അത് എനിക്ക് കിട്ടേണ്ട അടി ആയിരുന്നില്ല, കട്ട് പറഞ്ഞിട്ടും കഥാപാത്രത്തില്‍ നിന്നും പുറത്തു കടക്കാനാവാതെ നില്‍ക്കുകയായിരുന്നു ഗ്രേസ് ആന്റണി; വിന്‍സി അലോഷ്യസ്
നായിക നായകന്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് വിന്‍സി അലോഷ്യസ്. സുരാജ് വെഞ്ഞാറമൂട് ചിത്രം വികൃതി ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. കനകം കാമിനി കലഹം എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയ്ലറില്‍ അടി കിട്ടുന്ന രംഗത്തെ കുറിച്ച് പറയുകയാണ് താരം ഇപ്പോള്‍.
ഗ്രേസ് ആന്റണിയില്‍ നിന്നു തനിക്ക് കിട്ടേണ്ട തല്ലായിരുന്നില്ല അത് എന്ന് സിനിമ കാണുമ്പോള്‍ എല്ലാവര്‍ക്കും മനസിലാകും എന്നാണ് ആ രംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് വിന്‍സിയുടെ മറുപടി. ഗ്രേസ് ആന്റണിയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും വിന്‍സി പറയുന്നു. ഗ്രേസ് ശരിയ്ക്കും ആ കഥാപാത്രമായി ജീവിക്കുകയാണ് ചെയ്തത്.
അത്തരം സന്ദര്‍ഭങ്ങള്‍ ലൊക്കേഷനില്‍ ഉണ്ടായിട്ടുണ്ട്. ഒരു ഇമോഷന്‍ രംഗം ചെയ്ത് കഴിഞ്ഞ്. ഓകെ കട്ട് എന്ന് പറഞ്ഞ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തില്‍ നിന്നും പുറത്ത് കടക്കാന്‍ കഴിയാതെ ഗ്രേസ് നില്‍ക്കുന്ന ഒരു സംഭവം ഷൂട്ടിംഗിനിടയില്‍ ഉണ്ടായിരുന്നു. ഭയങ്കര ഡെഡിക്കേറ്റഡ് ആണ് ഗ്രേസ്.
തനിക്ക് തോന്നുന്നു താന്‍ കൊടുക്കുന്ന എഫേര്‍ട്ടിലും ഒരു 20 ശതമാനത്തില്‍ അധികം എഫേര്‍ട്ട് അവള്‍ കൊടുക്കുന്നുണ്ടെന്ന്. ഗ്രേസിന് അടുത്ത് നില്‍ക്കുമ്പോള്‍ നമുക്കും ആ ഒരു പവര്‍ അനുഭവപ്പെടും. ഷൂട്ടിംഗിന് ഇടയില്‍ നമ്മളെ സഹായിക്കുകയും ചെയ്യും. മികച്ച നടിയാണ് എന്നാണ് വിന്‍സി പറയുന്നത്.
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം ചിത്രത്തില്‍ റിസപ്ഷനിസ്റ്റായാണ് വിന്‍സി വേഷമിടുന്നത്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണി നായികയാകുന്നു. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നത്.