KeralaNews

‘എന്റെ പൊന്നോ! ജസ്റ്റ് മിസ്സ്’; ഇടുക്കിയിലെ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും കഷ്ടിച്ച് രക്ഷപ്പെട്ട് വ്‌ളോഗര്‍മാര്‍; വീഡിയോ

കൊച്ചി:കേരളത്തിലെ കനത്ത മഴ വിതച്ച നാശനഷ്ടങ്ങള്‍ പത്ര ദൃശ്യ മാധ്യമങ്ങളിലും മറ്റും കണ്ടതിന്റെ നടുക്കം വിട്ടു മാറിയിട്ടില്ല.
ഇപ്പോഴിതാ ഈ ദുരന്തങ്ങള്‍ ലൈവായി കണ്ടതിന്റെ അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് കുറച്ച്‌ വ്‌ളോഗര്‍മാര്‍. ഈ മാസം 16-ന് ഇടുക്കിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഞ്ചാരി (sanchari vlogger) എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടത്.

റൈഡ് പോയ ദിവസം തന്നെയായിരുന്നു ഇവര്‍ അപ്രതീക്ഷിതമായി ഉരുള്‍പൊട്ടലിന് നടുവില്‍ പെട്ടുപോയത്. ആവേശം കാണിക്കാനല്ല റൈഡിന് വന്നതെന്നും അപ്രതീക്ഷിതമായാണ് ഉരുള്‍പൊട്ടലുണ്ടായതെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

യാത്രയ്ക്കിടെ ഇടുക്കിയില്‍ മലയിടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പറയുന്നുണ്ട്. യാത്രയുടെ ഒരുഘട്ടത്തില്‍ റോഡിലേക്ക് ഉരുള്‍പൊട്ടിയിറങ്ങുന്നതും കാണാം. പിന്നീട് സുരക്ഷിതസ്ഥാനം തേടി റൈഡര്‍മാര്‍ പോവുകയായിരുന്നു.

റൈഡ് തുടങ്ങുമ്ബോള്‍ പ്രശ്‌നം ഇത്രയ്ക്ക് രൂക്ഷമായിരുന്നില്ല. കാലാവസ്ഥ പെട്ടന്നാണ് മാറിയത്. ഹൈവേയിലും മണ്ണിടിച്ചിലുണ്ടായിരുന്നു. തന്റെ മുന്നിലേക്കാണ് മല ഇടിഞ്ഞുവന്നത്. സ്ഥിരം റൈഡ് പോകുന്നതുകൊണ്ടുള്ള മനസാന്നിധ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. താഴെ മുഴുവന്‍ വഴി തടസ്സപ്പെട്ടിരുന്നതിനാല്‍ സുരക്ഷിതമായ ഒരു സ്ഥലം തേടി പോകുകയാണ് ചെയ്തത്. ഇപ്പോള്‍ എല്ലാവരും സുരക്ഷിതരാണെന്നും വ്‌ളോഗിനൊപ്പം ചേര്‍ത്തിരിക്കുന്നു.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് (Kerala Rains) സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും യെല്ലോ അലർട്ടാണ്. പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

20-10-2021 മുതൽ 22-10-2021 വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്തെ അണക്കെട്ടുകൾ തുറന്ന് തുടങ്ങി. ഇടുക്കി ചെറുതോണി അണക്കെട്ടും പമ്പ അണക്കെട്ടും ഇടമലയാറും ഇന്ന് തുറന്നു. മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം തുറന്നത്. മൂന്ന് തവണ മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയ ശേഷമാണ് മൂന്ന് ഷട്ടറുകളും തുറന്നത്. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. പിന്നാലെ നീരൊഴുക്ക് പരിഗണിച്ച് ഒരുമണിക്കൂറോളം പിന്നിട്ട ശേഷം നാലാമത്തെ ഷട്ടര്‍ തുറന്നു. ഇതിനെ പിന്നാലെ രണ്ടാം നമ്പര്‍ ഷട്ടറും തുറന്നത്. ഒരു സെക്കന്‍റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

ഇടുക്കി ഡാം തുറക്കുന്നതിനു മുൻപ് മുൻകരുതലായാണ് ഇടമലയാർ ഡാം തുറന്നത്. ഡാമിന്റെ രണ്ടു ഷട്ടറുകൾ 80 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയത്. ആശങ്കയുടെ സാഹചര്യം ഇല്ലെങ്കിലും നദി തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഡാം(Iduki dam) തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങളിലെ പുഴകളില്‍ മീന്‍ പിടിത്തം പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം.

വീഡിയോ, സെല്‍ഫി എടുക്കല്‍(Taking Selfie), ഫേസ്ബുക്ക് ലൈവ്(Facebook Live) എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രം ചിത്രീകരണം നടത്തേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker