നടികർ സംഘം ഓഫീസ് നിർമാണത്തിന് ഒരുകോടി സംഭാവന നൽകി വിജയ്, നന്ദിയറിയിച്ച് വിശാൽ
ചെന്നൈ:തമിഴ് ചലച്ചിത്രതാര സംഘടനയായ നടികർ സംഘത്തിന്റെ ഓഫീസ് നിർമാണത്തിന് ഒരുകോടി രൂപ സംഭാവന ചെയ്ത് നടൻ വിജയ്. നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാലാണ് ഇക്കാര്യം അറിയിച്ചത്. എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിശാൽ വിജയ്ക്ക് നന്ദിയറിയിച്ചു.
നിങ്ങൾക്ക് നന്ദി എന്നത് രണ്ട് വാക്കുകൾ മാത്രമാണെന്ന് വിശാൽ പറഞ്ഞു. പക്ഷേ അദ്ദേഹം അത് സ്വന്തം ഹൃദയത്തിൽത്തട്ടിയാണ് ചെയ്തത്. പ്രിയപ്പെട്ട നടനും സഹോദരനുമായ വിജയ് യേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നടികർ സംഘം കെട്ടിടനിർമാണത്തിലേക്ക് അദ്ദേഹം ഒരുകോടി രൂപ സംഭാവന നൽകിയിരിക്കുന്നു.
നിങ്ങളുടെ പിന്തുണയും പങ്കാളിത്തവുമില്ലാതെ ആ കെട്ടിടം അപൂർണ്ണമാകുമെന്ന് എല്ലാവർക്കുമറിയാമായിരുന്നു. എത്രയും വേഗം അത് സാധ്യമാക്കാൻ ഇപ്പോൾ നിങ്ങൾ ഞങ്ങൾക്ക് ഇന്ധനം നൽകി സഹോദരാ എന്നാണ് വിശാൽ കുറിച്ചത്.
നേരത്തെ കമൽഹാസനും കെട്ടിട നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു. 2017ലാണ് നടികർ സംഘത്തിന്റെ ഓഫീസ് നിർമാണം ആരംഭിച്ചെങ്കിലും നിരവധി തിരിച്ചടികൾ നേരിട്ടിരുന്നു. ഇപ്പോഴിതാ തമിഴ് സിനിമയിലെ മുൻനിര താരങ്ങൾ കെട്ടിട നിർമാണത്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്.
തമിഴ് സിനിമാ മേഖലയിലെ അഭിനേതാക്കൾക്കായി രൂപീകരിച്ച യൂണിയൻ ഫിലിം ബോഡിയാണ് നടികർ സംഘം അഥവാ സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഇവർ ഒരു ഓഫീസ് കെട്ടിടം നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടം പണിയുമെന്ന വാഗ്ദാനവുമായാണ് അസോസിയേഷൻ്റെ നിലവിലെ ഭാരവാഹികൾ അധികാരമേറ്റത്.