വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാകുന്നു; ആമിര്‍ ഖാന്‍ അഭിനയിക്കണമെന്ന് താരം
കൊല്‍ക്കത്ത: മുന്‍ ലോക ചെസ്സ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാകുന്നു. ബുധനാഴ്ച കൊല്‍ക്കത്തയില്‍ വെച്ച് ആനന്ദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബയോപിക്കിന്റെ കാര്യത്തില്‍ താന്‍ സമ്മതം മൂളിയിട്ടുണ്ടെന്നും നേരത്തേ തന്നെ നിര്‍മാതാവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആനന്ദ് പറഞ്ഞു.
”തിരക്കഥയുമായി ബന്ധപ്പെട്ട ജോലികള്‍ ഉടന്‍ തന്നെ ആരംഭിക്കും. എന്നാല്‍ കൊവിഡ് കാരണം സിനിമയുമായി ബന്ധപ്പെട്ട ജോലികളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ഇനി എല്ലാം വളരെ വേഗം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ബയോപിക്കിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയാനാകില്ല.” ന്യൂസ് 18ന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആനന്ദ് വ്യക്തമാക്കി.
തനു വെഡ്സ് മനു എന്ന ചിത്രത്തിന്റെ സംവിധായകനായ ആനന്ദ് എല്‍ റായിയാകും തന്റെ ബയോപിക്കിന്റെ സംവിധാനം നിര്‍വഹിക്കുക എന്നറിയിച്ച ആനന്ദ് ആമിര്‍ ഖാന്‍ തന്റെ റോള്‍ അഭിനയിക്കണമെന്നാണാഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ചെസ്സ് ടൂര്‍ണമെന്റില്‍ പരിശീലകനായാണ് ആനന്ദ് കൊല്‍ക്കത്തയിലെത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ഞായറാഴ്ച വരെയാണ് ടൂര്‍ണമെന്റ്.