വാഷിംഗ്ടണ്‍:ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ വിവേക് രാമസ്വാമിക്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമില്‍ അബദ്ധം പിണഞ്ഞു. ഇലോണ്‍ മസ്‌ക്, യുഎസ് കോണ്‍സ്പിരസി തിയറിസ്റ്റ് അലക്‌സ് ജോണ്‍സ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയ്ക്കിടെ ടോയ്‌ലറ്റില്‍ പോയ വിവേക് മൈക്ക് ഓഫാക്കാന്‍ മറന്നതാണ് അബദ്ധത്തിനിടയാക്കിയത്. 23 ലക്ഷം പേര്‍ കേള്‍വിക്കാരായി ഉണ്ടായിരുന്ന ചാറ്റിനിടെയാണ് വിവേകിന് ഇത്തരം ഒരു അബദ്ധം പറ്റിയത്.
ചര്‍ച്ചയില്‍ മസ്‌ക് സംസാരിച്ചുകൊണ്ടിരിക്കവെയാണ് തനിക്ക് പോവണം എന്ന് പറഞ്ഞുകൊണ്ട് വിവേക് രാമസ്വാമി ചര്‍ച്ചയില്‍ നിന്ന് ഇടവേളയെടുത്തത്. ഇന്‍ഫോവാര്‍സ് സ്ഥാപകനായ അലക്‌സ് ജോനസിനെ എക്‌സില്‍ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം പറയുകയായിരുന്നു മസ്‌ക്. ചര്‍ച്ച പുരോഗമിക്കുന്നതിനിടെ വെള്ളം വീഴുന്ന ശബ്ദം പലരും കേട്ടു. ആരോ മൂത്രമൊഴിക്കുകയാണെന്നും, മൈക്ക് ബാത്ത്‌റൂമില്‍ വെച്ചിരിക്കുകയാണെന്നും അലെക്‌സ് ജോനസ് ചൂണ്ടിക്കാട്ടി.
ചര്‍ച്ച സംഘടിപ്പിച്ച മാരിയോ നൗഫലാണ് വിവേകിന്റെ ഫോണില്‍ നിന്നാണ് ശബ്ദമെന്നും തനിക്ക് മ്യൂട്ട് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അറിയിച്ചത്. അബദ്ധം പറ്റിയത് അതിവേഗം തിരിച്ചറിഞ്ഞ വിവേക് തനിക്ക് പറ്റിയ അബദ്ധത്തില്‍ ക്ഷമാപണം നടത്തുകയും ചെയ്തു.
തുടര്‍ന്ന് ‘താങ്കള്‍ക്ക് ഇപ്പോള്‍ സുഖം തോന്നുന്നുവെന്ന് പ്രതീക്ഷിക്കുന്നു.’ എന്ന മസ്‌കിന്റെ ചോദ്യത്തിന് ‘നന്നായിരിക്കുന്നു, അതില്‍ ഞാന്‍ ക്ഷമചോദിക്കുന്നു’ എന്നായിരുന്നു വിവേകിന്റെ പ്രതികരണം.
എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധനേടുകയും ചിരിയുണര്‍ത്തുകയും ചെയ്തു. കേരളത്തിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകനാണ് 38 കാരനായ വിവേക് രാമസ്വാമി. 2024 നവംബര്‍ 5 നാണ് അടുത്ത യുഎസ് തിരഞ്ഞെടുപ്പ്.