പാരീസ്: ഭാരക്കൂടുതലിനെത്തുടര്‍ന്ന് പാരീസ് ഒളിമ്പിക്‌സ് ഗുസ്തി ഫൈനല്‍ മത്സരത്തിന് അയോഗ്യത കല്‍പിക്കപ്പെട്ടതിനു ശേഷമുള്ള വിനയ് ഫോഗട്ടിന്റെ ആദ്യ ചിത്രം പുറത്ത്. ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ താരത്തെ സന്ദര്‍ശിക്കുന്നതാണ് ചിത്രം. ഭാരം കുറയ്ക്കുന്നതിനായി മുടി വെട്ടിക്കുറച്ച നിലയിലും സങ്കട മുഖഭാവത്തിലുമാണ് വിനേഷ് ഉള്ളത്. പാരീസിലെ ഒളിമ്പിക് വില്ലേജ് പോളി ക്ലിനിക്കില്‍നിന്നെടുത്തതാണ് ചിത്രം.
അയോഗ്യയായതിന്റെ നിരാശയില്‍ കഴിയുന്ന താരത്തെ പി.ടി. ഉഷ ആശ്വസിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഇരുവരെയും കാണാം. നേരത്തേ നിലവിലെ അവസ്ഥയുടെ നേരിട്ടുള്ള വിവരം തേടി പ്രശ്‌നപരിഹാരത്തിന് എല്ലാവഴികളും തേടാന്‍ ഉഷയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. അയോഗ്യയാക്കിയുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍, ലോക ഗുസ്തി സംഘടനയ്ക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്.
50 കിലോ വിഭാഗം ഗുസ്തിയില്‍ ഫൈനലിലെത്തിയിരുന്ന വിനേഷ് ഫോഗട്ടിന്, ഇന്ന് രാവിലെ നടത്തിയ ഭാര പരിശോധനയാണ് വിനയായത്. നൂറ് ഗ്രാം അധികം തൂക്കമുള്ളതിനാല്‍ ഫൈനല്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യയാക്കി. ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നിരിക്കുന്നത്.