‘ഹെല്‍ത്ത്കാര് വന്നു പറഞ്ഞു ചേച്ചി രണ്ടു പ്രസവമായപ്പോഴേ നിര്‍ത്താന്‍, പക്ഷേ എനിക്ക്പാലു വറ്റാന്‍ പാടില്ലെന്നാണയാളുടെ നിര്‍ബ്ബന്ധം’ കണ്ണിനെ ഈറന്‍ അണിയിക്കുന്ന കുറിപ്പ്
കടുത്ത പട്ടിണിയെ തുടര്‍ന്ന് നാലു മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ ശ്രീദേവി എന്ന അമ്മയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍ ശ്രീദേവിയെന്ന 29കാരി അമ്മ ഇക്കണ്ട കാലത്തിനിടയ്ക്ക് അനുഭവിച്ചു തീരാ വേദനകളെ കുറിച്ച് അധികമാരും ചര്‍ച്ചചെയ്യുന്നില്ല. അത്തരത്തില്‍ കരളലിയിക്കുന്ന വിനീത വിജയന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
കുറിപ്പ് വായിക്കാം
വഞ്ചിയൂര്‍ കൈതമുക്ക് റെയില്‍വേപുറമ്പോക്കു ഭൂമിയിലെ കുഞ്ഞുങ്ങളുടെ വീട്ടില്‍ പോയിരുന്നു.
മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളും രാഷ്ട്രീയക്കാരും വിവരമറിഞ്ഞെത്തിയ മറ്റുള്ളവരും തിങ്ങിനിറഞ്ഞ ആ കുടിലിലേക്ക് റോഡരികിലെ മതിലില്‍ നിന്ന് താഴേക്ക് ഊര്‍ന്നിറങ്ങിയാല്‍ മാത്രം പോകാനാവുന്ന ചെങ്കുത്തായ ഒറ്റയാള്‍ക്ക് മാത്രം നീങ്ങാന്‍ പറ്റുന്ന ഒരു വഴിയാണ് ഉള്ളത്.
പഴയ ഫ്‌ലക്‌സുംഷീറ്റും പട്ടിക കഷ്ണങ്ങളും സാരിയും ഒക്കെക്കുത്തിമറച്ച ഒരു ചായ്പ്, അതിലാണ് ശ്രീദേവി എന്ന ഇരുപത്തൊന്‍പതു വയസ്സുകാരിയായ അമ്മയും അവരുടെ ആറു കുഞ്ഞുങ്ങളും ഭര്‍ത്താവും അടക്കം താമസിക്കുന്നത്. ശ്രീദേവിയുടെ അമ്മയും അമ്മൂമ്മയും അടക്കമുള്ള മൂന്നു മുന്‍ തലമുറകളും അതേ റെയില്‍വേ പുറമ്പോക്കു ഭൂമിയിലാണ് പത്തു തൊണ്ണൂറു കൊല്ലക്കാലമായി കഴിഞ്ഞിരുന്നത്.
ചാനല്‍ വെട്ടങ്ങളുടെയും തിരക്കുകളുടെയും ഇടയില്‍ എന്നോട്, ശ്രീദേവി ഭയപ്പാടോടെ ചോദിച്ചത് ചേച്ചീ ഇതെല്ലാം കഴിഞ്ഞ്അയാള്‍ എന്നെ ഇതിന്റെ പേരില്‍ ഉപദ്രവിക്കുമോ, ചേച്ചി താഴേക്കു വരുമ്പോള്‍ അയാള്‍ റോഡിലുണ്ടായിരുന്നോ എന്നാണ് ? ഒന്നുമില്ല, ഒന്നും ചെയ്യില്ല എല്ലാവരും ഒപ്പമുണ്ട് വിഷമിക്കേണ്ട എന്നവളെ സമാധാനിപ്പിച്ചു അവള്‍ തുടര്‍ന്നു” കുഞ്ഞുങ്ങളെയുംഅയാള്‍ വല്ലാതെ ഉപദ്രവിക്കുന്നുണ്ട്, കുഞ്ഞുങ്ങളെ കാലില്‍ പിടിച്ച് നിലത്തടിക്കുക, പൊള്ളിക്കുക, മുറിവേല്‍പ്പിക്കുക, ഒക്കെയാണ്… മുറിവുകണ്ട് ടീച്ചര്‍മാര്‍ ചോദിച്ചപ്പോള്‍ ഏഴു വയസ്സുകാരനായ മൂത്ത മകനാണ് ടീച്ചര്‍മാരോട് അച്ഛന്റെ ഉപദ്രവം പറഞ്ഞത് ”മൂത്ത കുഞ്ഞിന് ഏഴുവയസ്സ്, പിന്നെ ആറ്, അഞ്ച്, നാല്, രണ്ട്, ആറു മാസം പ്രായമുള്ള കൈക്കുഞ്ഞ്… ശ്രീദേവിക്ക് വയസ്സ് ഇരുപത്തൊന്നുള്ളപ്പോഴായിരുന്നു വിവാഹം, എട്ടു വര്‍ഷം കൊണ്ട് ആറു പ്രസവം ! എന്നിലുമിളയവള്‍, അനുഭവിച്ച യാതനകളത്രയും അവളുടെ ശരീരത്തിലുണ്ട്. മുഖത്തുണ്ട്എന്തു പറയാനാണ്!
”പ്രസവം നിര്‍ത്താനോ മറ്റു ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനോ ഒന്നുംആരും പറഞ്ഞു തന്നില്ലേ മോളേ, ?” എന്റെ ചോദ്യത്തിന് അവള്‍ ശബ്ദം താഴ്ത്തിയാണ് മറുപടി പറഞ്ഞത്
”ഹെല്‍ത്ത്കാര് വന്നു പറഞ്ഞു ചേച്ചി രണ്ടു പ്രസവമായപ്പോഴേ നിര്‍ത്താന്‍, പക്ഷേ അയാള്‍ സമ്മതിച്ചില്ല. എനിക്ക്പാലു വറ്റാന്‍ പാടില്ലെന്നാണയാളുടെ നിര്‍ബ്ബന്ധം.. പേടിച്ചിട്ടാ ചേച്ചി, അയാള്‍ അറിയാതെ നിര്‍ത്തിയാല്‍ കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നെ ,തുടര്‍ച്ചയായുള്ള പ്രസവവും പട്ടിണിയും പാലൂട്ടലും അതിനു പുറമേ കുടിച്ചിട്ടു വന്നിട്ടുള്ള ഉപദ്രവവുംഎല്ലാത്തിനും ഇടയില്‍ എനിക്ക് കുഞ്ഞുങ്ങളെ നോക്കാനും അവര്‍ക്ക് ഭക്ഷണം തേടിക്കൊടുക്കാനും പറ്റില്ലല്ലോ, ഹെല്‍ത്തീന്ന് അമൃതം പൊടി കിട്ടും, അത് കുറുക്കിക്കൊടുക്കും, അയല്‍വക്കക്കാരും എന്തേലും തരും, അതു കൊണ്ട് എത്ര നാള്‍ മുന്നോട്ട് പോവും ,കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുവല്ലേ, വിശക്കില്ലേ, ഇനിയും പട്ടിണി കിടന്നാല്‍ അതുങ്ങള്‍ടെ ജീവന്‍ പോലും കിട്ടില്ല, അതാ ശിശുക്ഷേമ സമിതിനെ ഏല്‍പ്പിച്ചത്. ഇപ്പോഎനിക്ക് ജോലി തരാന്ന് പറയുന്നുണ്ട്, കൈക്കുഞ്ഞിനെക്കൊണ്ട് ജോലിക്ക് പോകാനൊക്കോ എന്നറിയില്ല, എനിക്ക് പോറ്റാന്‍ പറ്റുന്ന സ്ഥിതിയായാല്‍ കുഞ്ഞുങ്ങളെ തിരിച്ചു തരുമെങ്കില്‍ എനിക്കു വളര്‍ത്തണം, അവര്‍ നന്നായി വളരണം..”.
കുടിവെള്ളമോ ഉടുതുണിക്ക് മറുതുണിയോ ഇല്ലാത്ത ആ ദുരിതക്കൂരയില്‍ ഇന്നുവരെ മെഴുകുതിരി വെട്ടമല്ലാതെയിരുട്ടില്‍ മറ്റൊരു വെളിച്ചമുണ്ടായിട്ടില്ല. പതിവില്ലാത്ത ഒച്ചയനക്കങ്ങളിലും വെട്ടത്തിലും അസ്വസ്ഥതപ്പെട്ട് തുണിത്തൊട്ടിലില്‍ കിടന്ന് കൈക്കുഞ്ഞ് കരഞ്ഞു. കുഞ്ഞിനെ ചാനല്‍ മൈക്കുകള്‍ക്കിടയിലൂടെ എടുത്തു നിവര്‍ന്ന ശ്രീദേവിക്കു നേരേ ചാനല്‍ച്ചോദ്യം: ”കുഞ്ഞുങ്ങള്‍ പട്ടിണി കൊണ്ട് മണ്ണുവാരിത്തിന്നുന്നതായിട്ടുള്ള വാര്‍ത്ത സത്യമാണോ?”
അവര്‍ക്കു വിശപ്പു മാറാനുള്ള ഭക്ഷണം ഇവിടെ ഉണ്ടാവാറില്ല. വെറും പൂഴിയിലാണ് കുഞ്ഞുങ്ങള്‍ ഇരിപ്പും കിടപ്പും എല്ലാം. മണ്ണുവാരി വായില്‍ വെക്കാറുണ്ട്, വിശന്നിട്ടാവാം, കുഞ്ഞുങ്ങള്‍അല്ലാതെയുമെന്തുമെടുത്തു വായില്‍ വെക്കുമല്ലോ അങ്ങനെയുമാവാം”… എല്ലാ ദയനീയതകളോടെയും ചാനല്‍ വെളിച്ചങ്ങള്‍ക്കു മുന്നില്‍ നരകജീവിതത്തിന്റെ നേര്‍സാക്ഷ്യം പോലൊരു പെണ്ണും കുഞ്ഞുങ്ങളും നില്‍ക്കുമ്പോഴും സത്യത്തിന്റെ തോതുരച്ചു നോക്കുകയാണവര്‍ !
ആകട്ടേ… സത്യം സത്യമായി പറയേണ്ടതുണ്ടല്ലോ, അവര്‍ ചോദിച്ചു തന്നെ പറയട്ടേ!
പട്ടിക വിഭാഗത്തില്‍ പെടുന്ന കുടുംബമാണ് ശ്രീദേവിയുടേത്, പരിസര പ്രദേശത്തുള്ള മറ്റേഴു കുടുംബങ്ങളുമതേ. ആ വീടുകളുടെയും ഭൗതിക സാഹചര്യങ്ങള്‍ ശ്രീദേവിയുടെ കൂരക്ക് സമാനമാണ്… ഈ പുറമ്പോക്കു ഭൂമിയും ഈ മനുഷ്യരും കേരളം കേരളമായി രൂപപ്പെടും മുന്‍പുംതിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാന നഗരമായി മാറും മുന്‍പും ഇവിടെയുണ്ട്. കേരളം മാറിയിട്ടുണ്ട്, പക്ഷേ ഇവരുടെയോ ഇവരെപ്പോലനേകരുടെയോ ജീവിതങ്ങള്‍ മാറിയിട്ടില്ല, ഭരണ സിരാ കേന്ദ്രത്തിലായാലും കേരളത്തിലെവിടെയായാലും അവസ്ഥ സമാനമാണ്. കേരളത്തിലെ പട്ടിക /ആദിവാസിവിഭാഗങ്ങളില്‍ പെടുന്ന 73% മനുഷ്യരും ഇതേപോലെ, പന്നിക്കൂടുകള്‍ പോലുള്ള പുറമ്പോക്കുകളിലും ലക്ഷംവീട് കോളനികളിലുമായാണ് ജീവിക്കുന്നത്..
സാമൂഹ്യഅന്തസ്സിന്റെ അടിത്തറയായ ഭൂവധികാരത്തില്‍ നിന്ന് ബഹിഷ്‌കൃതരാക്കപ്പെട്ട അടിസ്ഥാന ജനതയ്ക്ക് കുടുംബാസൂത്രണത്തെപ്പറ്റിയും സന്മാര്‍ഗ്ഗജീവിതത്തെപ്പറ്റിയും ക്ലാസെടുക്കയാണ് ഇന്ന് പുരോഗമന കേരളം, അവരോടാണ് പറയാനുള്ളത്, ഈ മനുഷ്യര്‍ ജീവിക്കുന്നത് അവര്‍ ജീവിക്കാനാഗ്രഹിച്ച ജീവിതങ്ങളല്ല, പുഴുക്കളെപ്പോലിങ്ങനെ അവരരികു മാറ്റപ്പെട്ടതിന് ഉത്തരവാദികള്‍ ഭൂമിയുടെ അധികാരത്തില്‍ നിന്നവരെ കാലാകാലങ്ങളായി പുറത്തു നിര്‍ത്തുന്ന മാറി മാറി വന്നഭരണകൂടങ്ങളാണ്.നിസ്സഹായതകള്‍ക്ക് ഇരകളോട് വിശദീകരണമാവശ്യപ്പെടുന്നതും അവരെ വിമര്‍ശിക്കുന്നതും വിചാരണ ചെയ്യുന്നതും നെറികേടാണ്, തികഞ്ഞ വിവര ശൂന്യതയും!
ശ്രീദേവിക്കു വീടും, കുഞ്ഞുങ്ങള്‍ക്കു സുരക്ഷിത ഇടവും ഉറപ്പാക്കപ്പെട്ടതിന്റെ സന്തോഷത്തോടൊപ്പം, ഒന്നുറപ്പിച്ചു പറയുന്നൂ, സമാനമോ, അതിലും ദുരിതമയ മോ ആയ ലക്ഷക്കണക്കിന് പുറമ്പോക്കു ജീവിതങ്ങളിലേക്ക് ഭരണകൂടത്തിന്റെ കണ്ണുകള്‍, തിരിയുക തന്നെ വേണം.. അങ്ങനെയൊരു കേരളമുണ്ടായാല്‍ അന്നല്ലാതെ ഈ നമ്പര്‍ വണ്‍ എന്നാല്‍, ബിഗ്‌സീറോ മാത്രമാണ്!