vijay bab case:വിജയ് ബാബു ഇന്ന് നാട്ടിൽ എത്തില്ല,യാത്ര മാറ്റിയതായി ഹൈക്കോടതിയെ അറിയിച്ചു
കൊച്ചി : ബലാത്സംഗ കേസിൽ(rape case) പ്രതിയായ വിജയ് ബാബു(vijay babu) ഇന്ന് നാട്ടിൽ എത്തില്ല.യാത്ര മാറ്റിയതായി ഹൈക്കോടതിയെ (high court)അറിയിക്കും.മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം.
വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ എത്താതെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് കോടതി നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു. എന്നാൽ ഇടക്കാല ഉത്തരവ് വേണമെന്നാണ് വിജയ് ബാബുവിന്റെ വാദം. നിലവിൽ ദുബായിലുള്ള വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചുവരും എന്നായിരുന്നു ഹൈക്കോടതിയെ അറിയിച്ചിരുന്നതെങ്കിലും യാത്ര മാറ്റിയതായി അഭിഭാഷകൻ കോടതിയെ അറിയിക്കും.
വിമാനത്താവളത്തിൽ എത്തിയാൽ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് യാത്ര മാറ്റിയത്. നിയമത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്
ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് എന്നാണ് വിജയ് ബാബു കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. നടിയുമായുളള വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്‍റെ നിലപാട്.
2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സിസിടിവി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്.
ഏപ്രിൽ 14ന് നടി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിൽ വന്നിരുന്നു. പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപ്പെട്ടുവെന്നും വിജയ് ബാബു കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കാനാണ് ഏപ്രിൽ 24 ന് താൻ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു.