KeralaNews

വിമൽ കുമാറിന്‍റെ മരണകാരണം ഹൃദയസ്തംഭനം; ആരും ഉത്തരവാദിയല്ല, കേസെടുക്കുന്നില്ലെന്ന് പൊലീസ്

കൊച്ചി: എറണാകുളം ആലങ്ങാട് മർദ്ദനത്തിനിടെ കുഴഞ്ഞുവീണ് മരിച്ച വിമൽ കുമാറിന്‍റെ മരണകാരണം ഹൃദയസ്തംഭനമെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും സംഭവത്തില്‍ കേസെടുക്കുന്നില്ലെന്നും ആലുവ വെസ്റ്റ് പൊലീസ് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

ആലങ്ങാട് കൈപ്പടി ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കൊല്ലംപറമ്പില്‍ വീട്ടില്‍ വിമല്‍ കുമാർ (54 ) ആണ് മരിച്ചത്. മകനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് അക്രമി സംഘം വിമല്‍ കുമാറിനെ മര്‍ദ്ദിച്ചത്. ആലങ്ങാട് സ്വദേശികളായ നിധിനും തൗഫീഖുമാണ് വിമല്‍ കുമാറിന്‍റെ മകൻ രോഹിനെ മര്‍ദ്ദിച്ചത്. ഇത് കണ്ട് പിടിച്ചുമാറ്റാനായി വീട്ടില്‍ നിന്നും ഓടിയെത്തിയതാണ് വിമല്‍. ഇതിനിടെ യുവാക്കൾ വിമലിനെയും മർദ്ദിക്കുകയായിരുന്നു. അടിയേറ്റ് കുഴഞ്ഞ് വീണ വിമല്‍ കുമാറിനെ ഉടൻ തന്നെ പറവൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വിമല്‍ കുമാറിന് നേരത്തെ അസുഖമൊന്നുമില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. അതേസമയം, ആലങ്ങാട് പ്രദേശത്ത് ലഹരി സംഘങ്ങൾ സജീവമാണെന്നും യാതൊരു കാരണവുമില്ലാതെയാണ് വിമൽ കുമാറിനും മകനുമെതിരെ ആക്രമണം നടന്നതെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ആലങ്ങാട് സ്വദേശികളായ നിധിൻ, തൗഫീഖ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിമല്‍ കുമാറിനെ മരണകാരണം ഹൃദയ സ്തംഭനമാണെന്ന പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ പൊലീസ് ഇരുവരെയും വിട്ടയക്കുകയായിരുന്നു.

വര്‍ക്ക് ഷോപ്പ് ജീവനക്കാനരായിരുന്നു അമ്പത്തിനാലുകാരനായ വിമല്‍കുമാര്‍. ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുമുണ്ട്. അതേസമയം, ആലങ്ങാട് പ്രദേശത്ത് അടുത്തകാലത്തായി മദ്യ-മയക്ക് മരുന്ന് മാഫിയയുടെ പ്രവര്‍ത്തനം കൂടിവരികയാണ്. ഇത് സംബന്ധിച്ച് നിരവധി തവണ നാട്ടുകാര്‍ ആലങ്ങാട് പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button