KeralaNews

നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു,വിഎസ്എസ്സിയിലേക്ക് ഉപകരണങ്ങൾ കൊണ്ടുവന്ന കാർഗോ വാഹനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു

തിരുവനന്തപുരം: വിഎസ്എസ്സിയിലേക്ക് ഉപകരണങ്ങൾ കൊണ്ടുവന്ന കാർഗോ വാഹനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. കനത്ത പോലീസ് സുരക്ഷയിലാണ് റോക്കറ്റ് ലൗഞ്ചിങ് സ്റ്റേഷനിലേക്ക് വാഹനം എത്തിച്ചത്. രാവിലെ വാഹനം ഒരു കൂട്ടം പ്രദേശവാസികൾ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കിയിരുന്നു

ഉപകരണത്തിന്റെ കയ്യറ്റിറക്കിൽ നാട്ടുകാരായ തൊഴിലാളികളെ പങ്കാളികളാക്കണം എന്നും ഇതിന് കൂലി നൽകണം എന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാർ പ്രദേശത്ത് സംഘടിച്ചത്. എന്നാൽ പൂർണമായും യന്ത്ര സഹായത്തോടെ ഉപകരണം ഇറക്കുന്നതിനാൽ തൊഴിലാളികൾക്ക് കൂലി നല്കാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.

നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വിഎസ്എസ്സി അധികൃതർ പറഞ്ഞു. പൊലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്‍റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് അധികൃതർ പറയുന്നു.

പ്രതിഷേധക്കാരോട് കൃത്യമായി സംസാരിച്ചതാണെന്നും ജോലി ഇല്ലാതെ കൂലി കൊടുക്കാൻ കഴിയില്ലെന്നും പ്രോജക്ട് കൺസൾട്ടൻ്റ് രാജേശ്വരി പറഞ്ഞിരുന്നു. പൂർണമായും യന്ത്രസഹായത്തോടെയാണ് ഈ ഉപകരണങ്ങളുടെ കയറ്റിറക്ക് നടക്കുന്നത്, മൂന്നു പേരുടെ തൊഴിൽ സേവനം മാത്രമാണ് ആവശ്യമെന്ന് ഇവർ വ്യക്തമാക്കി.

നിലവിലെ സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിട്ടുണ്ടെന്നും ഇനിയും പ്രതിഷേധം ഉണ്ടാവുകയാണെങ്കിൽ വാഹനം ഉപേക്ഷിച്ചു പോവുകയല്ലാതെ വേറെ നിവർത്തിയില്ലെന്നുമാണ് പ്രോജക്ട് കൺസൾട്ടൻ്റ് പറയുന്നത്. അധികൃതരും പൊലീസും നാട്ടുകാരും തമ്മിൽ നടത്തിയ ചർച്ചയിൽ നാട്ടുകാരുടെ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. ഇതോടെ നാട്ടുകാർ പ്രതിഷേധം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇടപെട്ട് നടപടിയെടുക്കാൻ ജില്ലാ ലേബർ ഓഫീസർക്ക് തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker