‘ഇഷ്ടം കൊണ്ട് മഞ്ജു ചേച്ചിയെ ഒന്ന് നുള്ളാൻ തോന്നി’ ഏറെ നാളത്തെ ആഗ്രഹം സാധിച്ചെന്ന് രാധിക; കുറിപ്പ് വൈറൽ
കൊച്ചി:ഒരൊറ്റ കഥാപാത്രം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രാധിക. ഒരുപക്ഷെ രാധിക എന്ന പേരിനേക്കാൾ പ്രേക്ഷകർക്ക് രാധികയെ അറിയുന്നത് റസിയ ആയിട്ടാകും. അതെ, മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ക്യാംപസ് ചിത്രമായ ക്ലാസ്മേറ്റ്സിലെ റസിയ. സിനിമ ഇറങ്ങിയിട്ട് വർഷങ്ങൾ ഏറെയായെങ്കിലും പ്രേക്ഷകർ ഇന്നും ആ കഥാപാത്രത്തെ മറന്നിട്ടുണ്ടാവില്ല.
രാധികയെ ഓർക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നതും ചിത്രത്തിൽ പർദ്ദ ധരിച്ച റസിയയെ ആവും. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത രാധിക ഇപ്പോഴിതാ, വീണ്ടും തിരിച്ചുവരികയാണ്. മഞ്ജു വാര്യര്‍ നായികയായ ആയിഷ എന്ന ചിത്രത്തിലൂടെയാണ് രാധികയുടെ തിരിച്ചുവരവ്.
ചിത്രത്തിൽ പ്രധാനപ്പെട്ട വേഷങ്ങളിൽ ഒന്നാണ് രാധിക അവതരിപ്പിക്കുന്നത്. അതേസമയം, തനിക്ക് ഏറെ പ്രിയപ്പെട്ട മഞ്ജു വാര്യർക്ക് ഒപ്പം തന്നെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് രാധിക ഇപ്പോൾ. രാധികയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ വൈറലായിരുന്നു.
ഇപ്പോഴിതാ, മഞ്ജുവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിലെ സന്തോഷം പങ്കുവച്ച് രാധിക പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. അഭിനയത്തില്‍ സജീവമായിരുന്നപ്പോള്‍ മഞ്ജു ചേച്ചിയെ കാണാനും ഒന്നിച്ച് അഭിനയിക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നു അന്നത് സാധിച്ചില്ലെങ്കിലും ആയിഷയിലൂടെ അത് സാധിച്ചിരിക്കുകയാണെന്ന് പറയുകയാണ് രാധിക.
‘മഞ്ജു വാര്യർ എന്ന ലേഡി സൂപ്പർസ്റ്റാറിനെ ഒരു ഡാൻസ് പ്രേമി ആയ എന്റെ ‘അമ്മയാണ് മാഗസിൻ കവറില് അന്നത്തെ കലാതിലകത്തിന്റെ ഫോട്ടോ ആയി വന്ന മഞ്ജു ചേച്ചിയെ ആദ്യം എനിക്ക് കാണിച്ചു തരുന്നത്, പിന്നീട് ‘അമ്മ ശേഖരിച്ചു വച്ച മഞ്ജു ചേച്ചിയുടെ മാഗസിൻ ഫോട്ടോകൾ എന്നും എനിക്ക് കൗതുകം ആയിരുന്നു,’
‘ഞാൻ സിനിമയിലേക്കു വന്നപ്പോ എനിക്ക് കാണണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് തോന്നിയിട്ടുള്ള ആക്ടേഴ്സിൽ ഒരാൾ മഞ്ജു ചേച്ചി ആകവേ, ചേച്ചിയുടെ ഇടവേളയിൽ അത് എനിക്ക് സാധിച്ചില്ല,’
ഒടുവിൽ സെൽഫി ഇല്ലാത്ത കാലത്തു 20 – 20 സിനിമയുടെ വിജയാഘോഷ ചടങ്ങിൽ ചേച്ചിയെ നേരിട്ട് കാണുമ്പോൾ അയച്ചു തരാം എന്ന് പറഞ്ഞു ഫോട്ടം പിടിച്ച ആൾ അത് തരാതെ പറ്റിക്കുകയും ചെയ്തല്ലോ എന്ന് ഓർത്തു സങ്കടം ആയിരുന്നു എനിക്ക്. ചേച്ചി ഇടവേള കഴിഞ്ഞു വരുമ്പോൾ ഞാൻ ഇടവേള എടുത്തു, എന്നിട്ടും എന്റെ ആഗ്രഹം സാധിച്ചു തരാൻ ദൈവം മറന്നില്ലല്ലോ. താങ്ക്സ് ഉണ്ട് ദൈവമേ,’
‘ആയിഷ സിനിമ ചെയ്യുമ്പോൾ ഞാൻ ചേച്ചിയുടെ അടുത്ത് നിന്ന് അഭിനയിക്കുമ്പോഴും, കണ്ണ് എടുക്കാതെ മാറി നിന്ന് കണ്ടപ്പോഴും, അടുത്ത് ഇരുന്നു വർത്തമാനം പറയുമ്പോഴും ‘എന്റെ അമ്മ ആദ്യമായി ചേച്ചിയുടെ ഫോട്ടോ കാണിച്ചപ്പോൾ തോന്നിയ കൗതുകം ആയിരുന്നു എനിക്ക്,’
‘എത്രയോ പ്രാവശ്യം ഇഷ്ടം കൊണ്ട് ചേച്ചിയെ ഒന്ന് നുള്ളാൻ തോന്നിയിരിക്കുന്നു. ഈ സുന്ദര നിമിഷങ്ങൾ എനിക്ക് തന്ന ആമിർ പള്ളിക്കലിനും, മഞ്ജു ചേച്ചിക്കും, ആയിഷ ക്രൂവിനും സ്നേഹം നിറഞ്ഞ നന്ദി,’ എന്നാണ് ഇൻസ്റ്റാഗ്രാമിൽ മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് രാധിക കുറിച്ചത്.
വിവാഹത്തോടെ രാധിക ദുബായിലേക്ക് പോയിരുന്നു. ഇതോടെയാണ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. അടുത്തിടെ ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ അഭിനയിക്കുന്നില്ലെന്ന തീരുമാനമൊന്നും എടുത്തതല്ലെന്ന് രാധിക പറഞ്ഞിരുന്നു.
‘ഭര്‍ത്താവ് അവിടെയാണ് ജോലി ചെയ്യുന്നത്. അങ്ങോട്ടേക്ക് മാറിയപ്പോള്‍ ഇനി അഭിനയിക്കുന്നില്ലെന്ന എന്ന തീരുമാനമൊന്നും എടുത്തിരുന്നില്ല. പലരും കരുതിയത് അങ്ങനെയാണ്. അതുകൊണ്ടാണെന്ന് തോന്നുന്നു അവസരങ്ങളൊന്നും ലഭിച്ചില്ല’ എന്നാണ് രാധിക അഭിമുഖത്തിൽ പറഞ്ഞത്.