തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നിര്‍മ്മാണം ലത്തീൻ സഭയുടെ സമരം മൂലം തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാൻ അദാനി ഗ്രൂപ്പിനെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി അദാനി പോര്‍ട്സ് ലിമിറ്റഡ് സിഇഒ രാജേഷ് ജാ വ്യാഴാഴ്ച ചർച്ച നടത്തുമെന്നാണ് സൂചന. സമരത്തിൻ്റെ പശ്ചാത്തലത്തിൽ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്ന് യോഗം ചര്‍ച്ച ചെയ്യും.
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം മൂലം 54 ദിവസമായി തുറമുഖ നിര്‍മ്മാണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തുന്നത്. സമരം മൂലം അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് നേരത്തെ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. തീര ജനതയോടുള്ള വെല്ലുവിളിയാണ് ഈ ശുപാര്‍ശയെന്ന് അതിരൂപത പ്രതികരിച്ചിരുന്നു.
വിഴിഞ്ഞം തുറമുഖ സമരം കാരണം ഇതുവരെ നൂറ് കോടിയുടെ നഷ്ടമുണ്ടായെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. സമരം തുടർന്നാൽ അടുത്ത വർഷവും തുറമുഖ നിർമാണം തീരില്ലെന്ന് അദാനി ഗ്രൂപ്പ് സർക്കാറിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എന്ത് വിട്ട് വീഴ്ചകൾ ചെയ്തും വിഴിഞ്ഞം പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.സമരസമിതിയുമായും കമ്പനിയുമായും ചർച്ചകൾ നടത്തും.സംസ്ഥാന താല്പര്യം സംരക്ഷിച്ചു മുന്നോട്ടു പോകും. സമരം നീണ്ടു പോകുമ്പോൾ അസംസ്‌കൃത വസ്തുക്കൾ എത്താൻ തടസങ്ങൾ നേരിടുന്നു .കാലതാമാസം വരും എന്ന കമ്പനി വാദം നിലവിലെ സാഹചര്യത്തിൽ മുഖവിലക്ക് എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം സമരം തുടങ്ങിയ ആഗസ്റ്റ് 16 മുതൽ ഇതുവരെ നഷ്ടം 100 കോടിയെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്.സാധാരണ മൺസൂൺ കാലത്ത് നിർമാണത്തിനായി കൊണ്ടുവരുന്ന ബാർജുകളും ടഗ്ഗുകളും തിരിച്ചയക്കുകയാണ് പതിവ്. എന്നാൽ പണി എത്രയും വേഗം പൂർത്തിയാക്കണം.എന്ന ലക്ഷ്യത്തോടെ ഇത്തവണ കൊല്ലം, തിരുവനന്തപുരം തീരങ്ങളിലായി ബാർജുകളും ടഗ്ഗുകളും നിലനിർത്തി.
ഈ ഇനത്തിൽ മാത്രം നഷ്ടം 59 കോടി.തൊഴിലാളികളുടെ ചെലവ്, നിർമാണസാമഗ്രികൾ തകർന്നത്തുടങ്ങി മറ്റ് നഷ്ടങ്ങൾ വേറെ.സമരം മൂലം കല്ലിടനാകുന്നില്ല. സ്വപ്ന പദ്ധതി കരാർ പ്രകാരം തീരേണ്ടത് 2019 ഡിസംബർ മൂന്നിന് .പല കാരണം കൊണ്ട് ഇത് നീണ്ട് നീണ്ട് പോയി . ഒടുവിൽ അടുത്ത വർഷം മെയ്യിൽ ആദ്യ ഘട്ടം തീർക്കണമെന്നായിരുന്നു ധാരണ.രണ്ട് മാസത്തോളം നിർമാണം നിലച്ചതോടെ ഇതും നടക്കില്ലെന്ന സൂചനയാണ് അദാനി ഗ്രൂപ്പ് അറിയിക്കുന്നത്.
സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഈ നഷ്ടകണക്ക്. അദാനി ഗ്രൂപ്പിന് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ അവര്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നൽകേണ്ടതായിട്ടുണ്ട്. ഇതേപോലെ അദാനി ഗ്രൂപ്പിന് നിര്‍മ്മാണം നടത്താൻ വേണ്ട സാഹചര്യം ഒരുക്കി നൽകിയില്ലെങ്കിൽ സര്‍ക്കാര്‍ തിരിച്ചും നഷ്ടപരിഹാരം നൽകണം എന്നാണ് കരാര്‍ വ്യവസ്ഥ.