KeralaNews

വിലങ്ങാട് ഉരുൾപ്പൊട്ടലിന് 100 ൽ അധികം പ്രഭവ കേന്ദ്രങ്ങൾ, ഡ്രോൺ പരിശോധനയിൽ കണ്ടെത്തൽ; വിദഗ്ധ സംഘം നാളെ എത്തും

കോഴിക്കോട്: വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിന് നൂറിൽ അധികം പ്രഭവ കേന്ദ്രങ്ങളെന്ന് കണ്ടെത്തൽ. ഡ്രോൺ പരിശോധനയിലാണ് ഉരുൾപൊട്ടലിന്റെ വ്യാപ്തി വ്യക്തമായത്. ഉരുൾപ്പൊട്ടലുണ്ടായ മേഖലയിൽ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി വിദഗ്ധ സംഘം നാളെ സ്ഥലത്ത് എത്തും.

മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് ഉരുൾപൊട്ടലിന്റെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോർട്ട് അവതരിപ്പിച്ചത്. ഡ്രോൺ ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയിൽ നൂറിലധികം പ്രഭവ കേന്ദ്രങ്ങളാണ് കണ്ടെത്തിയത്. അടിച്ചിപ്പാറ, മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, പാനോം ഭാഗങ്ങളിലാണ് സർവ്വേ പൂർത്തിയായത്.

ബാക്കി സ്ഥലങ്ങളിൽ സർവ്വേ നാളെയും തുടരും. ദുരന്തത്തെക്കുറിച്ച് സമഗ്രമായി പഠിക്കാൻ നാലംഗ വിദഗ്ധസംഘം നാളെ വിലങ്ങാട് എത്തും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് എത്തുന്നത്. ഉരുൾ പൊട്ടൽ സാധ്യതാ മേഖലകൾ സംഘം കണ്ടെത്തും. 

ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇവിടെ തുടര്‍ താമസം സാധ്യമാവുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഇതനുസരിച്ചാണ് പുനരധിവാസം സംബന്ധിച്ച് റിപ്പോർട്ടും തയ്യാറാക്കുക. വീടുകൾ തകർന്നതിന്റെ കണക്ക് ഈ മാസം പതിനേഴിനകം സമർപ്പിക്കാൻ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

പൂർണമായി തകർന്ന  15 വീടുകൾ ഉൾപ്പടെ 112 വീടുകൾ തകർന്നെന്നാണ് പ്രഥമിക കണക്ക്. 162 ഹെക്ടറിൽ കൃഷി നാശമുണ്ടായി. 225 കർഷകരെ ഉരുൾ പൊട്ടൽ ബാധിച്ചതായും പ്രാഥമിക റിപ്പോർട്ടിലുണ്ട്. പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനം എടുക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker