റാഗിംഗില്‍ നിന്നും രക്ഷപ്പെടുത്തി, ശേഷം ജീവിതത്തിലേക്ക്; പ്രണയകഥ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍
പാട്ടുകാരനായെത്തി നായകനായും സംവിധായകനായും മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് വിനീത് ശ്രീനിവാസന്‍. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ‘കസവിന്റെ തട്ടമിട്ട്’ എന്ന ഗാനത്തിലൂടെയായിരുന്നു വിനീതിന്റെ സിനിമാ പ്രവേശനം. 2008ല്‍ പുറത്തിറങ്ങിയ ‘സൈക്കിള്‍’ എന്ന ചിത്രത്തിലൂടെ നായകനായും 2010ല്‍ റിലീസ് ചെയ്ത ‘മലര്‍വാടി ആര്‍ട്സ് ക്ലബി’.ലൂടെ സംവിധായകനായും വിനീത് മോളിവുഡില്‍ സ്ഥാനമുറപ്പിച്ചു.
ഇപ്പോഴിതാ താരം തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്. ചെന്നൈ കെ.സി.ജി കോളേജില്‍ പഠിക്കുമ്പോഴായിരുന്നു ഭാര്യ ദിവ്യയുമായി പ്രണയത്തിലാവുന്നതെന്ന് താരം പറയുന്നു.
‘ദിവ്യ എന്റെ ജൂനിയറായിരുന്നു. അവള്‍ കംപ്യൂട്ടര്‍ സയന്‍സും ഞാന്‍ മെക്കാനിക്കലുമായിരുന്നു. എന്റെ ക്ലാസിലുള്ള 2 കൂട്ടുകാര്‍ അവളെ റാഗ് ചെയ്യുകയായിരുന്നു. അവളോട് മലയാളം പാട്ട് പാടാനായിരുന്നു അവര്‍ പറഞ്ഞത്. തമിഴ് സ്റ്റുഡന്റ്സായിരുന്നു റാഗ് ചെയ്തുകൊണ്ടിരുന്നത്.
പെട്ടന്നവള്‍ക്ക് പാട്ടിന്റെ വരികളൊന്നും കിട്ടുന്നുണ്ടായിരുന്നില്ല. അപ്പോള്‍ എന്നെ വിളിച്ച് ഡേയ് മച്ചാ, ഒരു മലയാളം പാട്ട് സൊല്ലി കൊടെടാ എന്ന് പറഞ്ഞ് എന്റെ അടുത്തേക്ക് വിട്ടു. ഞാന്‍ ദിവ്യയോട് സീനിയേഴ്സ് നില്‍ക്കുന്ന സമയത്ത് ഓഡിറ്റോറിയത്തിന്റെ ഭാഗത്തേക്കൊന്നും വരണ്ട, ക്ലാസിലേക്ക് പോയ്ക്കോ എന്ന് പറഞ്ഞ് വിട്ടു. അങ്ങനെയാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്.
കോളേജിലെ മ്യൂസിക് ക്ലബിലും ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. കോളേജില്‍ ഒന്നിച്ച് പാട്ടൊക്കെ പാടിയിരുന്നു. അങ്ങനെ അങ്ങനെ അങ്ങനെയാണ് കല്യാണം വരെ എത്തി,’ വിനീത് പറയുന്നു. ഇതിന് മുന്‍പും തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും, എന്നാല്‍ അതൊക്കെ ചീറ്റിപ്പോയെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ക്യാംപസ് പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ഹൃദയമാണ് വിനീതിന്റെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.