തിരുവനന്തപുരം:സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ ഈ വർഷം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പ്രവാസി ഭാരതീയർക്ക് പേരു ചേർക്കാൻ അവസരം നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
സംസ്ഥാനത്തെ പ്രവാസി ഭാരതീയർ അവരുടെ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള മേൽവിലാസം ഉൾക്കൊള്ളുന്ന ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ വാർഡിലെ വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
കമ്മീഷൻ യോഗ്യതാ തീയതിയായി നിശ്ചയിച്ച ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സു പൂർത്തിയായതും വിദേശ രാജ്യത്ത് താമസിക്കുന്നതും ആ രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകർ. www.lsgelection.kerala.gov.in ൽ ഫാറം 4 എ യിൽ ഓൺലൈനായി വിവരങ്ങൾ നൽകി അവയുടെ പ്രിന്റ് എടുത്ത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാലിലൂടെയോ അയയ്ക്കണം.
അപേക്ഷയിൽ നൽകുന്ന പാസ്‌പോർട്ടിലെ വിവരങ്ങളുടെയും വിസ, ഫോട്ടോ എന്നിവ മുദ്രണം ചെയ്ത പേജുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി അയയ്ക്കണം. പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് വേണം അപേക്ഷ അയയ്‌ക്കേണ്ടത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ.
ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കു ലഭിക്കുന്ന അപേക്ഷകളിൽ അന്വേഷണം നടത്തി പട്ടികയിൽ പേരു ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പ്രവാസി ഭാരതീയരുടെ പട്ടിക പ്രത്യേകമായാണ് തയ്യാറാക്കുക.
പ്രവാസി ഭാരതീയരുടെ പട്ടികയിൽ പേരു ചേർക്കപ്പെടുന്നവർക്ക് പോളിംഗ് സ്റ്റേഷനിൽ നേരിട്ടെത്തി അസൽ പാസ്‌പോർട്ട് ഹാജരാക്കി വോട്ടു ചെയ്യാം.
തദ്ദേശ വോട്ടർപട്ടിക: പ്രവാസികൾക്ക് പേരു ചേർക്കാൻ അവസരം
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News