഇടമലയാറില്‍ 38 ഉം ശതമാനമാണ് ജലനിരപ്പ്. കുണ്ടള അണക്കെട്ടിൽ 94 ശതമാനം വെള്ളമുണ്ട്.
ചെറിയ അണക്കെട്ടുകളിലും ജലനിപ്പ് താഴുന്നു. കുറ്റ്യാടിയില്‍ 70 ശതമാനമാണ് ജലനിരപ്പ്. ആനയിറങ്കല്‍ 44, പൊന്മുടി 56 എന്നിങ്ങനെയാണ് ജലവിതാനം. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയ കഴിഞ്ഞ ദിവസം 24.91 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതി ഉല്‍പാദിപ്പിച്ചു. ഇപ്പോഴത്തെ നിലയില്‍ വൈദ്യുതോല്‍പാദനം കൂട്ടാനുമാകില്ല. വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ ജലവൈദ്യുതോല്‍പാദനം കനത്ത പ്രതിസന്ധിയിലേക്കു നീങ്ങും.
സംസ്ഥാനത്ത് ചൂട് കടുത്തതോടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡിലെത്തി. ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ 100.3028 ദശലക്ഷം യൂണിറ്റ് ആയിരുന്നു വൈദ്യുതി ഉപഭോഗം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച 82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ചൊവ്വാഴ്ച 90 ദശലക്ഷം യൂണിറ്റ് കടന്നു.
വൈദ്യുതി ഉപഭോഗം കൂടിയതോടെ, വൈദ്യുതി ഉല്‍പ്പാദനവും വര്‍ധിച്ചിട്ടുണ്ട്.ഇതേ അവസ്ഥ തുടര്‍ന്നാല്‍ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കയുമുണ്ട്. അങ്ങനെ വന്നാല്‍ പുറത്ത് നിന്ന് കൂടിയ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടതായി വരും. ഇതിന് പുറമേ പീക്ക് അവറിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ വൈദ്യുതി നിയന്ത്രണം അടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായും വന്നേക്കും.