InternationalNews

ഇസ്രായേലിന്റെ കയ്യില്‍ ഇനിയും പ്രയോഗിയ്ക്കാത്ത യുദ്ധതന്ത്രങ്ങള്‍? പേടിച്ച് മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് ലബനണിലെ ജനങ്ങൾ

ബെയ്റൂട്ട്: രണ്ട് ദിവസമായുണ്ടായ അസാധാരണ പൊട്ടിത്തെറികളുടെ പശ്ചാത്തലത്തിൽ മൊബൈൽ ഫോണ്‍ പോലും ഉപയോഗിക്കാൻ ഭയക്കുകയാണ് ലബനണിലെ ജനങ്ങൾ. ഭീതിയിലായ ജനങ്ങൾ മൊബൈൽ ഫോണുകൾ ഉപേക്ഷിക്കുകയാണ്. ആരും ആലോചിക്കുക പോലും ചെയ്യാത്ത പേജറുകൾ, വാക്കിടോക്കി എന്നീ വയർലെസ് ഉപകരണങ്ങൾ സ്ഫോടനത്തിനായി ഉപയോഗിക്കപ്പെട്ട സാഹചര്യത്തിലാണ് ആളുകൾ ഫോണിനെ ഭയക്കുന്നത്. 

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ലബനണെ പിടിച്ചു കുലുക്കിയ സ്ഫോടന പരമ്പര നടന്നത്. ആദ്യമുണ്ടായ പേജർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 2800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലത്തെ വോക്കി ടോക്കി സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. 450 പേർക്ക് പരിക്കേറ്റു. പേജർ സ്ഫോടത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിലും സ്ഫോടനമുണ്ടായി. 

ഇതുവരെ പ്രയോഗിക്കാത്ത പല ശേഷികളും ഇസ്രയേലിന് ഉണ്ടെന്ന് സൈനിക മേധാവി പ്രതികരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എല്ലാം രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ പദ്ധതിയെന്ന ആരോപണം ഇസ്രയേൽ ഇതുവരെ നിഷേധിച്ചിട്ടില്ല. അതേസമയം പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭ അടിയന്തര യോഗം വിളിച്ചു. സാധാരണ മനുഷ്യർ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ സ്ഫോടകവസ്തു നിറയ്ക്കുന്നതിനെ ഐക്യരാഷ്ട്രസഭ അപലപിച്ചു.

തായ്‍വാനിൽ നിന്ന് ഇറക്കുമതി ചെയ്ത 3000 പേജറുകളാണ് ആദ്യ ഘട്ടത്തിൽ പൊട്ടിത്തെറിച്ചത്. ഇന്നലെ പൊട്ടിത്തെറിച്ച വാക്കി ടോക്കികളാകട്ടെ ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. നിരവധി ഇലക്ട്രോണിക് വാർത്താവിനിമയ ഉപകരണങ്ങൾ ഹിസ്ബുല്ല ഇറക്കുമതി ചെയ്തിരുന്നു. ഹിസ്ബുല്ല വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് സ്ഫോടക വസ്തുക്കൾ കയറ്റിവിട്ടാണ് പൊട്ടിത്തെറി നടത്തിയത്.

അതെങ്ങനെ കഴിഞ്ഞു എന്നതാണ് ഇനി വെളിപ്പെടാനുള്ളത്. പേജറുകൾ കൊണ്ടുവന്ന കണ്ടെയിനറുകൾ എവിടെയെങ്കിലും വച്ച് തടഞ്ഞുനിർത്തി സ്ഫോടകവസ്തു നിറച്ചതാവാം എന്നാണ് ആദ്യ ഘട്ടത്തിൽ ഉയർന്ന സംശയം. ഇപ്പോൾ വരുന്ന വിവരം വ്യാജ കമ്പനി തന്നെ മൊസാദിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച് അവിടെ വച്ചു തന്നെ സ്ഫോടക വസ്തു നിറച്ചു എന്നാണ്.  ഇന്നലെ സോളാർ ബാറ്ററുകളും കാർ ബാറ്ററികളും കൂടി പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുണ്ട്. 

നിഗൂഢതയും അവ്യക്തതയുമാണ് വാക്കി-ടോക്കി സ്ഫോടനങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്. പൊട്ടിത്തെറിച്ച വാക്കി-ടോക്കികളില്‍ ജപ്പാനീസ് റേഡിയോ ഉപകരണ നിര്‍മാതാക്കളായ ‘ഐക്കോണ്‍’ കമ്പനിയുടെ ലോഗോയും ‘മെയ്‌ഡ് ഇന്‍ ജപ്പാന്‍’ എന്നയെഴുത്തുമുണ്ടെന്ന് സ്ഫോടനത്തിന്‍റെതായി രാജ്യാന്തര മാധ്യമങ്ങളിലടക്കം പുറത്തുവന്ന ചിത്രങ്ങള്‍ പറയുന്നു. എന്നാല്‍ ഇവിടെയാണ് ട്വിസ്റ്റ്, ഐക്കോണ്‍ കമ്പനി പറയുന്നത് ഈ വാക്കി-ടോക്കികളുടെ ഉല്‍പാദനം 2014ല്‍ കമ്പനി അവസാനിപ്പിച്ചതാണ് എന്നാണ്. പ്രവര്‍ത്തിക്കാന്‍ ബാറ്ററി ആവശ്യമായ ഈ വാക്കി-ടോക്കി ഉപകരണം ഒരു പതിറ്റാണ്ടിന് മുമ്പ് വിപണിയില്‍ നിന്ന് ഐക്കോണ്‍ പിന്‍വലിച്ചതാണ് എങ്കില്‍ പിന്നെങ്ങനെയാണ് ഇവയിപ്പോള്‍ അസാധാരണമായി പൊട്ടിത്തെറിച്ചത് എന്ന ചോദ്യം അവശേഷിക്കുന്നു. ഇരു സ്ഫോടന പരമ്പരകളിലും ഉപയോഗിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ഉറവിടം ഇപ്പോഴും തിരശീലയ്ക്ക് പിന്നില്‍ തുടരുന്നു എന്നുറപ്പിക്കാം. 

‘ലെബനനില്‍ ഐക്കോണ്‍ കമ്പനിയുടെ ലോഗോയുള്ള റേഡിയോ സിഗ്നല്‍ ഉപകരണങ്ങള്‍ (വാക്കി-ടോക്കി) പൊട്ടിത്തെറിച്ചതായി ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അറിയുന്നു. ഇതിന്‍റെ വസ്തുത ഞങ്ങള്‍ അന്വേഷിക്കുകയാണ്. വിവരങ്ങള്‍ ലഭ്യമായ ഉടന്‍ വെബ്‌സൈറ്റ് വഴി ലോകത്തെ അറിയിക്കുന്നതാണ്’- ഇത്രയുമാണ് രണ്ടാം സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ ഐക്കോണ്‍ കമ്പനിയുടെ പ്രതികരണം. ഐക്കോണിന്‍റെ വാദം സത്യമെങ്കില്‍, ഐക്കോണ്‍ ലോഗോയും, മെയ്ഡ് ഇന്‍ ജപ്പാന്‍ എന്ന എഴുത്തുമുള്ള വാക്കി-ടോക്കികളുടെ ഉറവിടം വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്. 

ഗാസ പ്രശ്‌നത്തിന്‍റെ പേരില്‍ മാസങ്ങളായി ഹിസ്ബുല്ലയും ഇസ്രയേലും അതിര്‍ത്തിയില്‍ കൊമ്പുകോര്‍ക്കുകയാണ്. ഇതിനിടെയാണ് പുതിയ ആക്രമണ സംഭവ വികാസങ്ങളുടെ തുടക്കം. പേജറുകള്‍ പൊട്ടിത്തെറിക്കുന്ന ആദ്യ സ്ഫോടന പരമ്പര നടന്നപ്പോള്‍ തന്നെ പലരും ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിലേക്ക് വിരല്‍ചൂണ്ടിയിരുന്നു. മൊസാദ് അറിയാതെ ഇത്തരമൊരു പൊട്ടിത്തെറി ലെബനനില്‍ നടക്കില്ല എന്നാണ് പലരുടേയും വാദം.

തുടര്‍ച്ചയായി രണ്ട് ദിവസം ലെബനനില്‍ നടന്ന സ്ഫോടന പരമ്പരയെ കുറിച്ച് ഇസ്രയേല്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തത് ഈ സംശയം ബലപ്പെടുത്തുന്നു. അതേസമയം ഇന്നലെ ഹിസ്‌ബുല്ലയ്ക്കെതിരെ പുതിയ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് ഇസ്രയേല്‍ പ്രതിരോധമന്ത്രി. ലെബനനിലെ സ്ഫോടന പരമ്പരകളില്‍ ഉയരുന്ന പ്രധാന ചോദ്യം ഇത്രയേയുള്ളൂ… പൊട്ടിത്തെറിച്ച വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ക്ക് പിന്നിലാര്, എവിടെ നിര്‍മിച്ചതാണിവ? മാസങ്ങള്‍ക്ക് മുമ്പ് മാത്രം ഹിസ്ബുല്ലയുടെ കൈകളിലെത്തിയ ഈ ഡിവൈസുകളിലെ പൊട്ടിത്തെറി മുന്‍ നിശ്ചയിച്ച പ്രകാരമെന്ന് പകല്‍പോലെ വ്യക്തം. 

ഇസ്രയേലിന്‍റെ ചാരകണ്ണുകളില്‍ നിന്ന് രക്ഷപ്പെടാനാണ് ഹിസ്ബുല്ല അംഗങ്ങൾ ആശയവിനിമയത്തിനായി മൊബൈൽ ഫോണുകൾ ഒഴിവാക്കി പേജറുകളും വാക്കി-ടോക്കികളും ഉപയോഗിക്കുന്നത്. എന്നാല്‍ അവയുടെ എല്ലാ സുരക്ഷാ പൂട്ടും പൊളിച്ച് എതിരാളികള്‍ സ്ഫോടന പരമ്പര അഴിച്ചുവിടുകയായിരുന്നു. കോഡ് സന്ദേശം ലഭിക്കുന്ന മുറയ്ക്ക് എല്ലാ ഡിവൈസുകളും ഒരേസമയം പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു സ്ഫോടകവസ്തു രഹസ്യമായി ഉപകരണങ്ങളില്‍ ഒളിപ്പിച്ചിരുന്നത് എന്നാണ് ലെബനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ അനുമാനം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker