‘ആദ്യമായി വീട്ടിലേക്കെത്തുന്ന ട്രോഫി സംസ്ഥാന പുരസ്‌കാരമായിരിക്കും’- നന്ദി പറഞ്ഞ് വിൻസി അലോഷ്യസ്
കൊച്ചി:തന്റെ വീട്ടിലേക്കെത്തുന്ന ആദ്യത്തെ ട്രോഫി സംസ്ഥാന പുരസ്‌കാരമാകുമെന്ന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടി വിന്‍സി അലോഷ്യസ്. അവാര്‍ഡ് പ്രഖ്യാപനത്തെതുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിന്‍സി.
‘ഒത്തിരിയൊത്തിരി സന്തോഷം. ഒന്നും പറയാനില്ല. രേഖ എന്ന സിനിമക്കാണ് എനിക്ക് അവാര്‍ഡ് കിട്ടിയിരിക്കുന്നത്. രേഖ എന്ന സിനിമ എങ്ങനെ ആളുകളിലേക്ക് എത്തിക്കും എന്ന് വിചാരിച്ച് കുറേ സങ്കടപ്പെട്ടിട്ടുണ്ട് ഞാനും എന്റെ ടീമും. ഇപ്പൊ അത് കേരളം മൊത്തം അറിഞ്ഞിട്ടുണ്ടാകും. അതില്‍ ഹാപ്പി. സന്തോഷം. നന്ദി, രേഖയുടെ എല്ലാ ടീമിനും എന്നെ സെലക്ട് ചെയ്യാന്‍ മനസ്സുകാണിച്ച ജിതിന്‍, കോആക്ടര്‍ ഉണ്ണി, കൂടെനിന്ന എല്ലാവര്‍ക്കും നന്ദി.”- വിന്‍സി പറഞ്ഞു.
“ഓണ്‍ലൈന്‍ മീഡിയ എന്നെ സെലക്ട് ചെയ്യാറുണ്ട് എന്നല്ലാതെ ഒരു അവാര്‍ഡ് അല്ലെങ്കില്‍ ഒരു ട്രോഫി ഈ വീട്ടിലില്ല. ആദ്യത്തെ ട്രോഫി കേരള സംസ്ഥാന അവാര്‍ഡ് ആണ്. ഹാപ്പിയാണ്. ഒന്നും പറയാനില്ല. ഞാന്‍ അപ്പച്ചനോട് പറയുകയായിരുന്നു, ഭീമന്റെ വഴിയുടെ സമയത്ത് ചാക്കോച്ചനെ ഇവര്‍ കണ്ടിട്ടുണ്ട്. മമ്മൂക്കയെ കണ്ടിട്ടില്ല. അപ്പന്‍ മമ്മൂക്കയുടെ ഹാര്‍ഡ്കോര്‍ ഫാന്‍ ആണ്. ഇനിയിപ്പോള്‍ അവാര്‍ഡ് ഫങ്ഷന് പോകുമ്പോള്‍ അദ്ദേഹത്തെ നേരിട്ട് കാണാം.” – വിന്‍സി പറഞ്ഞു.
മകള്‍ക്ക് അവാര്‍ഡ് ലഭിച്ചതില്‍ വളരെ അധികം സന്തോഷമുണ്ടെന്ന് വിന്‍സിയുടെ പിതാവ് പറഞ്ഞു. ‘അവള്‍ അഭിനയിക്കാന്‍ പോവുന്നതില്‍ പണ്ട് എതിര്‍പ്പായിരുന്നു. പിന്നീട് കണ്ട് കണ്ട് കുഴപ്പമില്ലെന്ന് തോന്നി. ഇപ്പോള്‍ വലിയ സന്തോഷമായി’ -അദ്ദേഹം പ്രതികരിച്ചു.