KeralaNews

രണ്ടു പാലങ്ങള്‍,ലാഭം 15 കോടി,സര്‍ക്കാരിന് കയ്യടി

കൊച്ചി:അഴിമതിയുടെ പഞ്ചവടിപ്പാലമായി മാറിയ പാലാരിവട്ടത്തുനിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിലൂടെ പുതുചരിത്രമാണ് പൊതുമരാമത്ത് വകുപ്പ് സൃഷ്ടിച്ചത്.15 കോടിരൂപയുടെ ലാഭമാണ് നിര്‍മ്മാണത്തിലെ ദുര്‍ചിലവുകള്‍ ഒഴിവാക്കിയതിലൂടെ പാലം നിര്‍മ്മാണത്തില്‍ നിന്നും സംസ്ഥാന ഖജനാവിന് മിച്ചംപിടിയ്ക്കാനായത്.

.

വൈറ്റില മേല്‍പ്പാലത്തിന്റെ എസ്റ്റിമേറ്റ് തുക 85.90 കോടിയായിരുന്നു. ഈ തുകയേക്കാള്‍ 6.73 കോടിരൂപ കുറവില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. 78.36 കോടിയാണ് നിര്‍മാണച്ചെലവ്. 2017 ആഗസ്ത് 31ല്‍ സാങ്കേതിക അനുമതി ലഭിച്ച പാലത്തിന്റെ നിര്‍മാണത്തിനായി സെപ്തംബറില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. 2017 നവംബറില്‍ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കി. ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉപകരാര്‍ നല്‍കിയ രാഹുല്‍ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു നിര്‍മാണ ചുമതല. 2017 ഡിസംബര്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. അതേദിവസംതന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

കുണ്ടന്നൂരില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത് 2018 മാര്‍ച്ച് 26ന്. പദ്ധതിക്ക് 88.77 കോടി രൂപയുടെ ഭരണാനുമതിയും 82.74 കോടി രൂപയുടെ സാങ്കേതിക അനുമതിയുമാണ് ലഭിച്ചത്. എന്നാല്‍, 74.45 കോടി രൂപയ്ക്കാണ് മേരി മാതാ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി കരാര്‍ ഉറപ്പിച്ചത്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷനായിരുന്നു നിര്‍മാണച്ചുമതല. മേല്‍നോട്ട ചുമതല പൊതുമരാമത്തുവകുപ്പ് ദേശീയപാത വിഭാഗത്തിനും. 8.29 കോടി രൂപ ലാഭിച്ചാണ് പൂര്‍ത്തിയാക്കിയത്.

18 മാസംകൊണ്ട് വൈറ്റില പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെ പ്രളയം, കോവിഡ് തുടങ്ങി പല പ്രതിസന്ധികളുണ്ടായിട്ടും അതിനെയെല്ലാം തരണം ചെയ്താണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. നിര്‍മാണ വൈദഗ്ധ്യത്തില്‍ രാജ്യത്തെ മറ്റ് ഏജന്‍സികളെക്കാള്‍ ഒട്ടും പിന്നിലല്ല കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് എന്നു വെളിപ്പെടുത്തുന്നതാണ് ഈ പദ്ധതി. പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ദേശീയപാതയില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന പാലമാണിത്. കേന്ദ്ര ഏജന്‍സിയാണ് പാലം നിര്‍മിച്ചിരുന്നതെങ്കില്‍ ടോള്‍ പിരിവുണ്ടാകുമായിരുന്നു. അതൊഴിവാക്കാനാണ് സംസ്ഥാന ഫണ്ട് ഉപയോഗിച്ച് പാലം നിര്‍മിച്ചാല്‍ മതിയെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് വൈറ്റിലയിലും കുണ്ടന്നൂരിലും മേല്‍പ്പാലങ്ങള്‍ വിഭാവനം ചെയ്യപ്പെട്ടത്. ദേശീയ പാതയാണെങ്കിലും ടോള്‍ ഒഴിവാക്കുന്നതു കൂടി ലക്ഷ്യമിട്ടാണ് രണ്ടു പാലങ്ങളുടെയും നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. നിരവധി പ്രതിസന്ധികള്‍ക്കിടയില്‍ ദീര്‍ഘവീക്ഷണത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും എന്‍ജിനീയറിങ് മികവോടെയുമാണ് പാലങ്ങളുടെ നിര്‍മാണം പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കിയിരിക്കുന്നത്

വൈറ്റില മേല്‍പാലവും മെട്രോ റെയിലുമായി 5.5 മീറ്റര്‍ ഉയര വ്യത്യാസമാണുള്ളത്. ഇതു സംബന്ധിച്ച് ഇടക്കാലത്ത് ആരോപണം ഉയര്‍ന്നെങ്കിലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്, ദേശീയപാത അതോറിറ്റി ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് എന്നായിരുന്നു വിശദീകരണം. നിയമ വിധേയമായി ഒരു വാഹനത്തിന് അനുവദിച്ചിട്ടുള്ള പരമാവധി ഉയരം 4.7 മീറ്ററാണ്. അതിനാല്‍ തന്നെ ഉയരം കൂടിയ ലോറി, ട്രക്കുകള്‍, മറ്റ് ഭാരവാഹനങ്ങള്‍ എന്നിവയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ മേല്‍പ്പാപാലത്തിലൂടെ കടന്നുപോകാം.

പൈല്‍ ഫൗണ്ടേഷന്‍ നല്‍കി നിര്‍മ്മിച്ചിരിക്കുന്ന ഫ്‌ലൈഓവറിന് 34 പിയര്‍, പിയര്‍ ക്യാപ്പുകള്‍ എന്നിവ വീതവും 116 പ്രീസ്ട്രെസ്ഡ് ഗര്‍ഡറും നല്‍കിയിട്ടുണ്ട്. ഇതിന് മുകളില്‍ ആര്‍സിസി ഡെക്ക് സ്ലാബ് ആണുള്ളത്. ഇതിന് മുകളില്‍ മസ്റ്റിക് അസ്ഫാള്‍ട്ട് നല്‍കി ഉപരിതലം ബലപ്പെടുത്തിയ ശേഷം ബിറ്റുമിനസ് കോണ്‍ക്രീറ്റ് നല്‍കി ഉപരിതലം ഗതാഗത യോഗ്യമാക്കി. രണ്ട് അപ്രോച്ച് റോഡുകളും ബിഎംബിസി നിലവാരത്തില്‍ ആവശ്യമായ ഫിനിഷിങ്ങും നല്‍കിയിട്ടുണ്ട്. ഫ്‌ലൈഓവറിന് ഇരുവശത്തും ഓട്ടോമാറ്റിക് ലൈറ്റിങ്ങും ട്രാഫിക് സേഫ്റ്റി സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഫ്‌ലൈഓവറിന്റെ ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡുകളും ബിഎംബിസി നിലവാരത്തില്‍ നിര്‍മ്മിച്ച് ടൈല്‍ പാകി ഗതാഗതയോഗ്യമാക്കി.

ഫ്‌ലൈഓവറിന്റെ ഇടപ്പള്ളി ഭാഗത്ത് 7.5 മീറ്റര്‍ വീതിയില്‍ ഇരുവശത്തും സര്‍വീസ് റോഡുകള്‍ പുതുതായി നിര്‍മ്മിച്ചിട്ടുണ്ട്. പൊന്നുരുന്നി ഭാഗത്തുനിന്ന് ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്കായി സര്‍വീസ് റോഡിന് താഴെ ഇരുവശവും സ്ലിപ്പ് റോഡുകളും നിര്‍മിച്ചിട്ടുണ്ട്. ഫ്‌ലൈഓവറിന് താഴെ കടവന്ത്ര-തൃപ്പൂണിത്തുറ, ആലപ്പുഴ-തൃപ്പൂണിത്തുറ, ആലപ്പുഴ-വൈറ്റില ഹബ്ബ് എന്നീ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ സിഗ്‌നല്‍ സംവിധാനം വഴി നിയന്ത്രിക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker