CricketEntertainmentNewsSports

വിരാട് കോലി – അനുഷ്ക ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു; വാമികയുടെ സഹോദരന്റെ പേരിതാണ്‌

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും ആൺകുഞ്ഞ് പിറന്നു. ഈ മാസം 15നാണ് കുഞ്ഞു പിറന്നതെങ്കിലും ഇന്നാണ് വിരാട് – അനുഷ്ക ദമ്പതികൾ ഇക്കാര്യം പരസ്യമാക്കിയത്. കുഞ്ഞിന് ‘അകായ്’ എന്നു പേരു നൽകിയതായും ഇരുവരും അറിയിച്ചു. തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് വിരാട് കോലി കുഞ്ഞു പിറന്ന കാര്യം ലോകത്തെ അറിയിച്ചത്. ഈ ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും കോലി അഭ്യർഥിച്ചു.

‘‘ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരൻ പിറന്ന കാര്യം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്പുന്ന സ്നേഹത്തോടും കൂടി ഞങ്ങൾ അറിയിക്കുന്നു’ – വിരാട് കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഈ നിമിഷത്തിൽ നിങ്ങളുടെ ആശംസകളും ആശീർവാദവും ഞങ്ങൾക്കുണ്ടാകണം. ഈ ഘട്ടത്തിൽ ഞങ്ങളുടെ സ്വകാര്യതയെ ഏവരും മാനിക്കണമെന്നും വിനയത്തോടെ അഭ്യർഥിക്കുന്നു. എല്ലാവരോടും സ്നേഹവും നന്ദിയും. വിരാട് ആൻഡ് അനുഷ്ക’ – കോലി കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിൽനിന്ന് കോലി പിൻമാറിയിരുന്നു. ഇതോടെ കോലി – അനുഷ്ക ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞു പിറക്കാൻ പോകുന്നുവെന്ന അഭ്യൂഹം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. കോലിയുടെ അടുത്ത സുഹൃത്തും ദക്ഷിണാഫ്രിക്കൻ താരവുമായ എ.ബി. ഡിവില്ലിയേഴ്സ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കില്ലെന്ന് പിന്നീട് ബിസിസിഐ വ്യക്തമാക്കുകയും ചെയ്തു.

2017ലാണ് നീണ്ട കാലത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിരാട് കോലിയും അനുഷ്ക ശർമയും വിവാഹിതരായത്. 2021 ജനുവരി ഒന്നിന് കോലി – അനുഷ്ക ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് പിറന്നു. മൂത്ത പെൺകുഞ്ഞിന് ഇരുവരും വാമിക എന്നാണ് പേരു നൽകിയത്. മൂത്ത കുഞ്ഞിന്റെ മൂന്നാം ജന്മദിനം ആഘോഷിച്ചതിനു തൊട്ടുപിന്നാലെയാണ് വാമികയുടെ ഇളയ സഹോദരന്റെ പിറവി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker