KeralaNews

തല ചായ്ക്കാനിടമില്ല, പകല്‍ മുഴുവന്‍ പ്രായമായ അമ്മയെ ബൈക്കിന് പിന്നിലിരുത്തി ചുറ്റിത്തിരിയുന്ന മകന്‍; കെട്ടിട വരാന്തയില്‍ അന്തിയുറക്കം

പെരുമ്പാവൂര്‍: സ്വന്തമായി വീടില്ലാത്തതിനാല്‍ ബൈക്കില്‍ പകല്‍ മുഴുവന്‍ ചുറ്റിത്തിരിഞ്ഞ് ഒരു അമ്മയും മകനും. രാത്രി കെട്ടിടങ്ങളുടെ മുകള്‍ നിലയിലെ വരാന്തകളിലോ ഒഴിഞ്ഞ മുറികളിലോ ഉറങ്ങും. അങ്ങനെയാണ് ഓരോ ദിവസവും തങ്കമണിയും മകന്‍ വിനീതും തള്ളിനീക്കുന്നത്.

ഇരിങ്ങോള്‍ കുഴിപ്പിള്ളി (എടപ്പിള്ളിക്കുടി) പരേതനായ കെ.ജി.നീലകണ്ഠപ്പിള്ളയുടെ മകള്‍ തങ്കമണിയും (51) മകന്‍ വിനീതും (26) 2 വര്‍ഷമായി ഈ ജീവിതം തള്ളി നീക്കുന്നത് ഇത്തരത്തിലാണ്. വിമുക്തഭടനും വിഷവൈദ്യനും നിലത്തെഴുത്താശാനും ആയിരുന്നു നീലകണ്ഠപ്പിള്ള. നഗരസഭാ പരിധിയിലുള്ള ഇരിങ്ങോളില്‍ 3.5 ഏക്കര്‍ സ്ഥലം ഇദ്ദേഹത്തിനുണ്ടായിരുന്നു.

ഈ സ്ഥലത്ത് നെല്‍കൃഷിയും മറ്റു കൃഷികളുമുണ്ടായിരുന്നു. വീടും തൊഴുത്തുമൊക്കെയുള്ള പറമ്പായിരുന്നു ഇത്. 3 പെണ്‍മക്കളില്‍ ഇളയതാണ് തങ്കമണി. മൂത്ത സഹോദരിമാര്‍ അകാലത്തില്‍ മരിച്ചു. തങ്കമണിയുടെ ഭര്‍ത്താവ് സോമശേഖരന്‍ നായര്‍ അപകടത്തിലും മൂത്ത മകന്‍ വിബീഷ് രോഗ ബാധിതനായും മരിച്ചു.

കണ്ണായ സ്ഥലം പ്രതീക്ഷിച്ച വില ലഭിക്കാതെ വില്‍ക്കേണ്ടി വന്നതായി ഇവര്‍ പറയുന്നു. വിറ്റു കിട്ടിയ പണം കൊണ്ട് സ്ഥലവും വീടും വാങ്ങിയെങ്കിലും അതും വില്‍ക്കേണ്ടി വന്നു. അച്ഛന്റെ മരണ ശേഷം വാടക വീടുകളിലായി താമസം. വാടക കൊടുക്കാന്‍ നിവൃത്തിയില്ലാതായപ്പോള്‍ പിന്നീട് തെരുവിലായി ജീവിതം.

വിനീതിന് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രായമായ അമ്മയെ സുരക്ഷിതമായി താമസിപ്പിച്ചിട്ടു വേണം വിനീതിന് ജോലിക്കു പോകാന്‍. കടത്തിണ്ണകളില്‍ ഇരുത്തി എങ്ങനെ സമാധാനമായി പോകാന്‍ കഴിയുമെന്നാണ് ഈ മകന്റെ ചോദ്യം.

427 മാര്‍ക്കു വാങ്ങി എസ്എസ്എല്‍സി പാസായ വിനീതിനു പിന്നെ പഠിക്കാനായിട്ടില്ല. ഇന്ന് ആരാധനാലയങ്ങളില്‍ അടക്കം ലഭിക്കുന്ന സൗജന്യ ഭക്ഷണമാണ് ഇവരുടെ ആശ്രയം. ആഹാരം കിട്ടുന്ന സ്ഥലങ്ങളില്‍ എത്തിപ്പെടാനാണ് ബൈക്ക്. ആരെങ്കിലും സഹായിക്കുന്നതു കൊണ്ടാണ് ഇന്ധനം അടിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker